നല്ല നാളേയ്ക്കുവേണ്ടി നന്മകളെ നാവിലേറ്റുക…
സക്കേവൂസ് എന്ന ചുങ്കക്കാരനിൽ ലോകം ഒരു പിടിച്ചുപറിക്കാരനെ കണ്ടപ്പോൾ…, ക്രിസ്തു അവനിൽ ഒരു ദാനശീലനെ കണ്ടു.
പാപിനിയായ മറിയം മഗ്ദലനയിൽ ലോകം അശുദ്ധി മാത്രം കണ്ടപ്പോൾ ……
ക്രിസ്തു അവളിലെ വിശുദ്ധിക്കു വേണ്ടി ദാഹിക്കുന്ന ഹൃദയം കണ്ടു.
സമറായക്കാരി സ്ത്രീയിൽ ലോകം ഒരു ദുർനടപ്പുകാരിയെ കണ്ടപ്പോൾ…..
ക്രിസ്തു അവളിൽ തീക്ഷ്ണമതിയായ ഒരു സുവിശേഷകയെ കണ്ടു.
സഹജരിൽ നന്മ കാണാനുള്ള ഒരു കണ്ണും,
അതേറ്റു പറയാനൊരു നാവും നിനക്കുണ്ടോ…?
നീ അതു ചെയ്യുന്നുവെങ്കിൽ തീർച്ചയായും
നീ ഭൂമിയിലെ സമാധാന സ്ഥാപകനാണ്.
തനിക്കൊപ്പമോ തന്നേക്കാളും ഉയരത്തിലോ, ആരെയും വളരാൻ അനുവദിക്കാത്ത ഒരു മാനസിക ഭാവം നിന്നിലുണ്ടോ…?
ഓർക്കുക… നിൻ്റെ ആത്മീയ ജീവിതം പെരുന്തച്ചൻ്റെ ഉളി പോലെ മൂർച്ചയേറിയതാണ്.
ഈ സങ്കുചിത ചിന്ത നിങ്ങളെക്കുറിച്ചുള്ള ദൈവത്തിൻ്റെ പദ്ധതികളെ തകിടം മറിക്കും.
കാരണം…. വളർത്താൻ മനസ്സില്ലാത്തവൻ വളരാനും കഴിയാത്തവനാണ്…..!!
പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിച്ച ദൈവം തൻ്റെ സൃഷ്ടികർമ്മത്തിനു ശേഷം
സൃഷ്ടികളെ നോക്കി കണ്ടിട്ട് നടത്തിയ വിലയിരുത്തൽ ” എല്ലാം നന്നായിരിക്കുന്നു” എന്നാണ്.
ജീവിത വഴികളിൽ ചുറ്റുപാടുകളെ നോക്കി..,
സഹജീവിതങ്ങളെ നോക്കി…..
സ്വജീവിതത്തെ നോക്കി….
എല്ലാം നന്നായിരിക്കുന്നു ,എല്ലാം ശരിയാവും,
ഞാൻ / നീ അനുഗ്രഹിക്കപ്പെടും
എന്നൊക്കെ ഹൃദയപൂർവ്വം പറയാൻ ..
നന്മകളെ നാവിലേറ്റാൻ പഠിച്ചാൽ….
നിൻ്റെ ‘നാളെ ‘കൾ നന്മകളാൽ സമൃദ്ധമാകും.
ഏതൊരുവനും സ്വന്തം നന്‍മ കാംക്‌ഷിക്കാതെ അയല്‍ക്കാരന്റെ നന്മ കാംക്‌ഷിക്കട്ടെ.
( 1 കോറിന്തോസ് 10 : 24 )
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.