എത്ര കത്തിച്ചാലും ക്രിസ്തുവിനെ നശിപ്പിക്കാനാവില്ല!
ചിലിയിലെ കത്തോലിക്കാ ദേവാലയം അഗ്നിക്കിരയാക്കിയശേഷം അക്രമകാരികൾ അതിന്റെ ചുവരിൽ ‘നസ്രായന് മരണം’ (Muerte al Nazareno – മുഎർത്തെ അൽ നസറേനോ) എന്നു കോറി വരച്ചു. എന്നാൽ “നസ്രായന്റെ മരണം” ആഘോഷിക്കാൻ കിണഞ്ഞു ശ്രമിക്കുന്നവർക്കുള്ള ഉത്തരമാണ് ഫ്രാൻസീസ് പാപ്പ യുവജനങ്ങൾക്ക് നൽകിയ മുദ്രാവാക്യം: ‘Christus Vivit’ – “ക്രിസ്തു ജീവിക്കുന്നു”.
ക്രൈസ്തവ സ്മാരകങ്ങൾ തകർത്തും ക്രിസ്തീയ ചിഹ്നങ്ങളെ അവഹേളിച്ചും ക്രിസ്തു സാക്ഷികളെ അടിച്ചൊതുക്കിയും ക്രൈസ്തവരെ പീഡിപ്പിച്ചും ‘നസ്രായന്റെ മരണം’ ആഘോഷിക്കാൻ ഇറങ്ങിത്തിരിച്ചവരുടെ ഏറ്റവും പുതിയ മൗഢ്യത്തിന്റെ സാക്ഷ്യമാവുകയാണ് കഴിഞ്ഞ ദിവസം (20-10 -2020) നിരീശ്വരവാദികൾ അഗ്നിക്കിരയാക്കിയ സാന്തിയാഗോയിലെ രണ്ട് ദൈവാലയങ്ങൾ!
ചിലിയുടെ തലസ്ഥാനനഗരിയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ വാർഷിക ദിനത്തിൽ ഒത്തുകൂടിയ പ്രകടനക്കാരിൽ ചിലരാണ് സ്വർഗ്ഗാരോപിത മാതാവിന്റേയും വിശുദ്ധ ഫ്രാൻസിസ് ബോർജിയയുടെയും നാമത്തിലുള്ള ദൈവാലയങ്ങൾ നശിപ്പിച്ചത്. പൊലീസ് സേനയ്ക്ക് സമർപ്പിതമായ സാൻ ഫ്രാൻസിസ്കോ ദി ബോർജിയ പള്ളി കഴിഞ്ഞ ജനുവരിയിലും ആക്രമണത്തിന് വിധേയമായിരുന്നു. അരാജകവാദികളായ, ശിരസ്സും മുഖവും മൂടിയ ഭീരുക്കളാണ് പളളി തീയിട്ടശേഷം അതിന്റെ ചുവരിൽ ‘നസ്രായന് മരണം’ (Muerte al Nazareno) എന്നു കോറി വരച്ചത്.
ലോകത്തിന്റെ നാനാഭാഗങ്ങളിലായി പള്ളികളും കപ്പേളകളും കുരിശുകളും തകർത്തും, സിമിത്തേരികൾ മലിനമാക്കിയും, കേരള ലളിതകലാ അക്കാദമി ശ്രമിച്ചതുപോലെ കുരിശിനെ അവഹേളിച്ചും, മാധ്യമഭീകരതയിലൂടെ തേജോവധം ചെയ്തും, സ്റ്റാൻ സ്വാമിയെ പോലുള്ളവരെ നിശബ്ദരാക്കാൻ പരിശ്രമിച്ചും നമുക്കുചുറ്റും ‘നസ്രായന്റെ മരണം’ ആഘോഷിക്കാൻ കിണഞ്ഞു ശ്രമിക്കുന്നവർക്കുള്ള ഉത്തരമാണ് 2018 ൽ ഫ്രാൻസിസ് പാപ്പ യുവജനങ്ങൾക്ക് നൽകിയ മുദ്രാവാക്യം: ‘Christus vivit’ – “ക്രിസ്തു ജീവിക്കുന്നു”.
അടിച്ചമർത്തുംതോറും ഉയിർത്തെഴുന്നേറ്റുകൊണ്ട് കണ്ടമാലിലെയും മറ്റും ജീവിതസാക്ഷ്യങ്ങൾ പോലെ ഇന്നും എന്നും നന്മയുടെ നേർസാക്ഷ്യമായി നമ്മിലൂടെ നസ്രായൻ ജീവിക്കും. ആവരണങ്ങളുടെയും അധികാരത്തിന്റെയും മറവിൽ ഒളിയാക്രമണങ്ങൾ അഴിച്ചുവിടുന്ന അഭിനവ പീലാത്തോസുമാരുടെ മുന്നിൽ തലയുയർത്തി നെഞ്ചുവിരിച്ച് ക്രൈസ്തവൻ കൂടുതൽ ഉച്ചത്തിൽ ഉദ്ഘോഷിക്കും: “ക്രിസ്തുസ് വിവിത്” (Christus vivit) – “ക്രിസ്തു ജീവിക്കുന്നു”.
ഫാ. ഫ്രാൻസീസ് കൂത്തൂർ
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.