പരിശുദ്ധാത്മാവിന്റെ അഭിഷേകം
വിശുദ്ധതൈലം കൊണ്ടുള്ള അഭിഷേകം പ്രതീകാത്മകമായി പരിശുദ്ധിത്മാവിനെ ദ്യോതിപ്പിക്കുന്നുവെന്ന് കത്തോലിക്കാസഭയുടെ പുതിയ വേ പദേശം പഠിപ്പിക്കുന്നു. ‘ബൈബിള്‍ മുഴുവനിലും വ്യക്തികള്‍ക്കായാലും കെട്ടിടങ്ങള്ക്കായാലും അഭിഷേകതൈലം പരിശുദ്ധാരൂപിയുടെ സാന്നിദ്ധ്യത്തിന്റെ പ്രതീകമാണ്.’ ‘ അഭിഷേകം ചെയ്യപ്പെട്ട വ്യക്തികള്‍ ശുദ്ധീകരിക്കപ്പെട്ടവരായിത്തീരുന്നു. അതുപോലെതന്നെ വസ്തുക്കള്‍ തലാഭിഷേകത്താല് ദൈവത്തിന് സമര്പ്പിക്കപ്പെട്ടതാകുന്നു. പുരോഹിതനായ അഹറോനേയും പുത്രന്മാരേയും അതുപോലെ തന്നെ സമാഗമ കൂടാരത്തേയും അഭിഷേകം ചെയ്ത് ശുദ്ധീകരിക്കാന്‍ ദൈവം തന്നെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് (പുറ .30 : 25 – 32 ; 40 : 9 – 15 ).
പഴയനിയമത്തില്‍ ദൈവത്തിന്റെ അഭിഷിക്തരായ പലരുമുണ്ടായിരുന്നു. അവരില്‍ പ്രധാനിയാണ് ദാവീദ് രാജാവ്. ജെസ്സയുടെ വീട്ടിലെത്തിയ സാമുവല്‍ പ്രവാചകന് ദാവീദിനെ ‘സഹോദരന്മാരുടെ മുമ്പില്‍ വച്ച്, കുഴലിലെ തൈലം കൊണ്ട് അഭിഷേകം ചെയ്തു . അന്നു മുതല്‍ കര്‍ത്താവിന്റെ ആത്മാവ് ദാവീദിന്റെ മേല്‍ ശക്തമായി ആവസിച്ചു’ (1 സാമു . 16 : 12 – 13 ).
പൗരോഹിത്യത്തിലേക്കും മെത്രാന്‍പദവിയിലേക്കും ഉയര്‍ത്തപ്പെടുന്നവര്‍ക്ക് പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ അഭിഷേകം നല്കപ്പെടുന്നു. പൗരസ്ത്യ സഭകളില്‍ വിശുദ്ധ തൈലം കൊണ്ടുള്ള അഭിഷേകം സ്ഥൈര്യലേപനമെന്ന കൂദാശയുടെ അടയാളമാണ് , എന്നാല്‍ ഇതിന്റെ അര്‍ത്ഥം ശരിയായി മനസ്സിലാക്കണമെങ്കില്‍ ദൈവാരൂപി വഴിയുള്ള ആദ്യത്തെ അഭിഷേകം എന്താണെന്ന് അറിഞ്ഞിരിക്കണം.
ക്രൈസ്തവര്‍ അഭിഷേകരാകുന്നത് ക്രിസ്തുവിന്റെ അഭിഷേകത്തില്‍ തങ്ങളുടെ വിശ്വാസവും മാമ്മോദീസായും വഴി പങ്കുചേരുന്നതുകൊണ്ടാണ്. ‘ക്രിസ്തു’ , (ഹീബ്രു ഭാഷയില്‍ ‘ മെസ്സിയാ’ msesiah ) എന്ന വാക്കിനര്‍ത്ഥം ‘ദൈവാരൂപിയാല്‍ അഭിഷിക്തന് ‘ എന്നാണ്. അതുല്യമായ വിധത്തില്‍ ‘ അഭിഷിക്തന്’ യേശുമാത്രമാണ് . കാരണം അവിടുന്ന് സ്വീകരിച്ച മനുഷ്യത്വം ആദ്യനിമിഷം മുതലേ പൂര്‍ണ്ണമായും ദൈവാരൂപിയാല്‍ അഭിഷേകം ചെയ്യപ്പെട്ടതായിരുന്നു. യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവാണ് യേശുവിനെ ‘ ക്രിസ്തു’ (അഭിഷിക്തന് ) ആക്കിയത് (ലൂക്കാ 4:18; ഏശ. 61 : 1 – 2). മാമ്മോദീസായും സ്ഥൈര്യലേപനവും സ്വീകരിക്കുന്നവരും ‘ അഭിഷിക്തര്‍ ‘ തന്നെ . എന്നാല്‍, ‘ കര്‍ത്താവിന്റെ അഭിഷിക്തന്’ എന്ന് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പറയാവുന്നത് യേശുവിനെപ്പറ്റി മാത്രമാണ്. കാരണം, യേശുവിലാണ് അരൂപിയുടെ നിറവ് അതിന്റെ പൂര്ണ്ണതയിലുണ്ടായിരുന്നത് .