അനശ്വരമായ വിശുദ്ധവാര ഗാനങ്ങള്‍
വിശുദ്ധ വാരത്തില്‍ കേരളത്തിലെ ക്രൈസ്തവദേവാലയങ്ങളില്‍ നിന്നും ഈ ഗാനങ്ങള്‍ കേള്‍ക്കുവാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലേറെയായിരിക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഇന്നും വിശ്വാസികളെ ദുഖവെള്ളിയുടെ അനുശോചനത്തിലും, പെസഹായുടെ എളിമയിലും ഭക്തിയിലും നിലനിര്‍ത്താന്‍ ഈ രണ്ടുഗാനങ്ങളും സഹായിക്കുന്നു. കലാഭവന്റെ സ്ഥാപകനായ ആബേലച്ചനാണ് ആവര്‍ത്തനവിരസത ഏല്‍ക്കാത്ത ഈ വരികളുടെ രചയിതാവ്. എന്നാല്‍ ഹൃദയസ്പര്‍ശിയായ ഈ രണ്ടു പാട്ടുകള്‍ക്കും സംഗീതം നല്കിയ മനുഷ്യന്റെ പേര് പലര്‍ക്കും സുപരിചിതമല്ല. റാഫി ജോസ് എന്ന പേരില്‍ അറിയപ്പെട്ട എം.എഫ്. ജോസ് ആയിരുന്നു ആ കലാകാരന്.
കലാഭവനിലെ ആദ്യകാല ഗായകനും സംഗീതഞ്ജനുമായിരുന്ന കൊച്ചിക്കാരന് റാഫി ജോസ് ആണ് ‘ഗാഗുല്‍ത്താ മലയില്‍ നിന്നും’, ‘താലത്തില്‍ വെള്ളമെടുത്ത്’ എന്നീ ഗാനങ്ങളും കൂടാതെ ആബേലച്ചന്റെ ഒട്ടനവധി ഭക്തിഗാനങ്ങള്‍ക്കും ഈണം പകര്‍ന്നിരിക്കുന്നത്. എറണാകുളം മേനകയ്ക്കടുത്തുള്ള കടയില്‍ നിന്നും മാത്രം ലഭിക്കുന്ന ഹിന്ദിപ്പാട്ട് പുസ്തകങ്ങള്‍ വായിച്ചും, വല്ലപ്പോഴും റേഡിയോയില്‍ നിന്നും കേട്ടുമാണ് അദ്ദേഹം സംഗീതത്തെ അറിഞ്ഞു തുടങ്ങുന്നത്. ഹിന്ദിപ്പാട്ടുകള്‍ മികച്ച ഉച്ചാരണത്തില്‍ അതേപടി ഹൃദ്യസ്ഥമാക്കാനും പാടാനും ജോസിന് കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹ ത്തിന്റെ സുഹൃത്തുക്കള്‍ അനുസ്മരിക്കുന്നു. പതുക്കെ കൊച്ചിയിലെ ഗാനമേളകളില്‍ ആ ചെറുപ്പക്കാരന് കടന്നുവന്നുതുടങ്ങി. മുഹമ്മദ് റാഫിയുടെ അതേ ശബ്ദത്തില്‍ പാടി ജനമനസ്സ് നേടിയ അദ്ദേഹത്തിന് അങ്ങനെയാണ് ആ പേര് വീഴുന്നത്. റാഫി ജോസ്. ഹാര്‍മോണിയം, ഗിറ്റാര്‍ എന്നീ ഉപകരണങ്ങളിലൊക്കെ അദ്ദേഹത്തിന് സംഗീതനൈപുണ്യമുണ്ടായിരുന്നു.
ക്രിസ്ത്യന്‍ ആര്‍ട്സ് ക്ലബ് എന്നായിരുന്നു പ്രാരംഭ ഘട്ടത്തില്‍ കലാഭവന്‍ അറിയപ്പെട്ടിരുന്നത്. ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളും ആരാധനകളും സുറിയാനിയില്‍ നിന്നും മലയാളത്തിലേക്ക് മാറ്റുന്നതിലായിരുന്നു ആബേലച്ചന്റെ ശ്രമം. ആയിടയ്ക്കാണ് റാഫി ജോസ് കടന്നുവരുന്നതും ശേഷം കലാഭവന്‍ ഒരു സ്റ്റുഡിയോ ആയി മാറുന്നതും. അങ്ങനെ അവിടെവെച്ച് അദ്ദേഹം സംഗീത സംവിധായകന്റെ കുപ്പായമണിഞ്ഞു. ആബേലച്ചനോടൊപ്പം ചേര്‍ന്ന് മലയാളം കുര്‍ബാന, ആരാധന ഗാനങ്ങള്‍ തുടങ്ങിയവയ്ക്ക് ഒക്കെ റാഫി സംഗീതം നല്കി. അവയൊക്കെ പിന്നീട് റിക്കാര്‍ഡ് ചെയ്യപ്പെട്ടു. നിരവധി കലാകാരന്മാര് കലാഭവന്റെ ഭാഗമായി. അതിനുശേഷമാണ് കലാഭവന്‍ സ്വന്തമായി ഗാനമേള ഗ്രൂപ്പ് തുടങ്ങുന്നത്. അവയ്ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് റാഫി ജോസും.
ഒരിക്കല്‍ താന്‍ എഴുതിയ ചില ഗാനങ്ങള്‍ പ്രൊഫഷണലായി റിക്കാര്‍ഡ് ചെയ്യണമെന്ന് ആബേലച്ചന് ആഗ്രഹമുണ്ടായി. ഡിസ്കുകള്‍ ഇറക്കാമെന്നു എച്ച്.എം.വി സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് റാഫിയുടെ നേതൃത്തില്‍ കലാഭവന്‍ സംഘം ചെന്നൈയ്ക്ക് പുറപ്പെട്ടു. അങ്ങനെ അവിടെവെച്ച്, ഗാഗുല്‍ത്താമലയില്‍ നിന്നും, താലത്തില്‍ വെള്ളമെടുത്ത് എന്നീ ഗാനങ്ങള്‍ റിക്കോര്‍ഡ് ചെയ്യപ്പെട്ടു. ഭക്തിഗാന രംഗത്ത് ആദ്യമായി ഹിന്ദുസ്ഥാനി സംഗീതം പരീക്ഷിച്ചതും, അത് സ്വന്തമായി നോട്ട്സ് ഉണ്ടാക്കി ഓര്ക്കസ്ട്രേഷന് ചെയ്തതും ഒക്കെ റാഫിയായിരുന്നു. വെസ്റ്റേണ്‍ മ്യൂസിക്കിലും റാഫിക്ക് അവഗാഹമുണ്ടായിരുന്നു എന്നതിന് ഉദാഹരണമാണ് മൈനര്‍ സ്കെയിലില്‍ പരമാവധി സാധ്യത കണ്ടെത്തിയ ഗാഗുല്‍ത്താ മലയില്‍ നിന്നും എന്ന ഗാനം.
കെ.കെ ആന്റണി എന്ന സംഗീതസംവിധായകന്റെ കലാഭവന്‍ പ്രവേശനത്തെ തുടര്‍ന്ന് റാഫിയുടെ സാന്നിധ്യം പതുക്കെ മാഞ്ഞുതുടങ്ങി. അദ്ദേഹം കലാഭവനില്‍ നിന്നും സ്വയം ഉള്‍വലിഞ്ഞു എന്നതാണ് സത്യം. സോങ് ആന്റ് ഡ്രാമ ഡിവിഷനില്‍ ജോലി ലഭിച്ചതിനുശേഷം അദ്ദേഹം നാട്ടില്‍ വരുന്നത് പോലും വിരളമായി. മറാത്തി നാടകങ്ങള്‍ക്കും, പരസ്യ ചിത്രങ്ങള്‍ക്കും സംഗീതം നല്‍കികൊണ്ട് റാഫി മുംബൈയില്‍ സ്ഥിരതാമസമാക്കി. ‘ജോസിന്റെ മനസ്സില്‍ പാട്ടുമാത്രമേ ഉണ്ടായിരുന്നുള്ളു. കലാരംഗത്ത് പിടിച്ചു നില്‍ക്കാനുള്ള കരകൗശലമൊന്നും ആ പാവത്തിന് വശമില്ലായിരുന്നു. അല്ലെങ്കില്‍ ദേവരാജന്‍ മാസ്റ്റര്‍ക്ക് തൊട്ടുതാഴെ മലയാളത്തില്‍ പ്രതിഷ്ഠിക്കപ്പെടേണ്ട പ്രതിഭയായിരുന്നു റാഫി ജോസ്’ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന റെക്സ് ഐസക്സ് അഭിപ്രായപെടുന്നു.
2010 ഫെബ്രുവരിയില്‍ പ്രഗത്ഭനായ ആ മനുഷ്യന് ഹൃദയാഘാതം മൂലം തന്റെ കലാജീവിതത്തോട് വിട പറഞ്ഞു.