കാതറിന്‍ എമ്മിറിച്ച് ദര്‍ശനത്തില്‍ കണ്ട തിരുക്കുടുംബത്തിന്റെ യാത്ര
വീണ്ടും ബത്ലഹേമിലേയ്ക്കുള്ള യാത്ര പുനരാരംഭിച്ചു. ഇന്ന് കഴുതക്കുട്ടി സാധാരണ ആളുകൾ സഞ്ചരിക്കുന്ന പാതകൾ തെരഞ്ഞെടുത്തതായി എനിക്ക് തോന്നി.യാത്രയ്ക്കിടയിൽ കയ്യിൽ കരുതിയിരുന്ന അപ്പകഷണങ്ങളും ജലവും കഴിച്ച് അവർ യാത്രതുടർന്നു.
കുറേ കഴിഞ്ഞ മറിയം ക്ഷീണിതയായപ്പോൾ വിശ്രമത്തിനായി അവർ സ്ഥലം അന്വേഷിച്ചു.ഒരു ഭവനം അടുത്ത് കണ്ടപ്പോൾ ജോസഫ് ആ ഭവനത്തിന്റെ വാതിലിൽ മുട്ടി ഗൃഹനാഥൻ പുറത്തിറങ്ങി. ജോസഫ് വിശ്രമത്തിനായി സ്ഥലം യാചിച്ചു. എന്നാൽ ഈ ഗൃഹനാഥൻ ഇത്രയും ഗർഭാവസ്ഥ പിന്നിട്ട സ്ത്രീയുമായി യാത്ര ചെയ്യുന്നതിന് ജോസഫിനെ വഴക്കു പറഞ്ഞു അകത്തേക്ക് കയറി പോവുകയാണ് ചെയ്തത്.പെട്ടെന്ന് ഒരു സ്ത്രീ പുറത്തേക്ക് വന്ന് അവരെ കണ്ട് മനസ്സലിഞ്ഞ് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു മുറി അവർക്ക് വിശ്രമത്തിനായി നൽകുകയും കുറച്ചു ഭക്ഷണം നൽകുകയും ചെയ്തു.അപ്പോൾ ഗൃഹനാഥന്റെ മനസ്സ് അലിയുകയും അവരോട് സ്നേഹത്തോടെ പെരുമാറുകയും ചെയ്തു.
അധികം വൈകാതെ യാത്ര പുനരാരംഭിച്ചു.പിന്നീടങ്ങോട്ട് ഇടയ്ക്കിടെ വിശ്രമത്തിനായി യാത്ര നിർത്തുന്നതാണ് ഞാൻ കണ്ടത്.മറിയം വളരെ ക്ഷീണിതയായതാണ് കാരണം. ചിലർ തിരുകുടുംബത്തെ സ്വീകരിച്ചു. ചിലർ വാതിലടച്ചു. പക്ഷേ,ഒരു പരാതിയുമില്ലാതെ ജോസഫ് മറ്റൊരു ഭവനം തേടുന്നതാണ് കണ്ടത്.
ബത്‌ലഹേമിൽ നിന്ന് മൂന്ന് സ്താദിയോൺ അകലെ എത്തിയപ്പോൾ ഒരു ഭവനത്തിൽ വിശ്രമത്തിനായി തിരുക്കുടുംബം പ്രവേശിച്ചു. അവിടുത്തെ ഗൃഹനാഥ വളരെ സ്നേഹത്തോടെ അവിടെത്തന്നെ തുടരാൻ ജോസഫിനെയും മറിയത്തെയും നിർബന്ധിച്ചു. ഏതു നിമിഷവും പ്രസവം നടന്നേക്കാം എന്നും അതിനാൽ ഈ ഭവനത്തിൽ പ്രസവത്തിനുള്ള ഒരുക്കങ്ങൾ ചെയ്യാമെന്നും ആ സ്ത്രീ പറഞ്ഞു.പക്ഷേ, മറിയം പറഞ്ഞു, തനിക്ക് ഇനിയും 36 മണിക്കൂർ കാത്തിരിക്കുവാൻ ഉണ്ട് എന്ന്.ജോസഫ് പറഞ്ഞു തന്റെ ബന്ധുക്കളുടെ ഭവനങ്ങളും സത്രങ്ങളും ബദ്ലഹേമിൽ ഉണ്ട്.അതിനാൽ അവിടെ നിശ്ചയമായും തങ്ങൾക്ക് സ്ഥലം ലഭിക്കുമെന്ന്. പക്ഷേ, എനിക്ക് ഇത് വേദനാജനകമായി തോന്നി.കാരണം, സ്ഥലം ലഭിക്കാതെ ജോസഫ് വിഷമിക്കും എന്ന് നമുക്കറിയാമല്ലോ.
വീണ്ടും യാത്ര തുടർന്നു.നഗരത്തിന്റെ തെക്കുഭാഗത്ത് കൂടെ അവർ നഗരത്തിൽ പ്രവേശിച്ചു. എല്ലായിടത്തും വലിയ തിരക്ക് അനുഭവപ്പെട്ടു. സ്ഥലം ലഭിക്കാത്തതിനാൽ തുറസ്സായ സ്ഥലങ്ങളിൽ ആളുകൾ കൂടാരമടിക്കുന്നുണ്ടായിരുന്നു. ജോസഫ് തന്റെ ബന്ധുക്കളെ ഓരോരുത്തരെയായി സമീപിച്ചു. പൂർണ്ണഗർഭിണിയായ സ്ത്രീയെ ഇത്രയും തിരക്കുള്ള സ്ഥലത്തേക്ക് കൊണ്ടുവന്നതിന് പലരും ജോസഫിനെ ശകാരിച്ചു. ഒരിടത്തും സ്ഥലവും ലഭിച്ചില്ല.
അവരോടൊപ്പം ഉണ്ടായിരുന്ന കഴുതക്കുട്ടി തിരക്കിനിടയിൽ എവിടെയോ മറഞ്ഞു.പക്ഷേ, ഈ ബഹളങ്ങളൊന്നും മറിയത്തെ ബാധിച്ചില്ല.അവൾ ശാന്തയായി കഴുതപ്പുറത്ത് തന്നെ ഇരുന്നു.എന്നാൽ, ജോസഫ് കൂടുതൽ ആശങ്കാകുലനായി കൊണ്ടിരുന്നു.മറിയത്തെ ഒരു സ്ഥലത്ത് ഇരുത്തി സ്ഥലം അന്വേഷിക്കാം എന്ന് അദ്ദേഹം കരുതി.ഒരു നാരക മരത്തിന്റെ കീഴിൽ തുണികൾ അടുക്കി മറിയത്തെ അവിടെ ഇരുത്തി. ജോസഫ് കുറച്ച് ദൂരം ഒരു മുറി അന്വേഷിച്ച് മുന്നോട്ടു പോയി.
ഓരോ തവണ മറിയത്തിന് അടുക്കലേക്ക് വരുമ്പോഴും ജോസഫ് കൂടുതൽ ദുഃഖിതനായിരുന്നു.പക്ഷേ, ഒന്നും പുറത്തുകാണിക്കാതെ അദ്ദേഹം മറിയത്തെ ശക്തിപ്പെടുത്തി. അവസാന പ്രതീക്ഷയും മങ്ങിയപ്പോൾ അതീവ ദുഃഖത്തോടെ മറിയത്തിന്റെ മുൻപിൽ കണ്ണുനീർ പൊഴിച്ച് ജോസഫ് നിസ്സഹായനായി നിന്നു.മറിയം ജോസഫിനെ ആശ്വസിപ്പിച്ചു.
കുറച്ചുനേരത്തെ മൗന പ്രാർത്ഥനയ്ക്ക് ശേഷം ജോസഫ് ആട്ടിടയന്മാർ രാത്രി ആടുകളെ പാർപ്പിക്കുന്ന ഒരു സ്ഥലത്തെ കുറിച്ച് ഓർത്തു. ചെറുപ്പം മുതൽ അദ്ദേഹത്തിന് ആ സ്ഥലം പരിചിതമായിരുന്നു. കഴുതപ്പുറത്ത് മറിയത്തെ ഇരുത്തി ആ സ്ഥലത്തേക്ക് ജോസഫ് കഴുതയെ നയിച്ചു. അത് കാലികൾ രാപാർക്കുന്ന ഒരു ഗുഹ ആയിരുന്നു.ഈ ഗുഹയിൽ ആയിരുന്നു ഹവ്വ തന്റെ മകനായ സേത്തിനെ പ്രസവിച്ചത് എന്ന് എനിക്ക് വെളിപ്പെട്ടു.
സന്ധ്യാ സമയത്താണ് തിരുകുടുംബം ഈ ഗുഹയിൽ പ്രവേശിച്ചത്. പെട്ടെന്ന് കാണാതായ കഴുതകുട്ടി എവിടെ നിന്നോ ഓടി വന്നു അവരുടെ അടുക്കൽ സന്തോഷം പ്രകടിപ്പിച്ചു നിന്നു. മറിയം പറഞ്ഞു:” നോക്കൂ, തീർച്ചയായും ഇത് കർത്താവിന്റെ ഹിതം ആണ്…. നാം ഈ സ്ഥലത്ത് വരണമെന്നത്… ” ജോസഫ് ഒരു വിളക്കു തെളിച്ച് ഗുഹയ്ക്കകത്ത് സ്ഥലം ഒരുക്കി.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.