കേരളത്തിലെ കത്തോലിക്ക ആശുപത്രികളില്‍ 15,100 കിടക്കകള്‍ ചികിത്സയ്ക്കു സജ്ജം
കൊച്ചി: അടിയന്തര സാഹചര്യത്തില്‍ കോവിഡ് -19ന്റെ ചികിത്സയ്ക്കും ഐസൊലേഷൻ വാർഡുകൾക്കുമായി കേരളത്തില്‍ 15,100 കിടക്കകളുള്ള കത്തോലിക്കാസഭയുടെ 200ഓളം ആശുപത്രികള്‍ സുസജ്ജം. ആവശ്യഘട്ടത്തില്‍ 1,940 പേര്‍ക്ക് ഐസിയു സേവനവും 410 പേര്‍ക്കു വെന്റിലേറ്റര്‍ സൗകര്യവും ആശുപത്രികളില്‍ സജ്ജമാണ്.
2,490 ഡോക്ടര്‍മാരാണു കേരളത്തില്‍ സഭയുടെ ആശുപത്രികളില്‍ സേവനം ചെയ്യുന്നത്. ഇതില്‍ 170 ഡോക്ടര്‍മാര്‍ സന്യാസിനികളാണ്. സന്യസ്തര്‍ ഉള്‍പ്പെടെ 10,300 നഴ്സുമാര്‍ സേവനം ചെയ്യുന്നു. 5,550 പാരാമെഡിക്കല്‍, 6,800 നോണ്‍ ക്ലിനിക്കല്‍ ജീവനക്കാര്‍ സഭയുടെ ആശുപത്രികളിലുണ്ട്. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പുറമേ 1,020 സന്യാസിനികള്‍, 120 വൈദികര്‍ എന്നിവരുടെ സേവനവും സഭയുടെ ആശുപത്രികളില്‍ ലഭ്യമാണ്. സഭാസ്ഥാപനങ്ങളിലെ 120 ആംബുലന്‍സുകളുടെ സേവനവും കോവിഡ് പ്രതിരോധ സേവനങ്ങള്‍ക്കു വിട്ടുനല്‍കും.
അടിയന്തരസാഹചര്യത്തില്‍ ആവശ്യമുള്ളത്രയും ആശുപത്രികള്‍ പൂര്‍ണമായി കോവിഡ് ചികിത്സയ്ക്കു വിട്ടുനല്‍കാന്‍ സന്നദ്ധമാണെന്ന് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നു കെസിബിസി ഹെല്‍ത്ത് കമ്മീഷന് സെക്രട്ടറിയും കാത്തലിക് ഹെല്‍ത്ത് അസോസിയേഷന് (ചായ്) കേരള ഘടകം എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. സൈമണ്‍ പള്ളുപ്പേട്ട പറഞ്ഞു. ആശുപത്രികളിലെ ഏതാനും വാര്‍ഡുകള്‍ മാത്രം ഏറ്റെടുക്കാതെ ആവശ്യമുള്ള ആശുപത്രികള്‍ പൂര്‍ണമായി ഏറ്റെടുക്കുന്ന രീതി അവലംബിക്കുന്നതാണ് ഉചിതമെന്നും അറിയിച്ചിട്ടുണ്ട്.
കോവിഡ്- 19 രോഗികള്‍ക്കൊപ്പം മറ്റു രോഗികളെക്കൂടി ഒരേ ആശുപത്രികളില്‍ ചികിത്സിക്കുന്നതു പ്രായോഗിക പ്രശ്നങ്ങളും സാമ്പത്തിക ബാധ്യതയും ഉണ്ടാക്കും. ഏറ്റെടുക്കുന്ന ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്കു പരിശീലനം ലഭിച്ച ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റു ജീവനക്കാരെയും നിയോഗിക്കാനും കേന്ദ്രീകൃത സംവിധാനത്തില്‍ മരുന്നുകളും മറ്റും ലഭ്യമാക്കാനും സാധിക്കും.
കോവിഡ് രോഗികളെ പരിചരിക്കുന്നതിനു സന്നദ്ധതയുള്ള സഭയുടെ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും സന്യാസിനികളായ നഴ്സുമാരുടെയും പട്ടിക ചായ് കേരള തയാറാക്കുന്നുണ്ട്. ഇതിനകം സന്യാസിനികളായ ഏതാനും ഡോക്ടര്‍മാരും നഴ്സുമാരും ഇതിനു സന്നദ്ധതയറിയിച്ചിട്ടുണ്ട്.
സന്യാസിനികളും വൈദികരും ഉള്‍പ്പെടുന്ന നൂറുകണക്കിനു മലയാളി നഴ്സുമാരും മറ്റുള്ളവരും യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് ചികിത്സ നടക്കുന്ന ആശുപത്രികളില്‍ സേവനം ചെയ്യുന്നുണ്ട്.