സഹനകാലങ്ങളെ സങ്കീര്‍ത്തനങ്ങളാക്കൂ.
ഗോലിയാത്ത് എന്ന മല്ലനെ വധിച്ചു വിജയശ്രീലാളിതനായി വരുന്ന ദാവീദിനെ അന്തപുര സ്ത്രീകൾ വാഴ്ത്തി പാടി
“സാവൂൾ ആയിരങ്ങളെ വധിച്ചു.
ദാവീദ് പതിനായിരങ്ങളെയും ”
ഇതേ തുടർന്നുണ്ടായ സാവൂളിലെ അസൂയയുടെപേരിൽ ദാവീദു വേട്ടയാടപ്പെട്ടത് നീണ്ട 15 വർഷമാണ്.
മരുഭൂമിയിൽ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്ന…..,
വേട്ടയാടപ്പെട്ടതിനാൽ ഗുഹകളിൽ പോയി മറഞ്ഞിരിക്കണ്ടി വന്ന……..,
സംരക്ഷണാർത്ഥം പാറപ്പുറത്ത് കയറി നിൽക്കണ്ടി വന്ന ………ഒരു മനുഷ്യൻ്റെ
ഹൃദയത്തിൽ നിന്നുതിർന്ന…….
സങ്കട ഗീതങ്ങളാണ് ഇന്ന് നാം വായിച്ച് അഭിഷേകം പ്രാപിക്കുന്ന സങ്കീർത്തനങ്ങൾ .
ചതയ്ക്കപ്പെട്ട ഒരു ജീവിതത്തിൽ നിന്ന്
തൻ്റെ സഹനകാലങ്ങളെ ദാവീദ് സങ്കീർത്തനങ്ങളാക്കി മാറ്റിയപ്പോൾ
‘എൻ്റെ ഹൃദയത്തിനിണങ്ങിയവൻ’ എന്ന് ദൈവം കൈയ്യൊപ്പുവച്ച ജീവിതം
ഓരോ വിരുന്നിൻ്റെയും പിന്നാമ്പുറത്ത് കത്തിഎരിഞ്ഞടങ്ങിയ വിറകുകൾ ഉണ്ടെന്ന് മറക്കരുത്.
ജീവിതയാത്രയിൽ ഏതെങ്കിലും കാരണങ്ങളെ പ്രതി ആരുടെയൊക്കെയോ കരങ്ങളാൽ നീ വേട്ടയാടപ്പെടുന്നുണ്ടെങ്കിൽ തിരിച്ചറിയുക ….
സഹനത്തിൻ്റെ തീച്ചൂളയിലാണ് നിൻ്റെ മേൽ
വർഷിക്കപ്പെട്ട കൃപകൾ ജ്വലിക്കുന്നതും പക്വത പ്രാപിക്കുന്നതും.
ദുരിതകാലങ്ങൾ നിന്നിലെ അഭിഷേകത്തെ പാകപ്പെടുത്തുന്നു എന്ന തിരിച്ചറിവ്
സ്വജീവിതത്തെ അപരനു മുമ്പിൽ ഒരു സങ്കീർത്തനമായി സമർപ്പിക്കുവാൻ നിന്നെ സഹായിക്കും.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.