വി. യൗസേപ്പിതാവിന്റെയും പരിശുദ്ധ അമ്മയുടെയും വിവാഹനിശ്ചയം

പരമ്പരാഗത കത്തോലിക്കാ വിശ്വാസമനുസരിച്ച് ഈശോയുടെ മാതാപിതാക്കൾ വിവാഹ നിശ്ചയം നടത്തിയിരുന്നു. ” യേശുക്രിസ്‌തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്‌ചയം കഴിഞ്ഞിരിക്കെ, അവര് സഹവസിക്കുന്നതിനുമുമ്പ്‌ അവള് പരിശുദ്‌ധാത്‌മാവിനാല് ഗര്ഭിണിയായി കാണപ്പെട്ടു.” (മത്തായി 1 : 18). ഫ്രഞ്ചു ദൈവശാസ്ത്രജ്ഞനായ ജീൻ ജേർസനാണ് (Jean Gerson) 1416 ൽ മറിയത്തിൻ്റെയും ജോസഫിൻ്റെയും വിവാഹ നിശ്ചയത്തെ ആദരിക്കുന്നതിനായി ഒരു തിരുനാൾ ആരാധനക്രമത്തിൽ ഉൾപ്പെടുത്തണം എന്ന് നിർദ്ദേശിച്ചത്.
ഒരു നൂറ്റാണ്ടിനു ശേഷം 1517, ആഗസ്റ്റു മാസം ഇരുപത്തി ഒൻപതാം തീയതി പത്താം ലെയോ മാർപാപ്പ മംഗലവാർത്തയുടെ സിസ്റ്റഴ്സിനു ഈ തിരുനാൾ ആഘോഷിക്കാൻ അനുവാദം നൽകി. പിന്നീട് ജനുവരി 23 ന് മറിയത്തിൻ്റെയും യൗസേപ്പിൻ്റെയും വിവാഹ വാഗ്ദാന തിരുനാൾ എന്ന പേരിൽ ആരാധനക്രമ കലണ്ടറിൽ ഉൾപ്പെടുത്തി. രണ്ടാം വത്തിക്കാൻ കൗൺസിലെ ആരാധനക്രമ നവീകരണങ്ങളെ തുടർന്ന് ഈ തിരുനാൾ നീക്കം ചെയ്തു. എങ്കിലും ചില പ്രാദേശിക ആരാധന ക്രമ കലണ്ടറിൽ ഈ തിരുനാൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറ്റലിയിലെ പെറൂജിയായിലും ( പരിശുദ്ധ കന്യകാമറിയത്തിൻ്റെതെന്നു വിശ്വസിക്കുന്ന വിവാഹമോതിരം പെറൂജിയായിലെ (Perugia) കത്തീഡ്രലിനുള്ളിലുള്ള ഒരു ചാപ്പലിലാണ് സൂക്ഷിച്ചിരിക്കുന്നത്. എല്ലാവർഷവും ജൂലൈ 31 ന് പൊതു വണക്കത്തിനായി പ്രദർശിപ്പിക്കുന്ന പതിവുണ്ട്.) ഫിലിപ്പിയൻസിലെ ഇലോയിലോയിലും (Iloilo) ഈ തിരുനാൾ ഭക്താദരപൂർവ്വം കൊണ്ടാടുന്നു.
ജോൺ പോൾ രണ്ടാമൻ പാപ്പ രക്ഷകൻ്റെ സംരക്ഷകൻ എന്ന അപ്പസ്തോലിക പ്രബോധത്തിൽ തിരുകുടുംബത്തിൽ യൗസേപ്പിനുള്ള പ്രാധാന്യത്തെപ്പറ്റി പറയുന്നു. ക്രിസ്തീയ വിവാഹത്തിൻ്റെ ആദ്യ മാതൃകയും ആദർശവുമായി ജോസഫിൻ്റെയും മറിയത്തിൻ്റെയും വിവാഹ നിശ്ചയത്തെ കാണുന്നു. ആ കുടുംബ ജീവിതത്തിൽ “ഹൃദയങ്ങളുടെ ഐക്യവും” എങ്ങനെ ക്രിസ്ത്യൻ ദമ്പതികൾ കാത്തു സൂക്ഷിക്കണമെന്നുള്ളതിന് ഉത്തമ മാതൃകയുണ്ട്.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1644 നമ്പറിൽ ദമ്പതികളുടെ സ്നേഹം അതിൻ്റെ സ്വഭാവത്താൽത്തന്നെ, അവരുടെ ജീവിതത്തിൻ്റെ സർവ തലങ്ങളും സ്പർശിക്കുന്ന വൈയക്തിക കൂട്ടായ്മയുടെ ഏകതയും അവിഭാജ്യതയും ആവശ്യപ്പെടുന്നു എന്നു പഠിപ്പിക്കുന്നു. പരസ്പരം സമ്പൂർണ്ണമായി ആത്മ ദാനം ചെയ്യാമെന്ന വിവാഹ വാഗ്ദാനത്തോട് അനുദിനം വിശ്വസ്ത പുലർത്തിക്കൊണ്ടു നിരന്തരം കൂട്ടായ്മയിൽ വളരാനുള്ള ആഹ്വാനമാണ് ദമ്പതികൾക്കു ലഭിച്ചിരിക്കുന്നതെന്നും മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു.
“സഭ സംയോജിപ്പിക്കുകയും സമർപ്പണത്താൽ ശക്തിപ്പെടുത്തുകയും ആശീർവാദത്താൽ മുദ്രിതമാക്കുകയും മാലാഖമാരാൽ പ്രഘോഷിക്കപ്പെടുകയും പിതാവിനാൽ ഉറപ്പിക്കപ്പെടുകയും ചെയ്യുന്ന വിവാഹത്തിൻ്റെ ആനന്ദം ഞാനെങ്ങനെ വിവരിക്കും?” എന്നു വിവാഹമെന്ന കൂദാശയുടെ ശ്രേഷ്ഠതയെപ്പറ്റി പാശ്ചാത്യ ദൈവശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന തെർത്തുല്യൻ ചോദിക്കുന്നുണ്ട്.
യൗസേപ്പിതാവിൻ്റെയും മറിയത്തിൻ്റെയും വിവാഹ നിശ്ചയ ദിനം വിവാഹമെന്ന പരിപാവനമായ കൂദാശയുടെ പവിത്രത മനസ്സിലാക്കാൻ എല്ലാവർക്കും പ്രചോദനമാകട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles