ഇന്റർനെറ്റിന്റെ അടിമത്വം യുവജനങ്ങളെ ബാധിച്ചു: മാർ തോമസ് തറയിൽ
കോട്ടയം: യൗവനത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ യുവജനങ്ങൾ തയാറാകണമെന്നു ചങ്ങനാശേരി അതി രൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 89-ാം പുനരൈക്യ വാർഷികാഘോഷവും ബഥനി ആശ്രമ ശതാബ്ദി ആഘോഷവും സഭാസംഗമത്തോടും അനുബന്ധിച്ചു കോട്ടയം ഗിരിദീപം മാർ ഈവാനിയോസ് നഗറിൽ നടന്ന 28-ാമത് അന്തർദേശീയ യുവജന കണ്‍വൻഷനിൽ സെമിനാർ നയിക്കുകയായിരുന്നു അദ്ദേഹം. ഇന്റർനെറ്റിന്റെ അടിമത്വം ഇന്നത്തെ യുവജനങ്ങളെ ബാധിച്ചിരിക്കുന്നു. ഇത് അപക്വമതികളായ യുവതലമുറയെ വാർത്തെടുക്കുനമെന്നും അദ്ദേഹം പറഞ്ഞു.
അന്തർദേശീയ യുവജന കണ്വൻഷൻ സതേണ്‍ റെയിൽവേ സീനിയർ ഡിവിഷണൽ മാനേജർ എം.പി. ലിപിൻരാജ് ഉദ്ഘാടനം ചെയ്തു. എം.സിവൈഎം സഭാതല സമിതി പ്രഡിഡന്റ് ടിനു കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യസന്ദേശവും യൂത്ത് കമ്മീഷൻ ചെയർമാൻ വിൻസെന്റ് മാർ പൗലോസ് അനുഗ്രഹപ്രഭാഷണവും നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ഫാ. വർഗീസ് കിഴക്കേക്കര, ഫാ. ജേക്കബ് മാത്യു അരീക്കൽ, ഫാ. സെബാസ്റ്റ്യൻ കിഴക്കേതിൽ, ഫാ. ബെന്നി നാരകത്തിനാൽ, കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ, ബിജോ പി. ബാബു, റിറ്റി എം. രാജൻ, സാൻ ബേബി, കുമാരി രഞ്ജിത, ജോയേൽ എം. ജോസ്, അഡ്വ. റെനോ സാക്ക് തുടങ്ങിയവർ പ്രസംഗിച്ചു.
വിശുദ്ധ കുർബാനയ്ക്ക് ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് മുഖ്യകാർമികത്വം വഹിച്ചു. ബിഷപ് തോമസ് മാർ അന്തോണിയോസ് വചനസന്ദേശം നൽകി. സമ്മേളനനഗരിയിൽ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പേപ്പൽ പതാകയും സഭാതല ആഘോഷ കമ്മിറ്റി കണ്‍വീനർ യൂഹാനോൻ മാർ തെയോഡോഷ്യസ് കാതോലിക്കാ പതാകയും ജോഷ്വാ മാർ ഇഗ്നാത്തിയോസ് എംസിഎ പതാകയും ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത എംസിവൈഎം പതാകയും ഉയർത്തി. സമ്മേളനനഗറിൽ ഒരുക്കിയ ബഥനിയുടെ നൂറു വർഷത്തെ ചരിത്രങ്ങൾ അനാവരണം ചെയ്യുന്ന പ്രദർശനം സാമുവൽ മാർ ഐറേനിയോസ് ഉദ്ഘാടനംചെയ്തു.