ഇതാ ഞാന്‍… കര്‍ത്താവിന്റെ ദാസി…

ദൈവിക പദ്ധതികളോട് കുറെ മനുഷ്യർ അനുസരണം പ്രഖ്യാപിച്ചപ്പോഴാണ് ക്രിസ്തുമസ് യാഥാർത്ഥ്യമായത്.

ദൈവിക പദ്ധതിയുടെ പൂർത്തീകരണത്തിനു വേണ്ടി യഹൂദ നിയമ പാരമ്പര്യത്തെയും, സ്വജീവിത സ്വപ്നങ്ങളെയും മറന്ന് മറിയത്തിൻ്റെ അനുസരണം….,
സ്വർഗത്തിൻ്റെ ദൂതിനോട് മറുതലിക്കാതെ ജോസഫിൻ്റെ അനുസരണം …,
തങ്ങളായിരിക്കുന്ന ജീവിതദുരിതങ്ങളെയും പകലിൻ്റെ അധ്വാനത്തെയും രാത്രിയുടെ ശൈത്യത്തെയും അവഗണിച്ച് ആട്ടിടയന്മാരുടെ അനുസരണം….,
സമൃദ്ധിയുടെയും സ്ഥാനമാനത്തിൻ്റെയും സിംഹാസനങ്ങളിൽ നിന്നും ജ്ഞാനികളുടെയും പൂജ രാജാക്കന്മാരുടെയും അനുസരണം…
സ്ഥിരതയോടെ ശോഭിച്ചിരുന്ന വിണ്ണിലെ നക്ഷത്രങ്ങളുടെ അനുസരണം…
അങ്ങനെ ഒരു പാട് പേര് ,
സ്വർഗത്തിൻ്റെ ദൂതിനോട് അനുസരണം
പ്രഖ്യാപിച്ചപ്പോൾ സംഭവിച്ച അത്ഭുതമാണ്
രക്ഷക ജനനം.

“കർത്താവിനെ അനുസരിച്ചിട്ട് ആരാണ് നിരാശരായത്?”

എല്ലാ സമ്പദ് സമൃദ്ധിയുടെയും നടുവിൽ നിന്നാണ് ഊർ എന്ന പട്ടണത്തിലെ ജീവിതത്തിനിടയിൽ ദൈവം അബ്രഹാമിനെ വിളിക്കുന്നത്.
വിളിച്ചവനോടുള്ള വിശ്വസ്തത നിലനിർത്തി കൊണ്ട് തന്നെ തൻ്റെ ദൈവവിളിയെ മറുചോദ്യങ്ങൾ ഉന്നയിക്കാതെ അബ്രഹാം യാത്ര പുറപ്പെട്ടു.( ഉത്പത്തി 12 :1-4 )
ഏക മകനെ ദൈവത്തിനു സമർപ്പിക്കാനാവശ്യപ്പെട്ടപ്പോഴും അബ്രഹാം ദൈവത്തെ അന്ധമായി വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തു.
അത് അവന് നീതികരണമായി കണക്കാക്കപ്പെട്ടു.
അബ്രാഹത്തെ വിശ്വാസികളുടെ പിതാവായി ദൈവം ഉയർത്തി.

മോശമുൻ കോപിയും കൊലപാതകിയും വിക്കനും ആയിരുന്നിട്ടും ദൈവം അവൻ്റെ കുറവുകളെ നോക്കാതെ, തൻ്റെ രക്ഷാകര പദ്ധതിക്ക് ചുക്കാൻ പിടിക്കാൻ അവനെ തിരഞ്ഞെടുത്തു. തൻ്റെ ബലഹീനതകളുടെ നടുവിലും മോശ ദൈവത്തെ അന്ധമായി അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്തു.
ചെങ്കടലിൻ്റെ വിഭജനവും മരുഭൂമിയിലെ പാറയിൽ നിന്ന് വെള്ളം പുറപ്പെടുവിച്ചതും പത്തു മഹാമാരികളും എല്ലാം ,
ദൈവത്തെ മോശ അന്ധമായി അനുസരിച്ചതിൻ്റെ ഫലമാണ്‌.

നിനിവേ നഗരത്തിൻ്റെ കടൽത്തീരത്ത് മീനിൻ്റെ വായിൽ നിന്ന് ചർദ്ദിലായി എത്തുന്നതു വരെ യോനാ ദൈവത്തെ അനുസരിച്ചിരുന്നില്ല.
എന്നാൽ പിന്നീടങ്ങോട്ട് തൻ്റെ അന്ധമായ ദൈവാനുസരണവും വിശ്വാസവും മൂലം, രണ്ടായിരത്തിലധികം വർഷങ്ങൾക്കിപ്പുറവും യോനാ തിരുവെഴുത്തിൻ്റെ താളുകളിൽ മനുഷ്യനു വലിയ ജീവിത പാഠങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ട്.

കാനായിലെ കല്യാണ വീട്ടിൽ കൽഭരണികളിൽ വെള്ളം നിറയ്ക്കാൻ ക്രിസ്തു ആവശ്യപ്പെട്ടു.
മുമ്പും പിമ്പും നോക്കാതെ പരിചാരകർ അനുസരിച്ചപ്പോൾ അത്ഭുതം കണ്ടു.

അഞ്ചപ്പം എടുത്തു വാഴ്ത്തിയിട്ടു ശിഷ്യരോട് പറഞ്ഞു ” വിളമ്പി തുടങ്ങുക ”
മറുത്തൊനും ചോദിക്കാതെ
അവർ അതനുസരിച്ച് വിളമ്പി.
അത്ഭുതം കണ്ടു.

പത്തു കുഷ്ട രോഗികളോട് പറഞ്ഞു
“പോയി നിങ്ങളെത്തന്നെ പുരോഹിതർക്ക്
കാണിച്ചു കൊടുക്കുക.”
ഒരത്ഭുതവും നടക്കാതിരുന്നപ്പോഴും അനുസരണത്തോടെ നടന്നു തുടങ്ങിയപ്പോൾ
അനുസരണത്തിൻ്റെ വഴിയിൽ അവർ
സുഖപ്പെട്ടു. അത്ഭുതം കണ്ടു.

ആഴത്തിലേക്കു നീക്കി വലയെറിയാൻ ആവശ്യപ്പെട്ടപ്പോൾ ശിഷ്യരനുസരിച്ചപ്പാഴും
അത്ഭുതം കണ്ടു.

“അനുസരണത്തിൽ അനുഗ്രഹമുണ്ട്.”

ഭൂമിയിൽ നമ്മൾ അനുസരിക്കാൻ കടപ്പെട്ടിരിക്കുന്ന മാതാപിതാക്കൾ, അധികാരികൾ, അഭിഷിക്തർ ‘ എന്നിവരോടൊക്കെ നമ്മൾ കാണിക്കുന്ന അനുസരണക്കേടിൻ്റെ ചങ്ങല
ക്രിസ്തുവിനോളം എത്തി നിൽക്കുന്നു.

അവൻ്റെ വചനങ്ങളോടും ദൈവ കല്പനകളോടും നിഷേധമാണ് ഈ തലമുറയ്ക്ക്…..!!!

ദൈവിക പദ്ധതികളോട് ചേർന്നു നിൽക്കുവാൻ…..
‘അനുസരണം’ എന്ന ക്രൈസ്തവ സുകൃതം
തിരുപ്പിറവിയുടെ ഓർമ്മകളിലൂടെ
നമുക്ക് സ്വന്തമാക്കാം…

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles