ബെംഗലൂരുവില്‍ ക്രിസ്തുവിന്റെ തിരുസ്വരൂപം ജെസിബി ഉപയോഗിച്ച് നീക്കി
ബെംഗലൂരു: ബെംഗലൂരുവിലെ ദോദസാഗര്‍ഹള്ളി ഗ്രാമത്തില്‍ മഹിമ ബേട്ടായില്‍ സ്ഥാപിച്ചിരുന്ന ക്രിസ്തുവിന്റെ തിരുസ്വരൂപം പോലീസ് നീക്കം ചെയ്തു. തിരുസ്വരൂപം നീക്കം ചെയ്തതിനെതിരെ ക്രിസ്ത്യാനികളുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉയരുകയാണ്.
‘ചില സ്ഥാപിത താല്പര്യക്കാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പോലീസ് ബലം പ്രയോഗിച്ച് യേശുവിന്റെ തിരുസ്വരൂപം നീക്കം ചെയ്തത്. ഇത് വളരെ സങ്കടകരമാണ്.’ ബെംഗലൂരു ആര്‍ച്ചുബിഷപ്പ് പീറ്റര്‍ മച്ചാഡെ പറഞ്ഞു.
യേശുവിന്റെ രൂപം നീക്കം ചെയ്തത് ഗ്രാമങ്ങളിലെ മതസൗഹാര്‍ദത്തിന് കളങ്കം വരുത്തുന്ന നടപടിയായിപ്പോയെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. ‘ഭരണഘടന അനുവദിച്ചിരിക്കുന്ന മതസ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണിത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ അന്വേഷിക്കട്ടെ’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രാമങ്ങളുടെ ജനങ്ങള്‍ അഡ്മിനസ്ട്രേറ്റീവ് ഓഫീസറുടെയും പോലീസ് അധികാരികളുടെയും മുന്നില്‍ വച്ച് ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനകള്‍ തങ്ങള്‍ക്ക് യാതൊരുവിധ ശല്യവും ഉണ്ടാക്കുന്നില്ലെന്ന് പരസ്യമായിവ്യക്തമാക്കിയതാണ്. എന്നിട്ടും പുറത്തുള്ളവര്‍ ഇടപെട്ട് മതസൗഹാര്‍ദം തകര്‍ക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത് അപലപനീയമാണെന്ന് ആര്‍ച്ചുബിഷപ്പ് പറഞ്ഞു.