കർഷകശക്തി വിളിച്ചോതി ഇൻഫാം മഹാസമ്മേളനം
കട്ടപ്പന: കർഷക കൂട്ടായ്മയുടെ ശക്തി വിളിച്ചോതിയ കർഷക മഹാറാലിയും സമ്മേളനവും കാർഷിക കേരളത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തു. ഇൻഫാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കട്ടപ്പനയിൽ നടന്ന കർഷക മഹാറാലിയിൽ ആയിരങ്ങളാണ് അണിചേർന്നത്.
ഓസാനാം സ്കൂൾ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച മഹാറാലി ഇടുക്കി രൂപതാധ്യക്ഷനും ഇൻഫാം ഇടുക്കി കർഷകജില്ലാ രക്ഷാധികാരിയുമായ മാർ ജോണ് നെല്ലിക്കുന്നേൽ ഫ്ളാഗ് ഓഫ് ചെയ്തു. സ്കൂൾ ഗ്രൗണ്ടിൽനിന്ന് ഇടുക്കി കവല വഴി ടൗണ് ചുറ്റി സമ്മേളനനഗരിയായ കട്ടപ്പന സെന്റ് ജോർജ് ഓഡിറ്റോറിയത്തിൽ റാലിയുടെ മുൻനിര എത്തിയപ്പോഴും ഓസാനാം ഗ്രൗണ്ടിൽ റാലിയുടെ അവസാനനിര നീങ്ങിയിരുന്നില്ല.
നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകന്പടിയോടെ എത്തിച്ച ദീപശിഖയ്ക്കു പിന്നിൽ ഫാ. മാത്യു വടക്കേമുറിയുടെയും ഡോ.എം.സി. ജോർജിന്റെയും ഛായാചിത്രങ്ങൾ സംവഹിച്ചു. അതിനു പിന്നിലായി ഇൻഫാം ലോഗോ മുദ്രണംചെയ്ത പച്ച ടീഷർട്ടും വെള്ള മുണ്ടും തലയിൽ പച്ചയും വെള്ളയും തോർത്തുകളും കെട്ടി ഹരിത സേനാംഗങ്ങളും അണിനിരന്നു. അതിനു പിന്നിലായായിരുന്നു വെള്ളയും പച്ചയും ചേർന്ന ഇൻഫാം പതാകകളേന്തി നേതാക്കളുടെ നിര.
റാലിയുടെ മുൻനിര ഓഡിറ്റോറിയത്തിലെത്താൻ ഒന്നര മണിക്കൂറെടുത്തു. ഓഡിറ്റോറിയത്തിനു മുന്നിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ ബി ഷപ് മാർ മാത്യു അറയ്ക്കൽ ദീപശിഖ സ്ഥാപിച്ചു. ഫാ. മാത്യു വടക്കേമുറിയുടെയും ഡോ. എം.സി. ജോർജിന്റെയും ഛായചിത്രങ്ങളിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.
തുടർന്നു നടന്ന മഹാസമ്മേളനം ഇൻഫാം ദേശീയ രക്ഷാധികാരി മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഇൻഫാം ദേശീയ പ്രസിഡന്റും തമിഴ്നാട് മുൻ ചീഫ് സെക്രട്ടറിയു മായ പി.സി. സിറിയക് അധ്യക്ഷത വഹിച്ചു. ഇൻഫാം ദേശീയ ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ ആമുഖ പ്രഭാഷണം നടത്തി. കാർഷിക പ്രശ്നങ്ങളിൽ ഇൻഫാമിന്റെ നയങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.
ഇൻഫാം അധ്വാനവർഗ അവകാശരേഖ ഇൻഫാം സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ അവതരിപ്പിച്ചു. ദേശീയ വൈസ് ചെയർമാൻ കെ. മൈതീൻ ഹാജി, ഫാ.ജോസ് മോനിപ്പള്ളി, ജോസ് ഇടപ്പാട്ട്, ജയകുമാർ മന്നത്ത്, ജോസ് കാരിയാങ്കൽ, ഫാ. ജേക്കബ് ചാത്തനാട്ട് എന്നിവർ പ്രസംഗിച്ചു. ഇൻഫാം സംസ്ഥാന സെക്രട്ടറി ഏബ്രഹാം മാത്യു പന്തിരുവേലിൽ സ്വാഗതവും ഫാ. ജിൻസ് കിഴക്കേൽ നന്ദിയും പറഞ്ഞു.