ഈശോയുടെ തിരുരക്തത്തോടുളള ഭക്തി
ഈശോയുടെ തിരുരക്തത്തോടുളള ഭക്തി പരിശുദ്ധ കത്തോലിക്കാസഭയിൽ പുതുതല്ല. അത് നമ്മുടെ നാഥൻ പരിശുദ്ധ കുJesusർബാനയും പൗരോഹിത്യവും സ്ഥാപിച്ച ആദ്യത്തെ പെസഹാവ്യാഴാഴ്ചയോളം പഴക്കമുളളതാണ്. തന്റെ പീഡാനുഭവത്തിന്റെ തലേരാത്രിയിലെ,”’ഇത് നിങ്ങൾക്കായി നൽകപ്പെടുന്ന എന്റെ ശരീരമാകുന്നു. എന്റെ ഓർമയ്ക്കായി ഇത് ചെയ്യുവിൻ… ഈ പാനപാത്രം നിങ്ങൾക്കായി ചിന്തപ്പെടുന്ന എന്റെ രക്തത്താൽ മുദ്ര വെക്കപ്പട്ട ദൈവത്തിന്റെ പുതിയ ഉടമ്പടിയാകുന്നു” (ലൂക്ക 22:19-20) എന്നുളള അവിടുത്തെ വചനങ്ങൾ അപ്പോസ്തലൻമാരിൽ ആത്മീയ ഉണർവും തീക്ഷ്ണതയും ജനിപ്പിക്കുന്നതിന് കാരണമായി.
അതിനുമുൻപ് അവർ പല അത്ഭുതങ്ങളും കണ്ടിരുന്നുവെങ്കിലും പരിശുദ്ധ കുർബാനയുടെ സ്ഥാപനസമയത്ത് കുരിശിലെ ത്യാഗവും പുതിയ നിയമത്തിന്റെ ബലിയും പരമോന്നതമായ ആരാധന ലഭിക്കേണ്ട കൂദാശയും അത്ഭുതകരമായ അവിടുത്തെ സാന്നിധ്യവും അവിടുത്തെ പീഡാസഹനങ്ങളുടെ സ്ഥായിയായ ഓർമയാചരണവും ഉൾക്കൊളളുന്ന അത്ഭുതങ്ങളുടെ അത്ഭുതം അവർ ദർശിച്ചു. ക്രിസ്തു തന്നെത്തന്നെ അനുരഞ്ജനത്തിന്റെയും രക്ഷയുടെയും ബലിയായി, നിത്യജീവന്റെ ഭക്ഷണമായി, വിലയേറിയതും അത്ഭുതകരവുമായ ആ അത്താഴവിരുന്നിൽ സമർപ്പിക്കുന്നതു കൺകുളിർക്കെ കാണുവാൻ ഭാഗ്യം ലഭിച്ച അവർ മഹത്വപൂർണമായ ആ സാന്നിധ്യത്തെ വിവരിക്കാനാവാത്ത വിശ്വാസത്തോടെ ആരാധിച്ചു.
അന്നുമുതൽ ഇന്നുവരെ പരിശുദ്ധ കത്തോലിക്കാസഭയിൽ തുടർന്നുപോരുന്ന ഈ ആരാധന അവിടുന്ന് മഹത്വപൂർണനായി രണ്ടാമത് വരുന്നതുവരെ തുടരുകയും ചെയ്യും. അതാണ് കർത്താവിന്റെ കല്പ്പന. അവിടുത്തെ പ്രത്യാഗമനംവരെ കർത്താവിന്റെ മരണത്തെ പ്രഘോഷിക്കുന്നത് നാം തുടരണം (1 കോറി. 11:26).
‘ഇത് നിങ്ങൾ എന്റെ ഓർമക്കായി ചെയ്യുവിൻ’ എന്ന കർത്താവിന്റെ കൽപ്പനയനുസരിച്ച് വിശുദ്ധ ബലിയർപ്പിക്കുന്നത് സഭ തുടരുന്നിടത്തോളം കാലം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ തിരുശ്ശരീരത്തോടും വിലയേറിയ തിരുരക്തത്തോടുമുളള ഭക്തി അവൾ നിലനിർത്തുന്നു. ഈശോയ്ക്ക് നമ്മോടുളള സ്‌നേഹത്തിന്റെ ആഴം കാണിക്കുന്ന അവിടുത്തെ പീഡാസഹനത്തിന്റെ നിത്യമായ ഓർമയും ജീവനുളള ഒരു ബലിയുമാണ് അവൾ അർപ്പിക്കുന്നത്. ബഹുമാനത്തോടും ഓജസ്സോടുംകൂടി വിശുദ്ധ ബലിയിൽ പങ്കുകൊളളുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ദിവ്യകാരുണ്യനാഥനോടുളള നമ്മുടെ ഭക്തി പ്രകടിപ്പിക്കുന്നതിനുളള ഏറ്റുവും ഉത്തമമായ മാർഗം. കുരിശിലെ ബലിയാണ് യഥാർത്ഥത്തിൽ വിശുദ്ധ കുർബാനയെന്ന് തിരിച്ചറിഞ്ഞാൽ നാം കൂടുതൽ ഭക്തിയോടും ശ്രദ്ധയോടും കൂടെ ആരാധിക്കും.
പെസഹാരഹസ്യത്തിന്റെ പുനരാഖ്യാനമാണ് വിശുദ്ധ കുർബാന. കുരിശിലെ ത്യാഗം നിലനിൽക്കുന്ന ബലിയുടെ ഓർമ്മയാചരണവും ഈശോയുടെ തിരുശ്ശരീരവും രക്തവുമായി ആത്മബന്ധം പുലർത്തുന്നതിനുളള വിശുദ്ധ സദ്യയുമാണ്. ഈശോയുമായും മറ്റുളളവരുമായും നാം ബലിയിൽ ഒന്നായിത്തീരുന്നു. നമ്മുടെ ആത്മാക്കൾ കൃപയാൽ നിറയുകയും ഭാവിമഹത്വത്തിന്റെ ഒരു അച്ചാരം നമുക്ക് നൽകപ്പെടുകയും ചെയ്യുന്നു. ഈ വിലമതിക്കാനാവാത്ത നിധികളൊക്കെയും നമ്മുടെ ഭക്തി അർഹിക്കുന്നു. ദിവ്യകാരുണ്യനാഥനോടുളള ഭക്തി പരിശുദ്ധ കുർബാനയുടെ ആശീർവാദത്തിലും ദിവ്യകൂദാശയിൽ എഴുന്നളളിയിരിക്കുന്ന ഈശോയെ ഇടയ്ക്കിടെ സന്ദർശിക്കുന്നതിലും ആരാധന എഴുന്നളളിച്ച് വെക്കുന്നതിലും തുടർന്നുപോകുന്നു. ഇവയിലെല്ലാം തിരുരക്തത്തോടുളള ഭക്തിയും നമുക്ക് കാണാം. കാരണം ജീവനുളള ഒരു വ്യക്തിയെന്ന നിലയിൽ അവിടുത്തെ രക്തത്തെ ശരീരത്തിൽനിന്ന് വേർപെടുത്താനാവില്ല.
തിരുരക്തജപമാല ദൈവീക കരുണയോടുളള ഭക്തിയിൽ നമ്മുടെ ആരാധന കേന്ദ്രീകരിച്ചിരിക്കുന്നത് ഈശോയുടെ വിലയേറിയ തിരുരക്തത്തിലാണ്. ആത്മാക്കൾക്കുവേണ്ടി പുറത്തേക്കൊഴുകിയ ജീവന്റെ ഉറവിടമാണ്’ തിരുരക്തം. നാം പ്രാർത്ഥിക്കുന്നതിപ്രകാരമാണ്; ‘ഈശോയുടെ തിരുവിലാവിൽനിന്ന് കാരുണ്യത്തിന്റെ ഉറവയായി ഞങ്ങൾക്കുവേണ്ടി ഒഴുകിയ രക്തമേ, ജലമേ, ഞാൻ അങ്ങിൽ ആശ്രയിക്കുന്നു. നമ്മുടെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി തുടർച്ചയായി നാം ഈശോയുടെ തിരുശ്ശരീരവും തിരുരക്തവും നിത്യപിതാവിന് സമർപ്പിക്കുന്നു. കരുണയുടെ ജപമാലയിൽ പത്തു മണികളിൽ നാം ചൊല്ലുന്ന മറുപടിയും തിരുരക്ത ജപമാലയുടെ പന്ത്രണ്ടു മണികളിൽ നാം ചൊല്ലുന്ന മറുപടിയും തമ്മിലുളള സാമ്യം ശ്രദ്ധിക്കുക.
കരുണയുടെ ജപമാലയുടെ പത്തു മണികൾക്ക് മറുപടിയായി നാം ‘ഞങ്ങളുടെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കണമേ’ എന്നു പ്രാർത്ഥിക്കുമ്പോൾ തിരുരക്ത ജപമാലയുടെ പന്ത്രണ്ടു മണികൾക്ക് മറുപടിയായി ‘ഞങ്ങളെയും ലോകം മുഴുവനെയും രക്ഷിക്കണമേ’ എന്ന് പ്രാർത്ഥിക്കുന്നു. ഇത് വരച്ചുകാണിക്കുന്നത് ഒരേ ദൈവികസ്രോതസ്സിൽനിന്ന് സമാനമായ താൽപ്പര്യം വരുന്നതിനെയാണ്. യഥാർത്ഥത്തിലുളള ഭക്താഭ്യാസങ്ങൾ പരസ്പര വിരുദ്ധങ്ങളല്ല, മറിച്ച് ഒന്ന് മറ്റൊന്നിനെ പൂർ ത്തീകരിക്കുന്നതായിരിക്കും.
കൂടാതെ ഇവ ദിവ്യകാരുണ്യ ഭക്താഭ്യാസങ്ങളാണ്. വിശുദ്ധ ബലിയിൽ നാം ആഘോഷിക്കുന്ന സംഭവങ്ങളാണ് അവയും ധ്യാനവിഷയമാക്കുന്നത്. വിശുദ്ധബലിക്കുളള ഒരുക്കമായും കുർബാനയ്ക്ക് ശേഷമുളള നന്ദിപ്രകടനമായും അവയെ ഉപയോഗിക്കാം. പലതരത്തിലുളള ഭക്താഭ്യാസങ്ങളോട് കുറച്ചുപേർക്ക് എതിർപ്പാണ്. അവർ ചോദിക്കുന്നു: എന്തിനാണ് ക്രിസ്തുവിനെ നിങ്ങൾ വിഭജിക്കുന്നത്?
ചിലർ ഈശോയുടെ തിരുഹൃദയത്തോട് ഭക്തികാണിക്കുന്നു; മറ്റു ചിലർ അവിടുത്തെ തിരുമുഖത്തോട്, തിരുമുറിവുകളോട്, തിരുരക്തത്തോട് അങ്ങനെ പോകുന്നു. എന്നാൽ വിശ്വാസീ സമൂഹങ്ങളുടെ സാംസ്‌കാരിക വൈവിധ്യത്തിനനുസരിച്ചും ആത്മീയ നിലപാടുകൾക്കനുസൃതമായും ഇത്തരമൊരു ബഹുമുഖ ആരാധന തികച്ചും ആശാസ്യമാണെന്നതാണ് വസ്തുത. അവയെല്ലാം പരസ്പര പൂരകങ്ങളുമാണ്. ധാരാളമായിരിക്കുന്ന ഭക്താഭ്യാസങ്ങളെക്കുറിച്ച് കലഹിക്കുന്നതിന് പകരം ഈ കത്തോലിക്കാ ഭക്താഭ്യാസങ്ങളിലുളള അനിർവചനീയമായ സമ്പത്തിനെയോർത്ത് നാം ദൈവത്തിന് നന്ദി പറയണം.
മറിയത്തോടൊപ്പം ക്രിസ്തുവിനെ ധ്യാനിക്കുക
വിശുദ്ധ ഡോമിനിക്കിന് നൽകപ്പെട്ട പരിശുദ്ധ മാതാവിന്റെ ജപമാലയിൽ യേശുവിന്റെ ജീവിതത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും പുതിയ ഉടമ്പടിയുടെ സംഗ്രഹവും നമ്മുടെതന്നെ ഭാവി മഹത്വവും ദൈവം നമുക്ക് ധ്യാനത്തിനായി നൽകുന്നു. മാതാവിനോടൊപ്പമാണ് നാം ജപമാലയിൽ പ്രാർത്ഥിക്കുന്നത്. അങ്ങനെ ചെയ്യുന്നത് നാം തുടരണം. മറിയത്തിന്റെ ഒരു പൈതലും ലോകമെമ്പാടുമുളള പരിശുദ്ധ അമ്മയുടെ കുഞ്ഞുങ്ങളോട് അവനെയും അവളെയും യോജിപ്പിക്കുന്ന മാതാവിനോടൊപ്പമുളള ജപമാലയർപ്പണം നടത്താതെ കിടന്നുറങ്ങരുത്. ജപമാലയർപ്പിക്കുകയും അവളുടെ ജീവിതം ജീവിക്കുകയും ചെയ്യുന്നത് വളരെ ശക്തവും പ്രതിഫലം ലഭിക്കുന്നതുമാണ്. മാതാവിനോട് ഭക്തിയുളളത് സ്വർഗത്തിൽ പോകുമെന്ന മുൻവിധിയുടെ അടയാളവുമത്രേ.
ഗുരുതരമായ ഒരു സമയത്ത് ദാനമായി നൽകപ്പെട്ടിരിക്കുന്ന സമ്മാനങ്ങളാണ് വിശുദ്ധ കുർബാനയോടുളള ഭക്തിയും ദൈവകരുണയോടുളള ഭക്തിയും മാതാവിനോടുളള ഭക്തിയുടെ നവീകരണവും തിരുരക്തജപമാലയും. പ്രസ്തുത ദാനങ്ങൾ ഉപയോഗിക്കാത്ത പക്ഷം ഈ അവസ്ഥ കൂടുതൽ ഭയാനകമാകാം. നമ്മുടെ കർത്താവായ യേശുവിന്റെ തിരുമുറിവുകളോടുളള ഭക്തി ഉൾക്കൊളളുന്ന തിരുരക്തജപമാല ഈ പ്രക്ഷുബ്ധമായ കാലഘട്ടത്തിന്റെ വിലമതിക്കാനാവാത്ത ഒരു ആത്മീയ ദാനമാണ്. നമ്മുടെ ശ്രദ്ധ മുഴുവൻ നാം ക്രൂശിതനായ നാഥനിൽ കേന്ദ്രീകരിക്കുന്നു. സകല കൃപകളുടെയും മദ്ധ്യസ്ഥയും അഭിഭാഷകയും സഹരക്ഷകയും ദു:ഖത്തിന്റെ പുത്രിയുമായ നമ്മുടെ പരിശുദ്ധ അമ്മയോടൊപ്പം ഈശോയുടെ കുരിശിന് മുൻപിൽ നിൽക്കുന്നു എന്നതാണ് ഈ ജപമാലയെ വളരെ ശക്തിയുളളതാക്കിത്തീർക്കുന്നത്. അവിടുത്തെ അഞ്ച് തിരുമുറിവുകളിലേക്കും അവയിലൂടെ അവിടുന്ന് ഒഴുക്കിയ രക്തത്തിലേക്കും ജലത്തിലേക്കുമാണ് നമ്മുടെ നോട്ടം.
പരിശുദ്ധ അമ്മയോടൊപ്പം ഈശോയുടെ മുറിവുകളോടും രക്തത്തോടും നാം യാചിക്കുന്നു,
കാരണം ഈ ദിനങ്ങൾ തിൻമ നിറഞ്ഞതാണ് (എഫേ. 5:16). പിശാചിന്റെ കുതന്ത്രങ്ങളെയും ആക്രമണങ്ങളെയും ചെറുത്തുനിൽക്കുവാൻ സാധിക്കുന്നതിന് സംരക്ഷണത്തിന്റെ പടച്ചട്ടകളായ മാതാവിന്റെ വിമലഹൃദയത്തിനും ഈശോയുടെ തിരുഹൃദയത്തിനും വിലയേറിയ തിരുരക്തത്തിനും നമ്മെത്തന്നെ സമർപ്പിക്കുന്നതിലൂടെയും ഭരമേൽപ്പിക്കുന്നതിലൂടെയും മാതാവിന്റെ രക്ഷാധികാരത്തിലേക്ക് നാം ഓടിയണയേണ്ടത് ആവശ്യമായിരിക്കുന്നു (എഫേ. 6:10-13). രഹസ്യങ്ങൾ യോഗാത്മകമായ കാര്യങ്ങളെക്കുറിച്ചാണ്; അവ ആത്യന്തിക കാര്യങ്ങളായ ദൈവരാജ്യത്തെയും ദൈവമഹത്വത്തെയും ആത്മാക്കളുടെ രക്ഷയെയും വിശ്വാസികളുടെ നന്മയെയും സംബന്ധിക്കുന്നതാണ്.
വളരെ ശക്തിയുളള ഒരു പ്രാർത്ഥനയാണ് തിരുരക്തജപമാല. ആത്മാവിന്റെ തലത്തിലുളള എല്ലാ ശക്തമായ കാര്യങ്ങളെയും പോലെ ഇത് സരളവും ഉത്കൃഷ്ടവും സാന്ത്വനം നിറഞ്ഞതുമാണ്. സാർവത്രികവും വ്യക്തിപരവുമായ ആവശ്യങ്ങൾ ഇത് ഉൾക്കൊളളുന്നു. ഇത് പ്രതിരോധത്തിനും രക്ഷയ്ക്കും വിമോചനത്തിനും കോട്ടകെട്ടലിനുമുളള ശക്തമായ ഒരു മാർഗമാണ്. വിശ്വസ്തതയോടെ ഈശോയുടെ ദൈവിക രക്തത്തിന് തന്നെത്തന്നെ സമർപ്പിക്കുന്ന ഏതൊരാളും സ്വർഗത്തിലും ഭൂമിയിലും സർവ അധികാരവുമുളളവനാൽ കേൾക്കപ്പെടുകയും മഹനീയദാനങ്ങളാൽ നിറക്കപ്പെടുകയും ചെയ്യാതിരിക്കുകയില്ല (മത്താ. 28:18).
നല്ലൊരു ജീവിതം നയിക്കുകയും സാത്താനെയും അവന്റെ സഹചരൻമാരെയും, അട്ടിമറിയിലൂടെ സ്വന്തമാക്കിയ അവന്റെ സിംഹാസനത്തിൽ നിന്ന് പുറത്താക്കിയ അതേ വിലയേറിയ തിരുരക്തംകൊണ്ട് അവനെ നേരിടുകയും ചെയ്യാത്തപക്ഷം സാത്താന്റെ രഹസ്യതന്ത്രങ്ങളെയും നിഗൂഢവഴികളെയും തകർക്കാനാവില്ല.
തിരുരക്തത്തോടുളള ഭക്തിയുടെ മറ്റു ഗുണങ്ങൾ
ഏകജാതനെത്തന്നെ കുരിശിൽ ബലിയായി നൽകിക്കൊണ്ട് നമ്മോടുളള തന്റെ സ്‌നേഹത്തിന്റെ വലുപ്പം കാണിച്ചുതന്ന ദൈവത്തെ മഹത്വപ്പെടുത്തുന്നതിനുളള ഒരു മാർഗമാണ് തിരുരക്തജപമാല (യോഹ. 3:16). നമ്മുടെ രക്ഷയുടെ ഉറവിടത്തിൽനിന്ന് അതിരില്ലാത്ത ദൈവകരുണ ഏറ്റുവാങ്ങുന്നതിനുളള പൂർണമായും ആശ്രയിക്കാവുന്ന ഒരു ഉപാധിയാണിത്. ഈശോയുടെ തിരുമുറിവുകളോടും തിരുരക്തത്തോടും ഭക്തിയുളള ആരും നശിച്ചുപോവില്ല. കുഞ്ഞാടിന്റെ രക്തത്താൽ മുദ്രിതമായ ഇസ്രായേൽ ഭവനങ്ങളെ മരണദൂതൻ സന്ദർശിക്കാതിരുന്നതുപോലെ തിന്മയുടെ കൂരമ്പുകൾക്ക് അവരെ തൊടാനാവില്ല (പുറ. 12:1-36). അവിടുത്തെ തിരുമുറിവുകളെയും തിരുരക്തത്തെയും ബഹുമാനിക്കുന്നവരുടെ സുരക്ഷയും സംരക്ഷണവും സ്വാതന്ത്ര്യവും കർത്താവ് ഉറപ്പ് വരുത്തുകയും ചെയ്യുന്നു. കുരിശിലെ നാഥനെ നോക്കുന്നത് അവിടുത്തെപ്പോലെ പുണ്യമുളളവരാകുവാനും ദൈവമഹത്വത്തിനായി ജീവിക്കുവാനും നമ്മുടെ ജീവിതത്തിൽ സ്വാർത്ഥതയെ നിർമാർജനം ചെയ്യുവാനും മരിക്കേണ്ടിവന്നാലും ദൈവത്തോടും അവിടുത്തെ കൽപ്പനകളോടും ചേർന്നുനിൽക്കുവാനും നമ്മെ വെല്ലുവിളിക്കുന്നു.
തിരുരക്തജപമാലയിലൂടെ ഈശോയുടെ തിരുരക്തത്തിന്റെയും തിരുമുറിവുകളുടെയും യോഗ്യതകൾ നാം സൗഖ്യത്തിനും വിടുതലിനുമായി ഉപയോഗിക്കുന്നു. കാരണം അവന്റെ മുറിവിനാൽ നാം സൗഖ്യമുളളവരായിത്തീരുന്നു (1 പത്രോ. 2:24). തിരുരക്തജപമാല ഉപയോഗിച്ച് പല തരത്തിലുളള നൊവേനകളിലൂടെ വ്യക്തിപരമായ ആവശ്യങ്ങളും നമ്മുടെയും മറ്റുളളവരുടെയും പ്രത്യേക നിയോഗങ്ങളും നമുക്ക് സമർപ്പിക്കാവുന്നതാണ്. സമാധാനമില്ലാത്ത കുടുംബങ്ങളും വ്യക്തികളും ഈ പ്രാർത്ഥന ചൊല്ലുമ്പോൾ ലോകത്തിന് നൽകാൻ സാധിക്കാത്ത സമാധാനം അവിടുന്ന് അവർക്ക് നൽകുന്നതിനാൽ ഉടൻതന്നെ കർത്താവിനെ മഹത്വപ്പെടുത്തും (യോഹ. 14:27).
തിരുരക്ത ജപമാലയെക്കുറിച്ച് മറ്റു വ്യക്തികളോടും പറയുക.
ഈശോയുടെ തിരുമുറിവുകളോടും വിലയേറിയ തിരുരക്തത്തോടും ഭക്തിയുളളവരുടെ ഭക്താഭ്യാസങ്ങളിൽ പങ്കുകൊളളുക. സമയം മോശമാണെന്ന സത്യത്തെ ആത്മീയാന്ധത ബാധിച്ചവർ മാത്രമേ നിഷേധിക്കൂ. തിരുരക്തജപമാല പ്രാർത്ഥിക്കുന്നതിലൂടെ നിങ്ങളെത്തന്നെയും ലോകം മുഴുവനെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വിലയേറിയ തിരുരക്തത്താൽ മറയ്ക്കുകയും അതിന്റെ ഫലമനുഭവിക്കുകയും ചെയ്യുക. ഒന്ന് പരീക്ഷിച്ചുനോക്കുന്നത് നിങ്ങളെ തീർച്ചയായും ബോധ്യപ്പെടുത്തും. പരിശുദ്ധ അമ്മ നമുക്കുവേണ്ടി യാചിക്കുന്നതുപോലെ കാരുണ്യത്തിന്റെ വിലയേറിയ തിരുരക്തം നമ്മെയും ലോകം മുഴുവനെയും രക്ഷിക്കട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ, ആമ്മേൻ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.