ചരിത്രം കുറിച്ച് ഇടുക്കിയില്‍ വൈദിക സന്യസ്ത അല്മായ മഹാസംഗമം
കട്ടപ്പന: വൈദിക – സന്യസ്ത – അല്മായ മഹാസംഗമത്തോടെ ഇടുക്കി രൂപത അസാധാരണ പ്രേഷിത മാസാചരണത്തിന് ഉജ്വല സമാപനം. രൂപതയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ മഹാസംഗമം വിശ്വാസ ചൈതന്യത്തിന്റെയും സീറോ മലബാർ സഭ മിഷൻ ദൗത്യ മഹാത്മ്യത്തിന്റെയും പ്രഘോഷണമായി.
ഇരുന്നൂറോളം വൈദികരും ആയിരത്തോളം സമർപ്പിതരും ഇടവക പ്രതിനിധികളും ഭക്തസംഘടന പ്രതിനിധികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ സാക്ഷിനിർത്തി ഷംഷാബാദ് മെത്രാൻ മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനംചെയ്തു. കുടുംബ ബന്ധങ്ങളുടെ അച്ചടക്കവും സമർപ്പിതരുടെ ജീവാർപ്പണവുമാണ് ക്രൈസ്തവ സഭകളുടെ അടിസ്ഥാനമെന്നു മാർ റാഫേൽ തട്ടിൽ പറഞ്ഞു.
സംഗമത്തിൽ ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. കത്തോലിക്കാസഭ ഭാരതത്തിനു നൽകിയ സംഭാവനകൾ തമസ്കരിക്കപ്പെടാതിരിക്കാൻ ജാഗ്രത കാട്ടണമെന്നു മാർ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു.
ഡിസിഎൽ കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. ക്രൈസ്തവ സഭയ്ക്കുനേരെ അടുത്ത കാലത്തു നടക്കുന്ന കരുതിക്കൂട്ടിയുള്ള ആക്രമണം കാണാതെ പോകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭദ്രാവതി മെത്രാൻ മാർ ജോസഫ് അരുമച്ചാടത്ത്, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ആനി പോൾ സിഎംസി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി വി.വി. ലൂക്ക, മോണ്‍. ഏബ്രഹാം പുറയാറ്റ് എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ജനറൽ കണ്‍വീനർ മോണ്‍. ജോസ് പ്ലാച്ചിക്കൽ സ്വാഗതമാശംസിച്ചു. പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ. സിസ്റ്റർ സുഗുണ എഫ്സിസി നന്ദി പറഞ്ഞു. സംഗമത്തിനു തുടക്കംകുറിച്ചു രാവിലെ 7.30ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ മാർ റാഫേൽ തട്ടിൽ കൃതജ്ഞതാബലി അർപ്പിച്ചു.