വരൂ, നമുക്ക് നമ്മെ തന്നെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് സമര്‍പ്പിക്കാം!
ലോകം ഇന്ന് വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. ഒരു വശത്ത് കുമിഞ്ഞു കൂടുന്ന തിന്മകള്‍, മറുവശത്ത് സര്‍വവും നശിപ്പിക്കും എന്ന വിധത്തില്‍ കലിതുള്ളുന്ന കോവിഡ് മഹമാരി. ഒരു വകഭേദത്തിന് വാക്‌സിനേഷന്‍ കണ്ടു പിടിച്ചു കഴിയുമ്പോള്‍ പുതിയ പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ട് മനുഷ്യജീവന് ഭീഷണിയാകുന്നു. ഈ അപൂര്‍വ പ്രതിസന്ധിയില്‍ ഒന്നേ നമുക്ക് ചെയ്യാനുള്ളൂ. ദൈവത്തിലേക്ക് പൂര്‍ണഹൃദയത്തോടെ തിരിയുക. അതിനു വേണ്ടിയുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം നാം നമ്മെത്തന്നെയും നമ്മുടെ കുടുംബങ്ങളെയും പരിശുദ്ധ മാതാവിന്റെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കുക എന്നതാണ്.
പരിശുദ്ധ മാതാവിന്റെ വിമല ഹൃദയ പ്രതിഷ്ഠ എന്ന ആശയം വിശുദ്ധനും വലിയ മരിയഭക്തനുമായിരുന്ന ലൂയി ഡി മോണ്‍ഫോര്‍ട്ടിന്റെ സംഭാവനയാണ്. 33 ദിവസം നീണ്ടു നില്‍ക്കുന്ന ഒരുക്കം അദ്ദേഹം അതിനു വേണ്ടി ക്രമപ്പെടുത്തിയിരുന്നു. നമ്മുടെ ആത്മാവ് ലോകാരൂപിയുടെ ബന്ധനങ്ങളില്‍ നിന്ന് മോചനം നേടി, യേശു ക്രിസ്തുവിനെ കുറിച്ചും പരിശുദ്ധ അമ്മയെ കുറിച്ചുമുള്ള ആഴമായ അറിവിലേക്ക് വളരുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരുക്കമാണ് ഈ 33 ദിവസങ്ങളില്‍ നടക്കുന്നത്. അവയോടൊപ്പം നമ്മുടെ വ്യക്തിപരമായ നിയോഗങ്ങളും നമുക്ക് ചേര്‍ത്തു വയ്ക്കാം.
ലോകം മുഴുവന്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന തിന്മയില്‍ നിന്ന് നമ്മുടെ കുടുംബങ്ങളെ സംരക്ഷിക്കണമേ എന്നാണ് ഈ വിമലഹൃദയപ്രതിഷ്ഠയില്‍ നാം പ്രാര്‍ത്ഥിക്കുന്നത്. പ്രത്യേകിച്ച് കോവിഡ് മഹാമാരിയില്‍ നിന്നും അതിന്റെ തിക്തഫലങ്ങളില്‍ നിന്നും നാം സംരക്ഷിക്കപ്പെടുന്നതിനു വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം. ആത്മീയ ജീവിതത്തില്‍ പുതിയൊരു ഉണര്‍വ്, അന്ധകാരശക്തികള്‍ക്കെതിരെ സംരക്ഷണവും ശക്തിയും നമുക്ക് ഈ വിമല ഹൃദയപ്രതിഷ്ഠ വഴി ലഭിക്കും. മുന്‍പ് വിമല ഹൃദയപ്രതിഷ്ഠ നടത്തിയിട്ടുള്ളവര്‍ക്കും തങ്ങളുടെ വിമല ഹൃദയ പ്രതിഷ്ഠ നവീകരിക്കുവാനുള്ള സുവര്‍ണാവസരം കൂടിയാണിത്.
ജൂലൈ മാസം 14 ാം തീയതി മുതല്‍ മാതാവിന്റെ സ്വര്‍ഗാരോപണത്തിരുനാളായ ആഗസ്റ്റ് 15 വരെയാണ് നാം വിമല ഹൃദയ പ്രതിഷ്ഠ നടത്തുന്നത്. വലിയ ഒരുക്കത്തോടും ആത്മീയ തീക്ഷണതയോടും സമര്‍പ്പണത്തോടും കൂടെ നമുക്ക് വിമല ഹൃദയപ്രതിഷ്ഠയില്‍ പങ്കു കൊള്ളാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.