യേശുവിന്റെ തിരുനാമത്തിരുനാള്‍ വിചിന്തനം
ഫാ. അബ്രഹാം മുത്തോലത്ത്
ആമുഖം
പഴയ നിയമം അനുസരിച്ച് ദൈവം അബ്രഹാമുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ അടയാളമായിരുന്നു പരിച്ഛേദനം. രക്തംചൊരിഞ്ഞു കൊണ്ടുള്ള ഈ അടയാളം വഴി തങ്ങള്‍ എന്നേക്കും ദൈവത്തിനുള്ളവരാണെന്ന് ഇസ്രായേല്‍ക്കാര്‍ ഓര്‍മ വച്ചിരുന്നു. എന്നാല്‍ ആന്തരികമായ പരിച്ഛേദനം കൂടാതെ പുറമേയുള്ള പരിച്ഛേദനം വ്യര്‍ത്ഥമാണെന്ന് മോശയും മറ്റു പ്രവാചകന്മാരും അവരെ അനുസ്മരിപ്പിച്ചിരുന്നു. എട്ടാം ദിവസം ശാരീരികമായ പരിച്ഛേദനം സ്വീകരിച്ച യേശു ആത്മാവിലുള്ള പുതിയ പരിച്ഛേദനവും ഉടമ്പടിയും സ്ഥാപിച്ചു. യേശുവിന്റെ തിരുനാമം അവിടുത്തെ വ്യക്തിത്വത്തിന്റെയും ശക്തിയുടെയും പ്രതീകമാണ്.
ഇന്നത്തെ സുവിശേഷം
ലൂക്കാ 2 : 21
ശിശുവിന്റെ പരിച്‌ഛേദനത്തിനുള്ള എട്ടാംദിവസം ആയപ്പോള്‍, അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനുമുമ്പ്, ദൂതന്‍ നിര്‍ദേശിച്ചിരുന്ന, യേശു എന്ന പേര് അവനു നല്‍കി.
വിചിന്തനം
ഒരു വ്യക്തിയെ വേര്‍തിരിച്ചറിയാന്‍ വേണ്ടിയാണ് നാം പേര് ഉപയോഗിക്കുന്നത്. അതായത്, ഒരു വ്യക്തിയുടെ ലേബലാണ് അയാളുടെ പേര്. ബൈബിളിന്റെ കാലത്ത് പേരില്‍ വലിയ പ്രാധാന്യം ഉണ്ടായിരുന്നു.
ഒരു വ്യക്തിയുടെ മൂല്യം, സ്വഭാവം, സല്‍പേര്, അധികാരം, ഇച്ഛ, ഉടമത്വം തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്ത ശേഷമാണ് ബൈബിളില്‍ പേരുകള്‍ നല്‍കിയിരുന്നത്. ഒരു വ്യക്തിയെ തന്നെ കുറിക്കുന്നതാണ് ബൈബിളില്‍ പേര് (വെളി. 3.4). കര്‍ത്താവിന്റെ പേര് ദൈവത്തെയോ യേശുവിനെയോ കുറിച്ചിരുന്നു (സുഭാഷിത. 16.10, സങ്കീര്‍ 18. 49, 86. 12, മലാക്കി 3.16, മത്തായി 10.22, യോഹ 3.18).
പേരിന് ബൈബിളിലെ വിവിധ സന്ദര്‍ഭങ്ങളിലെ അര്‍ത്ഥസൂചനകള്‍
1. ദൈവ നാമത്തെ മറക്കുക എന്നാല്‍ ദൈവത്തില്‍ നിന്നു തന്നെ അകന്നു പോകുക എന്നാണ് അര്‍ത്ഥം (ജെറ. 23. 37)
2. ഒരാളുടെ പേരിടുക എന്നതിന്റെ അര്‍ത്ഥം അയാളുടെ അല്ലെങ്കില്‍ അതിന്റെ മേലുള്ള ഉടമസ്ഥതയുടെ സൂചനയാണ് (ഉല്‍പ. 1.5)
3. ഒരാളുടെ നാമത്തില്‍ സംസാരിക്കുക എന്നത് അധികാരത്തിന്റെ സൂചനയാണ്. (പുറ. 5.23, 1 രാജ 21.8).
4. ഒരാളുടെ നാമത്തില്‍ പ്രവര്‍ത്തിക്കുക എന്നാല്‍ ആ വ്യക്തിയെ പ്രതിനിധീകരിക്കുക എന്നാണ്. (നിയമാ. 9.14)
5. ഒരാളുടെ നാമത്തിന് കളങ്കം വരുത്തുക എന്നാല്‍ ആ വ്യക്തിയെ നശിപ്പിക്കുക എന്നാണ് (ഏശയ്യ 14.22)
6. പേര് ഒരാളുടെ സല്‍പേരിനെയും സ്വഭാവത്തെയും കുറിക്കുന്നു (മര്‍ക്കോ 6.14), (മത്താ 6.9)
7. ക്രിസ്തു പിതാവിന്റെ നാം വെളിപ്പെടുത്തി എന്നാല്‍ ദൈവത്തെ മനുഷ്യര്‍ക്കായി വെളിപ്പെടുത്തി എന്നാണര്‍ത്ഥം (യോഹ. 17.26)
8. യേശുവിന്റെ നാമത്തില്‍ വിശ്വസിക്കുക എന്നാല്‍ യേശുവില്‍ വിശ്വസിക്കുക എന്നു ത്‌ന്നെയാണര്‍ത്ഥം (യോഹ 1.12)
9. യേശുവിന്റെ നാമത്തില്‍ ഒരുമിച്ചു കൂടുക എന്നാല്‍ യേശുവിന്റെ മനസ്സിലും ഇച്ഛയിലും ലക്ഷ്യത്തിലും ഒരുമിച്ചു കൂടുക എന്നാണ് (മത്താ 18.20).
യേശുവിന്റെ തിരുനാമം
ജോഷ്വ എന്ന വാക്കിന്റെ തുല്യമായ പേരാണ് യേശു. രക്ഷകന്‍ എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. ദൈവദൂതനായ ഗബ്രിയേലിലൂടെ മറിയത്തോടും ജോസഫിനോടും അരുളിച്ചെയ്യപ്പെട്ട നാമമാണിത്.