പ്രേഗിലെ അത്ഭുത ഉണ്ണീശോ
അത്ഭുത ഉണ്ണീശോയോടുള്ള വണക്കം ആരംഭിക്കുന്നത് പ്രേഗ് പട്ടണത്തിലെ കർമ്മലീത്താ സന്യാസികൾ ആണ്. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഈ വണക്കം ശക്തിപ്രാപിക്കുന്നത്.
ലോബ്ക്കോവിട്സിലെ രാജകുമാരി പോളിക്സ്‌നിയയ്ക്ക് വിവാഹസമ്മാനമായി അവളുടെ അമ്മ സ്പെയിനിൽ നിന്ന് വരുത്തിയ കുട്ടിയായ ഈശോയുടെ പ്രതിമ നൽകി. 19 ഇഞ്ച് ഉയരമുള്ള ഒരു ചെറിയ പ്രതിമ. തടിയിലും മെഴുകിലും തുണിയിലും തീർത്തതായിരുന്നു അത്. ഉണ്ണീശോ രാജകീയ വസ്ത്രങ്ങൾ അണിഞ്ഞ് കിരീടം ധരിച്ച് ഇടത്തേ കയ്യിൽ ഭൂമിയും ഏന്തി നിൽക്കുന്ന പ്രതിമ ആയിരുന്നു അത്. ഭൂമിക്കു മുകളിൽ കുരിശു നാട്ടിയിരുന്നു. വലത്തെ കൈ ആകട്ടെ അനുഗ്രഹിക്കുന്ന തരത്തിലും. പോളിക്സ്‌നിയ ഈ രൂപത്തെ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു.
കുറേ വർഷങ്ങൾക്കു ശേഷം ഭർത്താവിന്റെ മരണത്തോടെ അവൾ ദൈവഭക്തിയിലും ഉപവി പ്രവർത്തനങ്ങളിലും മുഴുകി. അടുത്തുള്ള കർമലീത്താ മഠമായിരുന്നു പ്രവർത്തനകേന്ദ്രം. 1628ൽ ഒരു യുദ്ധത്തിനു ശേഷം കർമ്മലീത്ത ആശ്രമം ദാരിദ്ര്യത്താൽ വലഞ്ഞപ്പോൾ തന്റെ വിലപ്പെട്ട സമ്മാനം രാജകുമാരി ആശ്രമത്തിനു നൽകി. “ഇത് എനിക്ക് ഈ ലോകത്തിൽ ഏറ്റവും വിലപ്പെട്ടതാണ്. ഉണ്ണീശോയെ നിങ്ങൾ ബഹുമാനിച്ചു ആദരിച്ചു പ്രാർത്ഥിച്ചാൽ നിങ്ങൾക്ക് വേണ്ടതെല്ലാം ഉണ്ണീശോ നൽകും.” രാജകുമാരിയുടെ ഈ വാക്കുകൾ പ്രവചനമായി മാറി. ഉണ്ണീശോയോടുള്ള പ്രാർത്ഥനയാൽ ആശ്രമത്തിൽ എല്ലാ ഐശ്വര്യവും സമൃദ്ധിയും വന്നുചേർന്നു.
കുറെ വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു യുദ്ധം ഉണ്ടായപ്പോൾ ശത്രുക്കളുടെ വരവ് അറിഞ്ഞു ആശ്രമം ഉപേക്ഷിച്ച് ആശ്രമവാസികൾ പലായനം ചെയ്യേണ്ടിവന്നു. 1635ൽ വീണ്ടും സമാധാനം സ്ഥാപിക്കപ്പെട്ടപ്പോൾ കർമ്മലീത്താ സന്യാസികൾ ആശ്രമത്തിൽ തിരിച്ചെത്തി. അവരിലെ ഒരു വൈദികൻ ആയിരുന്ന ഫാദർ സിറിൽ ഉണ്ണീശോയുടെ ഒരു ഉത്തമ ഭക്തനായിരുന്നു.ഉണ്ണിയുടെ രൂപം അന്വേഷിച്ച അദ്ദേഹം ഈ രൂപം കണ്ടെത്തിയത് ചവറുകൂനയിൽ നിന്നായിരുന്നു.
യേശുവിന്റെ മനുഷ്യാവതാരം ധ്യാനിച്ച് മനുഷ്യമക്കളോടുള്ള അനന്ത സ്നേഹത്താൽ ശിശുവായി പിറന്നതിന് ദൈവത്തിന് നന്ദി അർപ്പിച്ച് വൈദികൻ രൂപം കൈകളിൽ എടുത്തു അപ്പോൾ ഒരു ശബ്ദം ഫാ.സിറിൾ കേട്ടു.”എന്നോട് കരുണ കാണിച്ചാൽ ഞാൻ നിങ്ങളോടും കരുണ കാണിക്കും. എനിക്ക് കൈകൾ തരൂ ഞാൻ നിങ്ങൾക്ക് സമാധാനം തരാം. എന്നെ എത്ര നിങ്ങൾ ബഹുമാനിക്കുന്നുവോ അത്ര ഞാൻ നിങ്ങളെ അനുഗ്രഹിക്കാം.”
ഫാ.സിറിൾ നോക്കിയപ്പോൾ രണ്ടു കൈകളും ഉണ്ണീശോയുടെ രൂപത്തിലില്ലായിരുന്നു. അദ്ദേഹം രൂപം നന്നാക്കി.പ്രേഗിലെ സെന്റ് മേരി ഓഫ് വിക്ടറി ചർച്ചിൽ പൊതു വണക്കത്തിനായി സ്ഥാപിച്ചു. ഈ ഉണ്ണിശോയുടെ നൊവേന വഴി അത്ഭുതങ്ങൾ പ്രാപിച്ചവർ അനവധിയാണ്. അതിനാൽ അത്ഭുത ഉണ്ണീശോ എന്ന പേരിൽ ഈ വണക്കം പ്രസിദ്ധമായി.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.