രക്ഷ ക്രിസ്തുവിലൂടെ മാത്രം

നമ്മൾ രക്ഷ പ്രാപിക്കുന്നത് നമ്മുടെ പ്രവർത്തികളുടെ ഫലമായി , നിയമത്തിന്റെ അനുഷ്ഠാനത്തിലൂടെയാണോ? ക്രിസ്തുവിലൂടെയാണോ?
കാൽവരി കുരിശിൽ ക്രിസ്തു എല്ലാ നിയമങ്ങളെയും പൂർത്തിയാക്കി.. ഈശോ നിയമത്തെ അസാധുവാക്കാനല്ല പൂർത്തിയാക്കാനാണ് വന്നത്…കൊല്ലുന്നവൻ ന്യായവിധിക്ക് അർഹനാകും എന്ന നിയമത്തെ വിശദീകരിച്ചു തരുമ്പോൾ ഈശോ പറയുന്നു “സഹോദരനോട് കോപിക്കുന്നവൻ ന്യായവിധിക്ക് അർഹനാകും, സഹോദരനെ വിഡ്ഢി എന്ന് വിളിക്കുന്നവൻ നരകാഗ്നിയ്ക് ഇരയാകും”..നിയമത്തിലൂടെ രക്ഷ പ്രാപിക്കാൻ ആഗ്രഹിക്കുന്നവർ അത് എത്ര മാത്രം തീക്ഷ്ണതയോടെ അനുസരിക്കേണ്ടിയിരിക്കുന്നു എന്ന് ഈശോ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു…..
സ്വന്തം പരിശ്രമത്തിലൂടെ സ്വന്തം കഴിവിൽ ആശ്രയിച്ച് പാപം ചെയ്യാതിരിക്കാൻ എത്ര ശ്രമിച്ചാലും പാപം നമ്മളെ കീഴ്പെടുത്തും..എന്നാൽ നമ്മുക്ക് വേണ്ടി പാപപരിഹാര ബലിയായി തീർന്ന ഈശോയിൽ ആശ്രയിച്ച് മുന്നോട്ട് പോകുമ്പോൾ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുമ്പോൾ ദൈവസ്നേഹത്തിന്റെ നിയമത്തിലൂടെ പാപത്തിന്റെ നിയമത്തിൽ നിന്നും നാം മോചിതരാകുന്നു.. പാപികളായ നമുക്ക് വേണ്ടി പാപം എന്തെന്നറിയാത്ത ഈശോ ബലിയായി മാറിയപ്പോൾ എല്ലാ ലിഖിത നിയമങ്ങളും കുരിശിൽ പൂർത്തിയായി.. സ്നേഹത്തിന്റെ നിയമത്തിലേയ്ക് ഈശോ നമ്മളെ കൈപിടിച്ച് ഉയർത്തി…
സത്യമായി ഞാന് നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്ക്കു മുമ്പേസ്വര്ഗരാജ്യത്തില് പ്രവേശിക്കുക. (മത്തായി 21 : 31)
തങ്ങൾ ബലഹീനരായ മനുഷ്യരാണ് എന്ന ബോധ്യത്തോടെ തങ്ങളുടെ പ്രവർത്തികളിൽ ആശ്രയിക്കാതെ ദൈവത്തിന്റെ സ്നേഹത്തിലും അനന്തമായ കരുണയിലും ആശ്രയിച്ച് വിശുദ്ധ കുരിശോട് ചേർന്ന് നില്ക്കുന്ന ഏതൊരു വ്യക്തിയും ഈശോയിലൂടെ രക്ഷ പ്രാപിക്കും…
നിയമത്തിലെ അതിപ്രധാനമായ കൽപ്പന ഏതാണ് എന്ന നിയമപണ്ഡിതന്റെ ചോദ്യത്തിന് ഈശോ നല്കിയ ഉത്തരം വിശുദ്ധ ഗ്രന്ഥത്തിൽ നാം കാണുന്നുണ്ട്.
അവന് പറഞ്ഞു: നീ നിന്റെ ദൈവമായ കര്ത്താവിനെ പൂര്ണ ഹൃദയത്തോടും പൂര്ണാത്‌മാവോടും പൂര്ണമനസ്‌സോടുംകൂടെ സ്‌നേഹിക്കുക.
ഇതാണ്‌ പ്രധാനവും പ്രഥമവുമായ കല്പന.
രണ്ടാമത്തെ കല്പനയും ഇതിനുതുല്യം തന്നെ. അതായത്‌, നിന്നെപ്പോലെ നിന്റെ അയല്ക്കാരനെയും സ്‌നേഹിക്കുക.
ഈ രണ്ടു കല്പനകളില് സമസ്‌ത നിയമവുംപ്രവാചകന്മാരും അധിഷ്‌ഠിതമായിരിക്കുന്നു.
മത്തായി 22 : 37-40
സകല നിയമവും പ്രവാചകന്മാരും അധ്ഷ്ടിതമായിരിക്കുന്നത് സ്നേഹത്തിന്റെ നിയമത്തിലാണ്..ദൈവത്തിന് നമ്മോടുള്ള അളവില്ലാത്ത സ്നേഹം, കാൽവരി കുരിശിലെ സ്നേഹം, ആ സ്നേഹത്തിൽ വേരുപാകി അടിയുറക്കുമ്പോൾ, പൂർണ്ണഹൃദയത്തോടെയും പൂർണ്ണ മനസ്സോടെയും പൂർണ്ണ ആത്മാവോടെയും ദൈവപിതാവിനെ സ്നേഹിക്കാനും , മറ്റുള്ളവരിൽ ഈശോയെ കണ്ട് കൊണ്ട് അവരെ സ്നേഹിക്കാനും നമ്മുക്ക് കഴിയും..
പ്രിയപ്പെട്ടവരേ, നമുക്കു പരസ്‌പരം സ്‌നേഹിക്കാം; എന്തെന്നാല്, സ്‌നേഹം ദൈവത്തില്നിന്നുള്ളതാണ്‌. സ്‌നേഹിക്കുന്ന ഏവനും ദൈവത്തില്നിന്നു ജനിച്ചവനാണ്‌; അവന് ദൈവത്തെ അറിയുകയും ചെയ്യുന്നു.
സ്‌നേഹിക്കാത്തവന് ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്‌നേഹമാണ്‌.
തന്റെ ഏകപുത്രന് വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയ ച്ചു. അങ്ങനെ, ദൈവത്തിന്റെ സ്‌നേഹം നമ്മുടെയിടയില് വെളിപ്പെട്ടിരിക്കുന്നു.
നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെസ്‌നേഹിക്കുകയും നമ്മുടെ പാപങ്ങള്ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്‌ക്കുകയും ചെയ്‌തു എന്നതിലാണ്‌ സ്‌നേഹം. (1 യോഹന്നാന് 4 : 7-10)
നമ്മുടെ രക്ഷ നമ്മുടെ പ്രവർത്തിയുടെ ഫലമല്ല, അത് ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിന്റെ ഫലമാണ്.. നാം എത്ര മാത്രം ദൈവസ്നേഹത്തെ തിരിച്ചറിയുന്നുവോ, കാൽവരി കുരിശിൽ നടന്നത് എന്താണെന്നുളള തിരിച്ചറിവിലേക്ക് എത്ര മാത്രം കടന്നു വരുന്നോ, അത്രയും നമ്മൾ ക്രിസ്തുവുമായി അനുരൂപപ്പെടും..
ഞാന് ക്രിസ്‌തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല് ഞാനല്ല ജീവിക്കുന്നത്‌, ക്രിസ്‌തുവാണ്‌ എന്നില് ജീവിക്കുന്നത്‌. എന്റെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്‌നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്പ്പിക്കുകയും ചെയ്‌ത ദൈവപുത്രനില് വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്‌. (ഗലാത്തിയാ 2 : 20)
ക്രിസ്തു നമ്മിൽ ജീവിക്കുമ്പോൾ , ഈശോയുടെ ദിവ്യ സ്വഭാവം നമ്മിൽ നിറയപ്പെടുമ്പോൾ നമ്മുടെ പ്രവർത്തികളെല്ലാം നമ്മുടെ രക്ഷയ്ക്കായി സ്വന്തം പുത്രനെ പോലും നമ്മുക്ക് ദാനമായി തന്ന നല്ല അപ്പന് നന്ദി അർപ്പിച്ചു കൊണ്ട്, ദൈവമഹത്വത്തിനായിത്തീരും.
“എന്റെ പാപങ്ങൾക്ക് എനിക്ക് ലഭിക്കേണ്ടിയിരുന്ന ശിക്ഷ എന്നോടുള്ള സ്നേഹത്തെ പ്രതി സ്വന്തം ശരീരത്തിൽ ഏറ്റെടുത്തുകൊണ്ട് എന്നെ എല്ലാ പാപങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ശാപങ്ങളിൽ നിന്നും മോചിപ്പിച്ച ഈശോ .. ” കുരിശ് രൂപത്തിലേക്ക് നോക്കുമ്പോൾ നമ്മുടെ മനസ്സിൽ നിറയേണ്ടത് ഈ ബോധ്യമാണ്…ഈ വിശ്വാസം ഹൃദയത്തിൽ ഏറ്റെടുക്കുന്ന വ്യക്തി വിശ്വാസത്താലെ നീതികരിക്കപ്പെടുന്നു…
ആകയാല്, വിശ്വാസമുള്ളവര് വിശ്വാസിയായ അബ്രാഹത്തോടൊത്ത്‌ അനുഗ്രഹം പ്രാപിക്കുന്നു. (ഗലാത്തിയാ 3 : 9
ഒരുവനും ദൈവസന്നിധിയില് നിയമംവഴി നീതീകരിക്കപ്പെടുന്നില്ല എന്നു വ്യക്‌തമാണ്‌. എന്തെന്നാല്, നീതിമാന് വിശ്വാസംവഴിയാണു ജീവിക്കുക. (ഗലാത്തിയാ 3 : 11)
അബ്രഹത്തിന് ലഭിച്ച വാഗ്ദാനം ക്രിസ്തു വഴി ജാതിമത ഭേദമന്യേ സകലരിലേക്കും കടന്നു വരണമെന്ന് ദൈവപിതാവ് ആഗ്രഹിക്കുന്നു…
അബ്രാഹത്തിനു ലഭിച്ചഅനുഗ്രഹം യേശുക്രിസ്‌തുവഴി വിജാതീയരിലേക്കും വ്യാപിക്കേണ്ടതിനും ആത്മാവിന്റെ വാഗ്‌ദാനം വിശ്വാസം വഴി നമ്മള് പ്രാപിക്കേണ്ടതിനും ആണ്‌ ഇപ്രകാരം സംഭവിച്ചത്‌. (ഗലാത്തിയാ 3 : 14)
വാഗ്ദാന പ്രകാരമുള്ള സന്തതിയായ ക്രിസ്തു ജനിക്കുന്നത് വരെ പാപങ്ങൾ നിമിത്തം നിയമം നൽകപ്പെട്ടു..ക്രിസ്തുവിലുള്ള വിശ്വാസത്തിലേക്ക് കടന്നു വരുന്നത് വരെ നമ്മൾ നിയമത്തിൻ്റെ കാവലിൽ ആയിരുന്നു..എന്നാൽ കാൽവരി ബലിയെ മനസ്സിലാക്കി വിശ്വാസത്തിൽ ആഴപെടുന്നവൻ ക്രിസതു വഴി വാഗ്ദാനം പ്രാപിക്കുന്നു…
ഒരുവൻ അവസാന നിമിഷമെങ്കിലും കുരിശിലേയ്ക് നോക്കി ഈശോയുടെ സ്നേഹം മനസ്സിലാക്കിയാൽ അവൻ പറുദീസായിൽ ആയിരിക്കും എന്ന് നല്ല കള്ളന് പറുദീസാ വാഗ്ദാനം ചെയ്ത് കൊണ്ട് ഈശോ പറഞ്ഞു തരുന്നു…
തന്നിമിത്തം നമ്മള് വിശ്വാസത്താല് നീതീകരിക്കപ്പെടേണ്ടതിന്‌, ക്രിസ്‌തുവിന്റെ ആഗമനംവരെ നിയമം നമ്മുടെ പാലകനായിരുന്നു.
ഇപ്പോഴാകട്ടെ, വിശ്വാസം സമാഗതമായ നിലയ്‌ക്ക്‌ നമ്മള് പാലകന്‌ അധീനരല്ല.
(ഗലാത്തിയാ 3 : 24-25)

ഏറ്റവും പ്രധാനമായ കാര്യം ക്രിസ്തുവിലേയ്ക്, ക്രിസ്തുവിൻ്റെ സ്നേഹത്തിലേക്ക് കടന്നു വരുക എന്നതാണ്…പാപിയെ മാറ്റി നിർത്തുന്ന ഒരു ദൈവമല്ല ,പാപിയെ നെഞ്ചോട് ചേർത്ത് തിരുച്ചോരയാലെ കഴുകി പുതിയ സൃഷ്ടിയാക്കി മാറ്റുന്ന സ്നേഹം, നമ്മുക്ക് നിത്യജീവൻ നല്കാൻ അതിദാരുണമായ പീഡകൾ ഏറ്റെടുത്ത് പരിശുദ്ധ കുർബാനയായി മാറിയ സ്നേഹം .ഈ സ്നേഹത്തിലേക്ക് കടന്നു വന്നുകൊണ്ട് നമ്മുടെ പ്രവർത്തികളിൽ ആശ്രയിക്കാതെ, കാൽവരി കുരിശിൽ ആശ്രയിച്ചു കൊണ്ട് നമ്മുക്ക് മുന്നോട്ട് പോകുമ്പോൾ നമ്മുടെ ജീവിതത്തിലെ എല്ലാ മേഖലകളും അനുഗ്രഹിക്കപ്പെടും…


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles