മറിയത്തിന്റെ അമലോത്ഭവം

ഫാ. അബ്രഹാം മുത്തോലത്ത്

ഹവ്വയെ പോലെ മറിയവും ഉത്ഭവ പാപമില്ലാതെ സൃഷ്ടിക്കപ്പെട്ടവളാണ്. തന്റെ അനുസരണക്കേട് മൂലം ഹവ്വ സാത്താനിക സ്വാധീനവും കഷ്ടപ്പാടുകളും മരണവും ലോകത്തിലേക്ക് കൊണ്ടു വന്നപ്പോള്‍ മറിയം തന്റെ അനുസരണ വഴി മേല്‍ പറഞ്ഞവയെല്ലാം മാറ്റി മറിക്കാന്‍ തന്റെ ദിവ്യസുതനെ സഹായിച്ചു. ദൈവഹിതത്തിന് കീഴ്പ്പെടുക വഴി മറിയം രണ്ടാം ഹവ്വയായി ലോകരക്ഷയ്ക്ക് തന്റെ പുത്രനോട് സഹകരിച്ചു. മറിയത്തോടും യേശുവിനോടും ചേര്‍ന്ന് ഈ ദൗത്യത്തില്‍ നമുക്ക് പങ്കാളികളാകാം. മനുഷ്യന് സേവനം ചെയ്യുകയും ദൈവത്തിന് ആരാധന അര്‍പ്പിക്കുകയും ചെയ്യാം.

മറിയത്തിന്റെ അമലോത്ഭവം

നാം ഡിസംബര്‍ 8 ന് ആഘോഷിക്കുന്ന മറിയത്തിന്റെ അമലോത്ഭവ തിരുനാളിന്റെ അടിസ്ഥാനം മറിയം ഉത്ഭവ പാപത്തിന്റെ കറയില്ലാതെ പിറന്നു എന്ന കത്തോലിക്കാ വിശ്വാസമാണ്. കത്തോലിക്കാ സഭയുടെ മൂന്ന് സുപ്രധാന സ്തംഭങ്ങളായ വി. ഗ്രന്ഥവും അപ്പസ്തോലിക പാരമ്പര്യവും സഭയുടെ മജിസ്റ്റീരയവും ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്നു.

വി. ഗ്രന്ഥം പറയുന്നത്

ദൈവം മനുഷ്യരക്ഷ രൂപകല്‍പന ചെയ്ത ആദികാലം മുതല്‍ക്കേ മറിയം ഉണ്ടായിരുന്നു. ആദത്തിന്റെയും ഹവ്വയുടെയും പതനം സംഭവിച്ചതിനു ശേഷം ദൈവം സാത്താനോട് പറഞ്ഞു: ‘ഞാന്‍ നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. നീ അവരുടെ കുതികാലില്‍ കൊത്തുമ്പോള്‍ അവര്‍ നിന്റെ തല തകര്‍ക്കും'( ഉല്പത്തി 3-15). ഇവിടെ പറയുന്ന സ്ത്രീ മറിയമാണ്. അവളുടെ സന്തതി യേശുവും. യേശുവും മറിയവും സാത്താന്റെ തല തകര്‍ക്കും. സാത്താന്‍ പുതിയ ആദമായ യേശുവിനെയും പുതിയ ഹവ്വയായ മറിയത്തെയും ഉപദ്രവിക്കും. അതാണ് രക്ഷാകര ചരിത്രത്തില്‍ സംഭവിച്ചത്.

ഗബ്രിയേല്‍ മാലാഖ മറിയത്തേ അഭിവാദനം ചെയ്തു: കൃപ നിറഞ്ഞവളേ സ്വസ്തി (ലൂക്ക 1-18). മറിയത്തില്‍ നിറഞ്ഞിരിക്കുന്ന കൃപ ഒരു അടയാളമാണ്. അവള്‍ പരിപൂര്‍ണ പരിശുദ്ധ ആണെന്നും എല്ലാത്തരം പാപത്തില്‍ നിന്നും വിമുക്തയാണെന്നും. ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് മറിയം ജനിക്കും മുമ്പേ തന്നെ എല്ലാ പാപത്തില്‍ നിന്നും മുക്തയായിരുന്നു എന്നാണ്.

മറിയത്തെ അഭിവാദനം ചെയ്തു കൊണ്ട് എലിസബത്ത് പറഞ്ഞു: ‘സ്്ത്രീകളില്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവളേ, നിന്റെ ഉദരഫലം അനുഗ്രഹീതം’ (ലൂക്ക 1-42). രണ്ടു പേര്‍ പ്രത്യേകമായ അനുഗ്രഹിക്കപ്പെവരാണെന്ന് എലിസബത്ത് കണ്ടു. മറിയവും അവളുടെ പിറക്കാനിരിക്കുന്ന പുത്രന്‍ യേശുവും.

സഭാ പിതാക്കന്‍മാര്‍ പറയുന്നു

ഔദ്യോഗികമായ മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത് 1854 ലാണെങ്കിലും ഈ വിശ്വാസം പാശ്ചാത്യ, പൗരസ്ത്യ സഭകളില്‍ മുന്‍പേ തന്നെ നിലനിന്നിരുന്നു. ആദിമ സഭാപിതാക്കന്‍മാരായിരുന്ന ജസ്റ്റിന്‍, ഇറനേവൂസ്, ഒരിജന്‍, ഹിപ്പോലിറ്റസ് അംബ്രോസ്, ഗ്രഗറി നസ്യാന്‍സന്‍, അഗസ്റ്റിന്‍ എന്നിവരെല്ലാം മറിയത്തിന്റെ അമലോത്ഭവത്തെ കുറിച്ച് പഠിപ്പിച്ചിട്ടുള്ളവരാണ്.

ഹവ്വയെ എല്ലാ മനുഷ്യരുടെയും ശാരീരിക മാതാവായി സൃഷ്ടിച്ച ദൈവം മറിയത്തെ എല്ലാവരുടെയും ആത്മീയ മാതാവായി സൃഷ്ടിച്ചു. ഇരുവരും ഉത്ഭവ പാപമേശാതെ പിറന്നവരാണ്. ഹവ്വ സാത്താനെ അനുസരിച്ച് മരണത്തെ വാങ്ങിയപ്പോള്‍ മറിയം ദൈവദൂതന്റെ വാക്കുകള്‍ അനുസരിച്ച് ജീവനെ വീണ്ടെടുത്തു. ഹവ്വ പറുദീസ നഷ്ടമാക്കി, മറിയം പറുദീസ വീണ്ടെടുത്തു. ഹവ്വ ആദത്തോടൊപ്പം പാപത്തില്‍ പങ്കാളിയായി. മറിയം യേശുവിനോടൊപ്പം രക്ഷയില്‍ പങ്കാളിയായി. ഹവ്വാ പ്രപഞ്ചത്തിന്റെ രാജ്ഞിയായിരുന്നെങ്കിലും ആ പദവി നഷ്ടമാക്കി. മറിയം എളിയവളായി ജനിച്ചുവെങ്കിലും സ്വര്‍ഗരാജ്ഞിയായി ഉയര്‍ന്നു.

സഭാ പഠനത്തില്‍

എല്ലാ മനുഷ്യരും ഉത്ഭവ പാപത്തില്‍ പിറന്നുവെന്ന് ത്രെന്ത് സൂനഹദോസ് പഠിപ്പിക്കുന്നു. എന്നാല്‍ അങ്ങനെ പിറന്നവരുടെ കൂട്ടത്തില്‍ സൂനഹദോസ് പരിശുദ്ധ കന്യാമറിയത്തെ കൂട്ടുന്നില്ല.

1854 ഡിസംബര്‍ 8ന് പ്രസിദ്ധീകരിച്ച ഇന്‍എഫബിലില്‍ ദേവൂസ് എന്ന ചാക്രിക ലേഖനത്തില്‍ പീയൂസ് ഒന്‍പതാമന്‍ മാര്‍പാപ്പാ മറിയത്തിന്റെ അമലോത്ഭവ ജനനത്തെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. അതുല്യമായ കൃപയാല്‍ മറിയത്തെ ദൈവം ഉത്ഭവപാപത്തില്‍ നിന്ന് വിമുക്തയാക്കാന്‍ തിരുമനസ്സായി.

1858 ല്‍ ബെര്‍ണദീത്തായ്ക്ക് പ്രത്യക്ഷയായി പരിശുദ്ധ മാതാവ് ഞാന്‍ അമലോത്ഭവയാകുന്നു എന്ന് പ്രഖ്യാപിച്ചു.

സന്ദേശം

നന്മ വരുമ്പോഴും തിന്മ വരുമ്പോഴും നാം ദൈവത്തെ സ്തുതിക്കണം. പരിശുദ്ധ കന്യാമറിയത്തോടൊപ്പം നമുക്ക് ദൈവത്തെ വാഴ്ത്താം. ദൈവത്തില്‍ നിന്ന് നാം സ്വീകരിച്ച നന്മകള്‍ക്ക് നന്ദി പറയാം.

മറിയം ദൈവത്തില്‍ ആനന്ദിച്ചു. എലിസബത്തിന് സേവനം ചെയ്യുന്നതിലും തിരുക്കുടുംബത്തെ സേവിക്കുന്നതിലും മറിയം ആനന്ദിച്ചു. ആദിമസഭയ്ക്കു വേണ്ടി എന്നതു പോലെ ഈ കാലഘട്ടത്തിലും തന്റെ ദര്‍ശനങ്ങളിലൂടെയും മാധ്യസ്ഥത്തിലൂടെയും മറിയം തന്റെ സേവനം തുടരുന്നു. മറ്റുള്ളവര്‍ക്ക് സേവനം ചെയ്തു കൊണ്ട് നമുക്ക് മറിയത്തോടൊന്നു ചേരാം.

നാം പാപത്തിലാണ് പിറന്നതെങ്കിലും യേശു മാമ്മോദീസയിലൂടെ നമ്മെ വിശുദ്ധീകരിച്ചു. നമ്മെ വിശുദ്ധിയില്‍ കാത്തു പാലിക്കാന്‍ വേണ്ടി നമുക്ക് യേശുവിനോടും മറിയത്തോടും പ്രാര്‍ത്ഥിക്കാം.

ഒരിക്കല്‍ ചിലര്‍ യേശുവിനോട് നിന്റെ അമ്മയും സഹോദരങ്ങളും പുറത്ത് കാത്തുനില്‍ക്കുന്നു എന്ന് പറഞ്ഞപ്പോള്‍ യേശു ചോദിച്ചു, ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരങ്ങള്‍? എന്നിട്ട് തന്റെ ശിഷ്യന്മാരെ ചൂണ്ടിക്കാട്ടി പറഞ്ഞു, ഇതാണ് എന്റെ അമ്മയും സഹോദരങ്ങളും എന്റെ പിതാവിന്റെ ഹിതം നിറവേറ്റുന്നവരാണ് എന്റെ സഹോദരനും സഹോദരനും അമ്മയും (മത്താ. 12: 48-50). പിതാവിന്റെ തിരുഹിതം നിറവേറ്റിയ മറിയത്തെ പോലെ നമുക്കും പിതാവിന്റെ തിരുഹിതം നിറവേറ്റുന്നവരാകാം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles