അസ്വസ്ഥതകളിലും… സ്വസ്ഥതയുടെ തിരി തെളിയിച്ചവര്‍…
അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്‌ഥലം ലഭിച്ചില്ല.
(ലൂക്കാ 2 : 7)
ഒത്തിരിയേറെ അസ്വസ്ഥതകൾക്കു നടുവിലേയ്ക്കായിരുന്നു യേശുവിൻ്റെ ജനനം.
ഗബ്രിയേൽ മാലാഖയിൽ നിന്ന് മംഗള വാർത്ത ലഭിച്ചപ്പോൾ,
ഈ അഭിവാദനത്തിൻ്റെ അർത്ഥമെന്തന്ന് ചിന്തിച്ച് മറിയം അസ്വസ്ഥയായി എന്ന് വചനം സാക്ഷ്യപ്പെടുത്തുന്നു.
താനുമായി വിവാഹ നിശ്ചയം കഴിഞ്ഞ മറിയത്തെ ഗർഭാവസ്ഥയിൽ, ആരുമറിയാതെ എങ്ങനെ അപമാനത്തിൽ നിന്നും രക്ഷപെടുത്താം എന്ന് ചിന്തിച്ച്
ജോസഫ് അസ്വസ്ഥനായി.
തൻ്റെ സ്വപ്നങ്ങളെ ദൈവത്തിൻ്റെ സ്വപ്നങ്ങളോട് ചേർത്തുവച്ചാണ് ജോസഫ് തൻ്റെ അസ്വസ്ഥതയെ സ്വസ്ഥമാക്കിയത്.
നിറവയറോടെ നസ്രത്തിലെ പട്ടണവാതിലുകളെല്ലാം മുട്ടിയിട്ടും,
തുറക്കാതിരുന്ന വാതിലുകൾക്കു മുമ്പിൽ ജോസഫും,
പ്രസവാരിഷ്ടതകളാൽ മറിയവും അസ്വസ്ഥരായി.
ഇത്രയേറെ
അസ്വസ്ഥതകൾ ഉണ്ടായിട്ടും, ഉദരത്തിലുള്ളത് ദൈവപുത്രനാണിതന്നറിഞ്ഞിട്ടും…
ദൈവസന്നിധിയിൽ പരാതികളോ
എതിർ ചിന്തയോ ഉന്നയിക്കാതെ ദൈവിക പദ്ധതികളോട് അവർ പൂർണ്ണമായും സഹകരിച്ചു.
യേശുവിൻ്റെ ജനന വാർത്തയറിഞ്ഞ് ഹേറോദേസും അസ്വസ്ഥനായി.
നിഷ്കളങ്കരായ കുഞ്ഞുങ്ങളെ കൊന്നൊടുക്കാൻ മാത്രം ക്രൂരമായി ആ അസ്വസ്ഥത വളർന്നു.
മനുഷ്യൻ അവൻ്റെ സ്വഭാവത്താൽത്തന്നെ അക്ഷമനാണ്.
ചോദിക്കുന്ന കാര്യങ്ങൾ ഉടനെ കിട്ടണമെന്നാണ് അവൻ്റെ ആഗ്രഹം.
ലഭിച്ചില്ലങ്കിൽ അവൻ അസ്വസ്ഥനും നിരാശനുമാകും. അവൻ്റെ വിശ്വാസവും ക്ഷയിച്ചു പോകും. തൻ്റെതായ സ്വാർത്ഥതാൽപര്യങ്ങൾക്കു വേണ്ടി ചിലപ്പോൾ കൊല്ലാനും അവൻ മടി കാണിക്കില്ല.
ഓരോ അനുഗ്രഹവും മനുഷ്യനു നല്കുവാനായി ദൈവം കണ്ടെത്തിയിരിക്കുന്ന ഒരു സമയമുണ്ട്.
ആ സമയം വരെ ക്ഷമാപൂർവ്വം കാത്തിരിക്കുന്ന ഒരു വിശ്വാസിക്ക് അവിടുന്ന് തൻ്റെ സമയത്ത് നൽകുന്ന അനുഗ്രഹങ്ങൾ വിസ്മയാവഹമാണ്.
മനുഷ്യനു മുൻപേ നടന്ന് അവൻ്റെ പാതകളെ നേരെയാക്കുന്ന ഒരു ദൈവമാണ് നമ്മുടേത്.
അതിനാൽ പ്രശ്നങ്ങളിൽ നിന്ന് മുഖമുയർത്തി പ്രശ്നപരിഹാര കനിലേക്ക്
നോക്കുകയാണ് സർവ്വ പ്രധാനമായ കാര്യം.
കർത്താവിൽ പൂർണമായി ആശ്രയിക്കുന്നവർ ഒരു കാലത്തും ലജ്ജിക്കേണ്ടി വരുകയില്ല.
അസ്വസ്ഥതകളെ ദൈവീക പദ്ധതിയുടെ ഭാഗമായി കാണാൻ ….
അസ്വസ്ഥതകൾക്കു നടുവിലും സ്വസ്ഥതയുടെ തിരി തെളിക്കാൻ….
ഈ ‘ക്രിസ്തുമസ് അസ്വസ്ഥത ‘
കളെക്കുറിച്ചുള്ള ധ്യാനം
നിന്നെ സഹായിക്കും.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.