നസ്രത്തിലെ വി. യൗസേപ്പിതാവിന്റെ ദേവാലയത്തെ കുറിച്ച് അറിയേണ്ടേ?
ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.
നസ്രത്തിലെ വി. യൗസേപ്പിതാവിന്റെ ദേവാലയം
നസ്രത്തില്‍ യൗസേപ്പ് പിതാവിന്റെ ഭവനമുണ്ടായിരുന്ന സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ദേവാലയമാണിത്. മംഗളവാര്‍ത്ത ബസിലിക്കയോട് ചേര്‍ന്നുള്ള ഫ്രാന്‍സിസ്‌കന്‍ ആശ്രമം കഴിഞ്ഞാല്‍ ഈ ദേവാലയത്തിലെത്താം. പരസ്യ ജീവിതത്തിന് മുമ്പുള്ള നീണ്ട 30 വര്‍ഷങ്ങള്‍ യേശു ചിലവഴിച്ച സ്ഥലമാണിത്. ഏഴാം നൂറ്റാണ്ടില്‍ വിശുദ്ധനാട് സന്ദര്‍ശിച്ച ആര്‍ക്കള്‍ഫ് എന്ന തീര്‍ത്ഥാടകന്റെ കുറിപ്പുകളില്‍ ഇവിടെ മുമ്പുണ്ടായിരുന്ന ദേവാലയത്തെപ്പറ്റിയുള്ള വിവരണങ്ങള്‍ കാണാം.
ഉണ്ണിയേശുവിന്റെ പോഷണത്തിന്റെ ദേവാലയം (The Church of Nutrition) എന്നാണ് ഇത് അറിയപ്പെടുന്നത്.
12ാം നൂറ്റാണ്ടിലെ മുസ്ലീം അധിനിവേശത്തിന് നസ്രത്തിലെ ദേവാലയങ്ങള്‍ എല്ലാം തകര്‍ക്കപ്പെട്ടു. 17ാം നൂറ്റാണ്ടിലാണ് നസ്രത്തിലെത്തിയ ഫ്രാന്‍സിസ്‌കന്‍ സന്യാസികള്‍ 1754ല്‍ യൗസേപ്പിതാവിന്റെ പണിപ്പുരയും ഭവനവുമുണ്ടായിരുന്നതായി പരമ്പരാഗതമായി അറിയപ്പെട്ടിരുന്ന സ്ഥലത്ത് ഒരു ദേവാലയം നിര്‍മ്മിച്ചു. 1914ല്‍ പുതുക്കി പണിത ദേവാലയമാണ് ഇപ്പോഴുള്ളത്. യൗസേപ്പിതാവിന്റെ ഭവനത്തിന്റെയും പണിപ്പുരയുടെയും അവശിഷ്ടങ്ങള്‍ ദേവാലയത്തിനു കീഴില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. യേശുവിന്റെ കുലത്തിലെ നസ്രത്ത് ഗ്രാമത്തിന്റെ അവശിഷ്ടങ്ങളും ദേവാലയത്തോട് ചേര്‍ന്നുള്ള മ്യൂസിയത്തില്‍ കാണാം.
പള്ളിയുടെ അള്‍ത്താരക്ക് പിന്നിലുള്ള ചുവരില്‍ മധ്യത്തില്‍ യൗസേപ്പിതാവിന്റെയും മേരിയുടെയും കൂടെ നില്‍ക്കുന്ന ബാലനായ യേശുവിന്റെയും വലതുവശത്ത് യൗസേപ്പിതാവിന്റെ ഉറക്കറയും, ഇടതു വശത്ത് യൗസേപ്പിതാവിന്റെ മരണവും ചിത്രീകരിച്ചിരിക്കുന്നു.അള്‍ത്താരയുടെ കീഴിലുള്ള ക്രിപ്റ്റില്‍ കുരിശുയുദ്ധക്കാരുടെ സമയത്ത് ഉണ്ടായിരുന്ന ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തിയിട്ടുണ്ട്. ആദ്യ നൂറ്റാണ്ടില്‍ യഹൂദരുടെ ശുദ്ധീകരണത്തിന് ഉപയോഗിച്ചിരുന്ന ഒരു ജലസംഭരണി (Migine) പിന്നീട് മാമ്മോദീസ തൊട്ടിയായി രൂപാന്തരപ്പെടുത്തി ഉപയോഗിച്ചതും ഇവിടെ നിലനിര്‍ത്തിയിട്ടുണ്ട്.
യേശുവിന്റെ മനുഷ്യാവതാരത്തില്‍ മറിയത്തോടൊപ്പം ദൈവത്തോട് സഹകരിച്ച യൗസേപ്പിതാവ് മത്താ: 1/1819: യേശു ക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ അവര്‍ സഹവസിക്കുന്നതിന് മുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു. അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. യൗസേപ്പിതാവ് ദൈവം കല്‍പ്പിച്ചത് മാത്രം പ്രവര്‍ത്തിച്ചിരുന്നു. തിരുക്കുടുംബത്തിന്റെ തലവനായ യൗസേപ്പിതാവ് തൊഴിലാളികളുടെ മധ്യസ്ഥനാണ്. നല്ല മരണത്തിനായി യൗസേപ്പിതാവിനോട് നാം മധ്യസ്ഥം തേടാറുണ്ട്.
പ്രാര്‍ത്ഥന:
മറിയത്തെ അപമാനിക്കാതെ തന്റെ ജീവനെക്കാള്‍ വിലകല്‍പ്പിച്ച വി. യൗസേപ്പിതാവേ ഞങ്ങളുടെ കുടുംബങ്ങളില്‍ പരസ്പര സ്‌നേഹവും ബഹുമാനവും വളര്‍ത്തേണമെ. തന്നെക്കാള്‍ ഉപരി മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുവാനും അവര്‍ക്കായുള്ള കരുതലോടെ ജീവിക്കാനുമുള്ള കൃപ ഞങ്ങള്‍ക്ക് നല്‍കണമേ. ആമേന്‍
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.