തെരുവില്‍ മരിച്ചവര്‍ക്കായി റോമിലെ ബസിലിക്കയില്‍ ഭവനരഹിതര്‍ ഒരുമിച്ചു
റോം: റോമിലെ തെരുവുകളില്‍ മരിച്ചു വീണവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നൂറുകണക്കിന് ഭവനരഹിതര്‍ റോമിലെ സാന്താ മരിയ ബസിലിക്കയില്‍ ഒരുമിച്ചു കൂടി. ഇക്കഴിഞ്ഞ ശീതകാലത്ത് ആറ് പേരാണ് റോമിലെ തെരുവുകളില്‍ മരിച്ചു വീണത്.
കരുണാമയനായ ക്രിസ്തുവിന്റെ തിരുസ്വരൂപത്തിന് മുമ്പില്‍ മരിച്ചു പോയ ഓരോരുത്തര്‍ക്കും വേണ്ടി ഓരോ മെഴുകുതിരികള്‍ കത്തിച്ചു വച്ചിരുന്നു. അവരുടെ പേരുകള്‍ ബസിലിക്കയില്‍ ഉറക്കെ വായിച്ചു. അവര്‍ക്കൊപ്പം സമീപകാലത്തായി മരിച്ച ഭവനരഹിതരായ മറ്റുള്ളവരുടെയും പേരുകള്‍ വായിച്ചു.
ഈ കൂട്ടായ്മ സംഘടിപ്പിച്ചത് കത്തോലിക്കാ സമൂഹമായ സാന്ത എജിഡിയോ ആണ്. ഈ സംഘടനയ്ക്ക് ഇത്തരം ഒരു സംഗമം സംഘടിപ്പിക്കാന്‍ പ്രചോദനമായത് 1983 ലെ ഒരു സംഭവമാണ്. 1983 ജനുവരി 31 ന് റോമിലെ ടെര്‍മിനി ട്രെയിന്‍ സ്‌റ്റേഷനു മുമ്പില്‍ മോഡസ്റ്റ വാലെന്റി എന്ന സ്ത്രീ മരണമടഞ്ഞിരുന്നു. അവരെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിസമ്മതിച്ചതാണ് മരണത്തിന് കാരണമായത്.
അടുത്ത വര്‍ഷം സാന്ത എജിഡിയോ അംഗങ്ങള്‍ ആ സ്ത്രീയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് തെരുവില്‍ മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു.
റോമില്‍ 8000 ത്തോളം ഭവനരഹിതരുണ്ടെന്നാണ് കണക്ക്. അതില്‍ പകുതി പേര്‍ ചാരിറ്റി പ്രവര്‍ത്തകര്‍ ഒരുക്കിയ കൂടാരങ്ങളില്‍ താമസിക്കുന്നു.