പരിശുദ്ധാരൂപിയുടെ വണക്കമാസം പതിമൂന്നാം തീയതി
റൂഹാദ്ക്കുദശാ തിരുസഭയെ പഠിപ്പിക്കുന്നു.
പ്രായോഗിക ചിന്തകൾ
1.അപ്രമാദിത്വവരമുള്ള സഭയുടെ വിശ്വാസപഠനങ്ങളിൽ സംശയിക്കുന്നത് എത്ര ഭോഷത്വമാകുന്നു.
2.നിന്റെ വിശ്വാസം ബാഹ്യവേഷത്തിൽ മാത്രമാണോ?
3.ദൈവകാര്യങ്ങളെപ്പറ്റി പറയുവാനും കേൾക്കുവാനും സന്തോഷമില്ലാത്തവരിൽ പരിശുദ്ധാരൂപി പ്രവൃത്തിക്കുന്നില്ല.
പക്ഷപ്രകരണങ്ങൾ
വിശ്വാസികളുടെ ഹൃദയങ്ങളെ പഠിപ്പിച്ച വെളിവിന്റെ അരൂപിയായ റൂഹാദ്ക്കുദശായെ! രക്ഷയുടെയും സത്യത്തിന്റേയും വഴിയിൽ ഞങ്ങളെ നടത്തുന്നതിനായി ഈ അന്ധകാരം നിറഞ്ഞ ഭൂമിയിലേക്ക് എഴുന്നള്ളിവന്ന് ലോകാവസാനത്തോളം ഞങ്ങളോടു കൂടിയിരിക്കാൻ തിരുമനസ്സായതിനെക്കുറിച്ച് അങ്ങേയ്ക്ക് ഞങ്ങൾ സ്തോത്രം ചെയ്യുന്നു. സകല അബദ്ധപഠനങ്ങളിൽ നിന്നും നാശമാർഗ്ഗങ്ങളിൽനിന്നും ഞങ്ങളെ തിരിക്കേണമെ. അങ്ങയുടെ ദിവ്യസ്വരത്തിന് ഞങ്ങളുടെ ചെവികളേയും ഹൃദയങ്ങളെയും ചായിക്കേണമെ.
സഭയിലെ ജ്ഞാനാജപാലകന്മാരെ പ്രകാശിപ്പിക്കേണമെ. ഇരുട്ടിലും മരണത്തിലുമിരിക്കുന്ന അവിശ്വാസികളിൽ അങ്ങയുടെ വെളിവിന്റെ ദാനങ്ങളെ പൊഴിയിക്കുക. അനുഗൃഹീതരായ വേലക്കാരെയും ശ്ലീഹായ്ക്കടുത്ത അറിയിപ്പുകാരേയും അവരുടെയിടയിൽ അയയ്ക്കുക.
അങ്ങയുടെ പ്രേഷിതരുടെ വേലകളെ അനുഗ്രഹിച്ച് ഫലമുള്ളതാക്കുക. അവരുടെ ക്ലേശങ്ങളിൽ അവരെ ആശ്വസിപ്പിക്കുക.അലിവിന്റെ ദൈവമേ!
ശീശ്മയിലും പാഷണ്ഡതയിലും ഇരിക്കുന്നവരെ അങ്ങ് കടാക്ഷിക്കണമെ. സ്വർഗ്ഗീയപ്രകാശത്താൽ അവരുടെ ബോധാന്ധകാരത്തെ ചിതറിക്കുകയും ഹൃദയകാഠിന്യത്തെയും ദുർവാശിയേയും തകർക്കുകയും ചെയ്യേണമെ. അറിയുന്നതിനെ അനുകരിപ്പാൻ അവർക്കും ഞങ്ങൾക്കും ഒന്നുപോലെ നീ ശക്തി തന്നരുളുക. ഇങ്ങനെ ഏകതൊഴുത്തും ഏക ഇടയനുമായിത്തീർന്ന് ഇഹലോകത്തിലും പരലോകത്തിലും അങ്ങയുടെ സ്തുതി പാടുവാൻ ഞങ്ങളെ നീ യോഗ്യരാക്കേണമെ.
ആമ്മേൻ.
7 ത്രീത്വ.
പ്രതിജ്ഞ
റൂഹാദ്ക്കുദശായുടെ വെളിവ് പ്രാർത്ഥിച്ചു കൊണ്ട് മേലാൽ ദൈവവചനങ്ങളെ സന്തോഷത്തോടെ ഞാൻ കേൾക്കും.
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.