ഒറ്റപ്പെടുമ്പോള്‍ നെഞ്ചോട് ചേര്‍ത്തു നിറുത്തുന്ന ഈശോ
ജീവിതത്തിലെ വലിയ പ്രതിസന്ധികളിൽ മുന്നോട്ട് പോകുവാൻ വഴി കാണാതെ ഇനി എന്ത് എന്നാലോചിക്കുന്ന നിമിഷം ആ ക്രൂശിതനെ ഒന്ന് നോക്കാമോ… കുരിശിൽ നിന്നും ആണിപഴുതുളള ആ കരം നീട്ടി അവിടുന്ന് നിന്നെ രക്ഷിക്കും… അവിടുത്തെ സ്നേഹം നമ്മെ പൊതിഞ്ഞു സൂക്ഷിക്കും..
ഈശോ നമ്മെ ഓരോരുത്തരെയും തന്റെ ജീവൻ ബലിയായി നല്കി നേടിയെടുത്തതാണ്… അവിടുത്തെ സ്നേഹത്തിന്റെ പൂർണ്ണതയായിരുന്നു കാൽവരി കുരിശിലെ ബലി…ഈശോ നമ്മുടെ പാപങ്ങളും രോഗങ്ങളും ബന്ധനങ്ങളും ഏറ്റെടുത്തു എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി ഏതൊക്കെ പ്രതിസന്ധിയിലൂടെ കടന്നു പോയാലും ഈശോയുടെ സ്നേഹം തിരിച്ചറിഞ്ഞതുകൊണ്ട് ആ സ്നേഹം ആ വ്യക്തിയെ പൊതിഞ്ഞു പിടിക്കും…
ലോകം മുഴുവൻ എതിരെ നിന്നാലും ദൈവം തിരഞ്ഞെടുത്ത ഒരു വ്യക്തിയെ ,ദൈവം ചേർത്ത് നിർത്തിയ ഒരു വ്യക്തിയെ കുറ്റം വിധിക്കാൻ അവിടുന്ന് അനുവദിക്കുകയില്ല…
ദൈവം തെരഞ്ഞെടുത്തവരുടെമേല്‍ ആരു കുറ്റമാരോപിക്കും? നീതികരിക്കുന്നവന്‍ ദൈവമാണ്. ആരാണ് ശിക്ഷാവിധി നടത്തുക?
(റോമാ 8 : 33)
.നമ്മൾ വേദനിക്കുമ്പോൾ നമ്മെക്കാലധികം വേദനിക്കുന്ന നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി സ്നേഹിക്കുന്ന നല്ല അപ്പനാണ് നമ്മുടെ ദൈവപിതാവ്… അവിടുന്ന് നമ്മെ ഓരോരുത്തരെയും ചങ്കോട് ചേർത്ത് നിർത്തിയിരിക്കുകയാണ്….
“ഇതിനെക്കുറിച്ചു നാം എന്താണു പറയേണ്ടത്? ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരുനില്ക്കും? (റോമാ 8 : 31)
നമ്മുടെ യോഗ്യത നോക്കാതെ ,നമ്മെ ചേർത്ത് നിർത്തുന്നവനാണ് നമ്മുടെ ദൈവം..
പാപിനിയായ സ്ത്രീയെ കല്ലെറിഞ്ഞ് കൊല്ലാൻ ആക്രോശിച്ച്കൊണ്ട് ജനം ഈശോയുടെ മുന്നിൽ കൊണ്ടു വന്നപ്പോൾ ഈശോയുടെ കരുണയുള്ള കരം അവളെ ചേർത്ത് പിടിച്ചു… ചുറ്റും കൂടിയ ജനത്തിന് അവളെ തൊടാനായില്ല..
ജീവിതത്തിൽ ഒറ്റപ്പെട്ടു പോയി എന്ന് തോന്നുമ്പോൾ ഓർക്കുക, കൂടെ നടന്നവനാൽ ഒററികൊടുക്കപ്പെട്ടവൻ, പ്രിയപ്പെട്ടവനാൽ തളളിപറയപ്പെട്ടവൻ, നിനക്കായി കുരിശിൽ മൂന്ന് ആണികളിൽ തൂങ്ങപ്പെട്ടവൻ നിന്റെ കൂടെയുണ്ട്.. .. ലോകം മുഴുവൻ നിനക്ക് എതിരെ നിന്നാലും ലോകത്തെ കീഴടക്കിയവൻ നിന്നെ ചങ്കോട് ചേർത്ത് നിർത്തിയിരിക്കുന്നതിനാൽ നിനക്ക് ആരുടെ മുന്നിലും ലജ്ജിക്കേണ്ടി വരുകയില്ല…
വിശ്വസിക്കുക…
നമ്മുടെ ആഗ്രഹങ്ങളെ മാനിക്കുന്ന ദൈവപിതാവ്
നമ്മുക്ക് വേണ്ടതെല്ലാം കാൽവരി ബലിയിലൂടെ ദാനമായി നല്കുന്നു…
കാൽവരി കുരിശിൽ തീരാത്ത വേദനകളില്ല…
കാൽവരി കുരിശിൽ അഴിയാത്ത ബന്ധനങ്ങളില്ല….
ക്രൂശിതന്റെ സ്നേഹത്തിന്റെ ആഴം തിരിച്ചറിഞ്ഞ് നമ്മുടെ ജീവിതത്തെ പൂർണ്ണമായും ആ കുരിശോട് ചേർത്ത് വയ്ക്കാം..സ്വർഗ്ഗീയ സമാധാനം അനുഭവിക്കാം
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.