കുഞ്ഞിക്കണ്ണന്റെ അത്ഭുതകഥ
കുഞ്ഞിക്കണ്ണൻ എന്ന് പേരുള്ള
മധ്യവയസ്കൻ്റെ ത്യാഗത്തിൻ്റെയും
നിസ്വാർത്ഥ സേവനത്തിൻ്റെയും കഥ പറയുന്ന ഒരു വീഡിയോ കാണാൻ ഇടയായി.
ഏതൊരു വ്യക്തിയെയും പോലെ
ഒത്തിരിയേറെ സ്വപ്നങ്ങളുമായാണ്
അദ്ദേഹവും വിവാഹിതനായത്.
എന്നാൽ 2002 ൽ ഭാര്യ നിർമലയ്ക്ക്
ട്യൂമർ ബാധിച്ചതോടെ ജീവിതത്തിൻ്റെ
താളം തെറ്റി.
ചെറിയ തലവേദനയോടെയായിരുന്നു ആരംഭം. കണ്ണുകൾ പുറത്തേക്ക്
തൂങ്ങിക്കിടക്കുന്ന ഭീകരാവസ്ഥയാണ്
പിന്നീട് കാണാൻ കഴിഞ്ഞത്.
ഓപ്പറേഷൻ ചെയ്തെങ്കിലും
പൂർണ്ണ ആരോഗ്യവതിയായി ജീവിതത്തിലേക്ക്
തിരിച്ചു വരാൻ നിർമലയ്ക്ക് കഴിഞ്ഞില്ല.
എഴുന്നേറ്റ് നടക്കാനോ,
സംസാരിക്കാനോ കഴിയാതെ
2002 ൽ നിശ്ചലമായതാണ്
ആ ജീവിതം.
കിടപ്പു രോഗിയായ അമ്മയ്ക്കും
തളർന്നു പോയ ഭാര്യയ്ക്കുമുള്ള
ഏക അത്താണി കുഞ്ഞിക്കണ്ണൻ മാത്രം.
“ഭാര്യയെ വല്ല ആതുരാലയത്തിൽ
കൊണ്ടാക്കി നിനക്ക് വേറെ
വിവാഹം കഴിച്ചുകൂടെ”
എന്ന് പലരും ചോദിച്ചിട്ടുണ്ട്.
അവരോടെല്ലാം കുഞ്ഞിക്കണ്ണന്
പറയാനുള്ളത് ഒരു മറുപടി മാത്രം:
“നാളെ ഈ രോഗാവസ്ഥ എനിക്ക്
വരില്ലെന്ന് ആർക്കറിയാം.
രോഗാവസ്ഥയിൽ ഉപേക്ഷിക്കാനല്ല പരിരക്ഷിക്കാനാണ് ദൈവം
ഭാര്യയെയും അമ്മയെയും നൽകിയത്.
എൻ്റെ പ്രാണൻ പോകുവോളം ഞാനത് സന്തോഷത്തോടെ നിറവേറ്റും. അതിനുള്ള പ്രതിഫലം ദൈവമെനിക്ക് നൽകും.”
ഒരു തടിപ്പണിക്കാരനായ കുഞ്ഞിക്കണ്ണൻ്റെ
ദിവസം ആരംഭിക്കുന്നത്
പുലർച്ചെ നാലുമണിക്കാണ്.
ഭക്ഷണം പാകം ചെയ്തതിനു ശേഷം
ഭാര്യയെയും അമ്മയെയും ശുശ്രൂഷിക്കും.
ഭാര്യയെ അല്പസമയം കസേരയിൽ ഇരുത്തും.
പിന്നീട് ഭക്ഷണം നൽകി കട്ടിലിൽ കിടത്തും.
ജോലിക്ക് പോയാൽ ഉച്ചയ്ക്ക് വന്ന്
ഇവർക്ക് ഭക്ഷണം നൽകും.
ജോലി കഴിഞ്ഞ് വന്നാൽ വീണ്ടും അടുക്കളപ്പണി, കുളിപ്പിക്കൽ, അടിച്ചുവാരൽ…..
ഇതിനിടയിൽ ഭാര്യയ്ക്കരികിലിരുന്ന്
പാട്ടു പാടും അന്നത്തെ സംഭവങ്ങളെല്ലാം അവളുമായ് പങ്കുവയ്ക്കും…..
അങ്ങനെയങ്ങനെ കഴിഞ്ഞ
പത്തൊമ്പത് വർഷമായി
കുഞ്ഞിക്കണ്ണൻ്റെ ജീവിതം മുന്നോട്ടു നീങ്ങുന്നു.
ഭാര്യ കിടപ്പിലായ അന്നു മുതൽ ഇന്നുവരെ ഒരുത്സവത്തിനോ, ആഘോഷങ്ങൾക്കോ
ഈ മനുഷ്യൻ പോയിട്ടില്ലത്രെ.
അത്രമാത്രം അദ്ദേഹം തൻ്റെ ഭാര്യയെ നെഞ്ചേറ്റിയിരുന്നു.
“ഞാന് നിങ്ങളെ സ്‌നേഹിച്ചതുപോലെ
നിങ്ങളും പരസ്‌പരം സ്‌നേഹിക്കണം”
(യോഹ 15 :12) എന്ന ക്രിസ്തുമൊഴികളുടെ പ്രതിഫലനമാണ് ഇയാളുടെ ജീവിതം.
നിസാര പ്രശ്നങ്ങളുടെ പേരിൽ
ഭാര്യാഭർതൃ ബന്ധങ്ങളും
കുടുംബ ബന്ധങ്ങളുമെല്ലാം
വലിച്ചെറിയപ്പെടുന്ന ഇക്കാലയളവിൽ
ക്രിസ്‌തു സ്നേഹത്തിൻ്റെ ആഴമറിയുവാൻ കുഞ്ഞിക്കണ്ണനെപ്പോലുള്ളവരുടെ
ജീവിത മാതൃക നമുക്ക് വഴിവിളക്കാകട്ടെ!
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.