എല്ലാ മുറികളും ദൈവത്തിനെങ്കില്‍
~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ CMI ~
സമ്പന്നനായ ഒരു ചെറുപ്പക്കാരന്‍. അയാളുടെ വാസം അതിമനോഹരമായ ഒരു മണിമാളികയിലായിരുന്നു. ഏകനായി ജീവിച്ചിരുന്ന ആ യുവാവ് ഒരു ദിവസം ദൈവപുത്രനായ യേശുവിനെ തന്റെ മണിമന്ദിരത്തിലേക്കു ക്ഷണിച്ചു.
യേശു ക്ഷണം സ്വീകരിച്ചു മണിമാളികയിലെത്തിയപ്പോള്‍ യുവാവ് പറഞ്ഞു: ‘എന്റെ ഭവനത്തില്‍ ധാരാളം മുറികളുണ്ട്. അവയില്‍ ഏറ്റവും നല്ലതില്‍ അങ്ങേക്കു താമസിക്കാം. അവിടെ എത്രകാലം വേണമെങ്കിലും അങ്ങേക്കു താമസിക്കാം.’
യുവാവിന്റെ ഔദാര്യത്തിനു യേശു നന്ദി പറഞ്ഞു. അത്താഴത്തിനും സൗഹൃദ സംഭാഷണത്തിനും ശേഷം അവര്‍ ഉറങ്ങുവാന്‍ പോയി.
രാത്രി കുറെ ചെന്നപ്പോള്‍ മണിമാളികയുടെ മുന്‍വാതിലില്‍ ആരോ ശക്തിപൂര്‍വം മുട്ടുന്ന ശബ്ദം കേട്ടു. യുവാവ് വേഗം എണീറ്റുചെന്നു വാതില്‍ തുറന്നു. അപ്പോള്‍ മൂന്നു ചെകുത്താന്‍മാര്‍ മുമ്പില്‍ നില്‍ ക്കുന്നു.
യുവാവു വേഗം വാതിലടയ്ക്കാന്‍ ശ്രമിച്ചു. പക്ഷേ, അപ്പോഴേക്കും ഒരു ചെകുത്താന്‍ ഒരു കാല് അകത്തുകുത്തിക്കഴിഞ്ഞിരുന്നു. യുവാവ് വളരെ പണിപ്പെട്ട് ആ പിശാചിനെ തള്ളിപ്പുറത്താക്കി വാതിലടച്ചു. നരകീയ ശക്തികളുമായി ഏറ്റുമുട്ടിക്ഷീ ണിതനായ അയാള്‍ സ്വയം പറഞ്ഞു: ഇതു വിശ്വസിക്കുവാന്‍ സാധിക്കുമോ? യേശു എന്റെ ഏറ്റവും നല്ല റൂമില്‍ കിടന്നുറങ്ങുമ്പോള്‍ ഞാന്‍ പിശാചുക്കളുമായി ഏറ്റുമുട്ടുന്നു. ഒരുപക്ഷേ, പിശാചുക്കള്‍ വന്ന വിവരം യേശു അറിഞ്ഞില്ലായിരിക്കാം.
അന്നു രാത്രിയില്‍ അയാള്‍ നന്നായി ഉറങ്ങിയില്ല. എങ്കിലും പിറ്റേ ദിവസം സാധാരണമട്ടില്‍ കടന്നുപോയി. തലേദിവസം രാത്രിയില്‍ പിശാചുക്കള്‍ വന്നവിവരം അയാള്‍ യേശുവിനോടു പറഞ്ഞതുമില്ല.
ക്ഷീണിതനായിരുന്നതുകൊണ്ട് അയാള്‍ അന്ന് അല്പം നേരത്തേ കിടന്നുറങ്ങി. എന്നാല്‍, അന്നും പാതിരാത്രിയോടടുത്തപ്പോള്‍ മുന്‍വാതിലില്‍ ആരോ ശക്തിയോടെ മുട്ടുന്ന ശബ്ദം കേട്ടു. അയാള്‍ വേഗം എണീറ്റുചെന്നു വാതില്‍ തുറന്നു. അപ്പോള്‍ ഒരു ഡസനോളം പിശാചുക്കള്‍ വാതിലിലൂടെ അകത്തു കടക്കുവാന്‍ അവിടെ കാത്തുനില്പുണ്ടായിരുന്നു.
പിശാചുക്കളെ കണ്ടയുടനേ അയാള്‍ വാതിലടയ്ക്കുവാന്‍ ശ്രമിച്ചു. പക്ഷേ, വാതിലടയ്ക്കുവാന്‍ പിശാചുക്കള്‍ സമ്മതിച്ചില്ല. അവര്‍ സകലശക്തിയുമുപയോഗിച്ച് അകത്തുകടക്കുവാന്‍ ശ്രമിച്ചു. ഏതാണ്ടു മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനു ശേഷം പിശാചുക്കളെ പുറത്താക്കുവാന്‍ അയാള്‍ക്കു സാധിച്ചു.
പിശാചുക്കളോടു പോരാടിയതുമൂലം അയാള്‍ ആകെ തളര്‍ന്നു. എന്നാല്‍, യേശു തന്റെ സഹായത്തിന് എത്തിയില്ലല്ലോ എന്ന തിലായിരുന്നു അയാള്‍ക്ക് ഏറെ ദു:ഖം.
പിറ്റേ ദിവസം യേശുവിനെ കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു: ‘നാഥാ, എനിക്കൊന്നും മനസിലാകുന്നില്ല. കഴിഞ്ഞ രണ്ടു രാത്രികളില്‍ പിശാചുക്കള്‍ എന്നെ എന്തുമാത്രം കഷ്ടപ്പെടുത്തി! എന്നാല്‍, അപ്പോഴൊന്നും അങ്ങ് എന്റെ സഹായത്തിനു വന്നില്ലല്ലോ. ഞാനാണെങ്കില്‍ അങ്ങേക്ക് എന്റെ ഏറ്റവും നല്ല ബെഡ്‌റൂം തന്നതല്ലേ?”
യേശു നിശബ്ദനായി അയാളുടെ കണ്ണുകളിലേക്കു നോക്കുമ്പോള്‍ അയാള്‍ തുടര്‍ന്നു: ”അങ്ങയെ എന്റെ ഭവനത്തിലേക്കു ക്ഷണിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചത് അങ്ങ് എന്റെ എല്ലാ കാര്യങ്ങളും നോക്കിക്കൊള്ളും എന്നാണ്. എന്നാല്‍, അങ്ങനെ യല്ല സംഭവിച്ചത്.”
അല്പനേരത്തെ മൗനത്തിനുശേഷം അയാള്‍ യേശുവിനോടു ചോദിച്ചു: ”നാഥാ, ഇനിയും ഞാന്‍ എന്താണു ചെയ്യുവാനുള്ളത്?” അപ്പോള്‍ ആര്‍ദ്രഹൃദയനായി യേശു പറഞ്ഞു: ”നീ എന്നെ നിന്റെ ഭവനത്തിലേക്കു ക്ഷണിച്ചു. എന്നാല്‍, നീ എന്നെ നിന്റെ ഭവനത്തിന്റെ നാഥനാക്കിയില്ല. നീ എനിക്കായി നിന്റെ ഒരു ബെഡ്‌റൂം തന്നു. ആ മുറി പിശാചുക്കളുടെ ശല്യത്തില്‍നിന്ന് ഒഴിച്ചുനിറുത്തുവാന്‍ എനിക്കു സാധിച്ചു. എന്നാല്‍ മറ്റുള്ള മുറികള്‍ നിന്റെ നിയന്ത്രണത്തിലായിരുന്നു. അതുകൊണ്ടാണ് പിശാചുക്കളുടെ ആക്രമണമുണ്ടായപ്പോള്‍ നിന്നെ സഹായിക്കുവാന്‍ എനിക്കു സാധിക്കാതെ പോയത്.”
ഈ കഥയിവിടെ നില്‍ക്കട്ടെ. ഒരുനിമിഷം നമുക്കു സ്വന്തം ജീവിതത്തിലേക്കു കടന്നുവരാം. നമ്മുടെ ജീവിതപ്രശ്‌നങ്ങളില്‍ ദൈവം നമ്മെ സഹായിക്കുവാന്‍ വരുന്നില്ലെന്നു ചിലപ്പോഴെങ്കിലും നാം പരാതിപ്പെടാറില്ലേ? നാം ദൈവത്തിനു നമ്മെത്തന്നെ സമര്‍പ്പിച്ചതിനുശേഷവും അവിടുത്തെ സഹായം നമുക്കു ലഭിക്കുന്നില്ല എന്നു നമുക്കു തോന്നാറില്ലേ?
എന്നാല്‍, യഥാര്‍ഥത്തില്‍ സംഭവിക്കുന്നതു മുകളില്‍ കൊടുത്തിരിക്കുന്ന കഥയില്‍ യേശു പറഞ്ഞതുപോലെയല്ലേ? നമ്മില്‍ ഏറെപ്പേരും നമ്മെത്തന്നെ പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കുന്നില്ല എന്നതാണു യാഥാര്‍ഥ്യം. നമ്മുടെ ജീവിതത്തിലെ ചുരുക്കംചില മേഖലകളില്‍ മാത്രമേ നാം ദൈവത്തിനു പ്രവേശനം അനുവദിക്കാറുള്ളു. പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ സുപ്രധാന മേഖലകളില്‍ നിന്നു നാം ദൈവത്തെ അകറ്റിനിര്‍ത്തുകയാണു പതിവ്. അങ്ങനെയല്ലായിരുന്നുവെങ്കില്‍ നമ്മില്‍ പലരും ഇപ്പോള്‍ ചെയ്യുന്ന പല തിന്മകളും ചെയ്യുവാന്‍ ഇടയാകുമായിരുന്നില്ല.
രാവിലെ ദൈവത്തെ സ്തുതിച്ചു പ്രാര്‍ഥിച്ചതിനു ശേഷം ജോലി സ്ഥലത്തെത്തുന്ന നമ്മില്‍ ചിലരെങ്കിലും തട്ടിപ്പും വെട്ടിപ്പും കൊടിയ വഞ്ചനയും ചതിയും ചെയ്യാറില്ലേ? ദൈവത്തിനു നമ്മുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും നാം സ്ഥാനം നല്കു ന്നുണ്ടെങ്കില്‍ നാം കള്ളം പറയുകയോ അനീതി പ്രവര്‍ത്തിക്കുകയോ ചെയ്യുമോ? നമ്മില്‍ ചിലരെങ്കിലും ദൈവത്തെ വിളിക്കുന്നതും പ്രാര്‍ഥിക്കുന്നതുമൊക്കെ സ്വാര്‍ഥകാര്യങ്ങള്‍ക്കുവേണ്ടിയാണെന്നു വ്യക്തമാണ്. അതുകൊണ്ടല്ലേ നീണ്ട പ്രാര്‍ഥനയുടെയൊക്കെ ശേഷം നാം കണ്ണി ല്‍ച്ചോരയില്ലാതെ നമ്മുടെ സഹജീവികളോടു പെരുമാറുന്നത്?
മുകളില്‍ കൊടുത്ത കഥയിലേക്കു വീണ്ടും മടങ്ങിവരട്ടെ: തന്റെ ഒരു കിടക്കമുറി മാത്രം നല്കി യേശുവിനെ മറ്റുമുറികളില്‍നിന്ന് അകറ്റിനിറുത്തിയ യുവാവ് തന്റെ തെറ്റു മനസിലാക്കിയ ഉടനേ തന്റെ ഭവനം മുഴുവനും യേശുവിനു വിട്ടുകൊടുത്തു. അന്നു രാത്രിയില്‍ പിശാചുക്കള്‍ വാതിലില്‍ മുട്ടിയപ്പോള്‍ അവരെ ആട്ടിയോടിക്കുവാന്‍ പാഞ്ഞെത്തിയതു യേശുവായിരുന്നു!
നാം നമ്മുടെ ജീവിതത്തിന്റെ ചില മേഖലകള്‍ മാത്രം ദൈവത്തിനു സമര്‍പ്പിച്ചാല്‍ പോരാ; ജീവിതത്തിന്റെ സമസ്തമേഖലകളും ദൈവത്തിനു വിട്ടുകൊടുക്കണം. നമ്മുടെ അനുദിന ജീവിതത്തിലും ജീവിത കര്‍മങ്ങളിലും അവിടുത്തേക്കു സ്ഥാനമുണ്ടാകണം. എങ്കില്‍ മാത്രമേ നമ്മെ സഹായിക്കുവാന്‍ അവിടുത്തേക്കു സാധിക്കൂ.