പരിശുദ്ധാരൂപിയുടെ വണക്കമാസം ഇരുപത്തൊന്നാം തിയതി
പരിശുദ്ധാരൂപി തണുത്ത ഹൃദയങ്ങളെ ചൂടാക്കുകയും വഴിതെറ്റിയവയെ തിരിക്കുകയും ചെയ്യുന്നു
പ്രായോഗിക ചിന്തകള്‍
1.നിന്റെ ഇടയിലുള്ള പാപികളെ അനുതാപത്തിലേക്ക് കൊണ്ടുവരുവാന്‍ നീ ശ്രമിച്ചിട്ടുണ്ടോ?
2.അജ്ഞാനികളെ മനസ്സുതിരിപ്പാനും, പുതു ക്രൈസ്തവരെ മതനിഷ്ഠയില്‍ നടത്തുവാനും നീ വല്ലതും ചെയ്യുന്നുണ്ടോ?
3.സത്യവഴിയെ നടക്കുവാനും നിന്റെ കീഴുള്ളവരെ നടത്തുവാനും വേണ്ട വെളിവിനായി പരിശുദ്ധാരൂപിയോട് നീ പ്രാര്‍ത്ഥിക്കുന്നുണ്ടോ?
പക്ഷപ്രകരണങ്ങള്‍
വെളിവിന്റെ അരൂപിയായ റൂഹാദ്ക്കുദശാ തമ്പുരാനെ, അങ്ങ് എഴുന്നെള്ളിവരിക. അങ്ങയുടെ വെളിവിന്റെ കതിര് ആകാശത്തില്‍ നിന്നും അങ്ങ്
അയയ്ക്കുക. അന്ധകാരത്തിന്റെ നാടായ ഈ ലോകത്തില്‍ ജീവിക്കുന്ന അങ്ങയുടെ മക്കളായ ഞങ്ങളുടെ ബോധത്തിന്റെ അന്ധകാരമെല്ലാം അങ്ങ് മാറ്റുക. എന്തുകൊണ്ടെ ന്നാല്‍ ആദത്തിന്റെ പാപം നിമിത്തം ഞങ്ങളുടെ ബോധങ്ങള്‍ സത്യം ഗ്രഹിപ്പാന്‍ വശമില്ലാത്തവയായി തീര്‍ന്നിരിക്കുന്നു. ലൗകികശാസ്ത്രങ്ങളെ അന്വേഷിച്ചും ലോകസാമര്‍ത്ഥ്യത്തെ തേടിയും നടക്കുന്ന ഞങ്ങള്‍, രക്ഷയുടെ കാര്യത്തില്‍ അറിവു കുറഞ്ഞവരും അറിവാനാഗ്രഹമില്ലാത്തവരും ആയിപ്പോയി. ഭരിക്കുന്നവരിലാകട്ടെ ഭരിക്കപ്പെടുന്നവരിലാകട്ടെ, നേര്‍ബുദ്ധിയും നീതിബോധവും കാണ്‍മാനില്ല. ഭക്തജീവിതം കഴിക്കുന്നവരിലും പുണ്യാത്മാക്കളില്‍ തന്നെയും ലോകാരൂപി നിറഞ്ഞിരിക്കുന്നു. പൗലോസിന് പ്രത്യക്ഷമായ ദിവ്യവെളിച്ചമേ, നിന്റെ അരൂപിയെ അയച്ച് ഞങ്ങളെ നീ വഴികാണിക്കേണമെ. നാശമാര്‍ഗ്ഗത്തില്‍കൂടി ഇനിയും മുമ്പോട്ടു ഗമിപ്പാന്‍ ഞങ്ങളെ അങ്ങ് അനുവദിക്കല്ലെ.
അന്ധകാരത്തില്‍ നിന്നും വെളിച്ചമുണ്ടാകുവാന്‍ കല്പിച്ചവനെ, ഞങ്ങളിലും സത്യപ്രകാശമുണ്ടാകുവാന്‍ അങ്ങ് അരുളിച്ചെയ്യുക. കീഴുള്ളവരില്‍ അനുസരണശീലവും മേലുള്ളവരില്‍ നീതിബോധവും വരുത്തിയരുളേണമെ. പാപത്തില്‍ തഴങ്ങിയും, തണുത്തും ലോകാരൂപിയുടെ കാറ്റേറ്റും മന്ദീഭവിച്ചിരിക്കുന്ന ഞങ്ങളെ ഉണര്‍ത്തുവാന്‍ അങ്ങല്ലാതെ മറ്റാരുമില്ല. സ്വര്‍ഗ്ഗീയാഗ്‌നിയായ പരിശുദ്ധാരൂപിയേ, ഞങ്ങളുടെ ഹൃദയങ്ങളെ സ്വര്‍ഗ്ഗീയ ആശകളിലേക്കുയര്‍ത്തി ദിവ്യസ്‌നേഹാഗ്‌നിയാല്‍ അതിനെ അങ്ങ് നിറയ്ക്കുക. ഇങ്ങനെ ഞങ്ങളെല്ലാവരും അങ്ങയുടെ വെളിച്ചത്തില്‍ക്കൂടി നടന്നു സത്യവെട്ടമായ നിന്റെ പക്കല്‍വന്നുചേര്‍ന്ന്, നിത്യമായി ആനന്ദിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് നീ തന്നരുളേണമെ.
ആമ്മേന്‍.
7 ത്രിത്വ.
പ്രതിജ്ഞ
ഭരണാധികാരികള്‍ക്കു ദൈവ വെളിവുണ്ടാകുവാനായി പ്രാര്‍ത്ഥിക്കുകയല്ലാതെ, മേലാല്‍ ഞാന്‍ അവരുടെ ദൂഷ്യഭാഗങ്ങളെ പരിശോധിക്കുകയില്ല.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.