പരിശുദ്ധ കുര്‍ബാനയെ കുറിച്ച് ഈശോ സിസ്റ്റര്‍ മരിയക്ക് വെളിപ്പെടുത്തിയ കാര്യങ്ങള്‍

2014 ജനുവരി-ഫെബ്രുവരി കാലഘട്ടത്തിൽ ഡിവൈൻ ധ്യാനകേന്ദ്രത്തിൽവച്ച്  ഈശോ സിസ്റ്റർ മരിയയ്ക്ക് വെളിപ്പെടുത്തിക്കൊടുത്തതിന്റെ പ്രധാന ഭാഗങ്ങൾ. 
1.) പലവിചാരമില്ലാതെ കുർബാനയർപ്പിച്ചാൽ, നല്ല ഒരു ബലിയർപ്പിച്ചു എന്നാണ് നമ്മുടെ ധാരണ. എന്നാൽ ബലിവസ്തു കാഴ്ചവയ്ക്കാത്ത ബലി, ഒരു ബലിയേയല്ല എന്ന് ഈശോ, സിസ്റ്റർ മരിയയോട് പറയുന്നു. എന്താണ് നമ്മുടെ ബലിവസ്തു? എങ്ങനെയാണ് ബലിവസ്തു  സമർപ്പിക്കേണ്ടത്?
നാളെ സമർപ്പിക്കുവാനുള്ള ബലിവസ്തു തലേദിവസംതന്നെ ഒരുക്കിവച്ച് വീട്ടിൽനിന്നും കൊണ്ടുവരണം. ഏറ്റവും ആദ്യം എടുത്തുവയ്ക്കേണ്ട ബലിവസ്തു നാം തന്നെയാണ്. നമ്മുടെ ബലഹീനതകൾ, നശിച്ചുപോകുന്ന ആത്മാക്കൾ, നമ്മുടെ ഭൗതികാവശ്യങ്ങൾ അങ്ങനെ എന്തും നമുക്ക് ബലിവസ്തുവായി കൊണ്ടുപോകാം. ഈശോയ്ക്ക് ഏറ്റവും ഇഷ്ടപെട്ട ബലിവസ്തു നശിച്ചുപോകുന്ന ഒരു മനുഷ്യന്റെ ആത്മാവാണ്. ഒപ്പം ഒരു വൈദികനെയെങ്കിലും ബലിവസ്തുവായി കൊണ്ടുവരണമെന്ന് ഈശോ അതിയായി ആഗ്രഹിക്കുന്നു. എന്തെന്നാൽ ഒരു വൈദികൻ നശിച്ചാൽ ഒരു ദേശം നശിക്കുമെന്നും, ഒരു നല്ല വൈദികൻവഴി ദേശം രക്ഷിക്കപ്പെടുമെന്നും ഈശോ പറയുന്നു. ഒരു വൈദികനെ ബലിവസ്തു ആക്കുന്നതിലൂടെ നിത്യതവരെ ഈശോ നമ്മോടു കടപ്പെട്ടിരിക്കുന്നു. അന്ത്യവിധിയിൽ കർത്താവ് ഇതോർക്കുമെന്നും ഈശോ വെളിപ്പെടുത്തുന്നു.
ഇനി തലേദിവസം ബലിവസ്തു എടുത്തുവയ്ക്കാൻ പറ്റിയില്ലെങ്കിലോ , പെട്ടെന്നു കുർബാന കൂടുവാൻ സാഹചര്യം ഒത്തുവരികയോ ചെയ്താൽ, പോകുന്ന വഴിക്കെങ്കിലും ബലിവസ്തു സമർപ്പിച്ചു പ്രാർത്ഥിക്കുക.
2.) നമ്മൾ വി. കുർബാനയ്ക്കുവരുമ്പോൾ ഈശോ എവിടെ നിൽക്കുന്നു?
നമ്മൾ ഒരു കുർബാന കഴിഞ്ഞു വീട്ടിലോട്ടുപോയി അടുത്ത കുർബാനയ്ക്കു തിരിച്ചുവരുന്നതുവരെ ഈശോ നമ്മെയും കാത്ത് ദേവാലയവാതിൽക്കൽ നിൽക്കുകയാണെന്ന് ഈശോ വെളിപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ, വാതിൽക്കലെത്തുന്നതിനു മുമ്പു തന്നെ തല അൽപ്പം  കുനിച്ച്,  ‘ഈശോയെ നാം കണ്ടു’ എന്നറിയിക്കുവാൻ ഈശോ ആഗ്രഹിക്കുന്നു. വാതിൽക്കലെത്തുമ്പോൾ, “എന്നെ കാത്തുനിന്ന ഈശോയെ അങ്ങേയ്ക്കു നന്ദി” എന്നുപറയണം. അങ്ങനെ നന്ദി പറയുന്നത് ഈശോയ്ക്ക് വളരെ ഇഷ്ടമാണ്. പിന്നീട്, “എനിക്കൊരു ബലിയർപ്പിക്കുവാനുണ്ട്; ബലിയർപ്പിക്കുവാൻ  വന്നതാണ്; എന്റെ കാഴ്ചവസ്തുക്കൾ സ്വീകരിച്ചാലും” എന്ന് ഈശോയോടു പറഞ്ഞതിനുശേഷം വേണം അകത്തേയ്ക്കു കയറുവാൻ. അകത്തുകയറിയതിനുശേഷം പുതിയ കാഴ്ച്ചവസ്തുക്കൾ സമർപ്പിക്കണമെന്നോർത്താൽ, അത് അടുത്ത കുർബാനയ്ക്കു വരുമ്പോൾ സമർപ്പിക്കുക.
3.) ബലിവസ്തുക്കൾ ഈശോയ്ക്കു കൊടുത്തുവെങ്കിലും ബലിയർപ്പിക്കുവാനുള്ള ബലിപീഠം നാംതന്നെ പണിതുകൊടുക്കണം. മൂന്നു ബലിപീഠം ബലിയർപ്പിക്കുവാൻ ആവശ്യമാണ്.
    a.) സ്വർഗ്ഗത്തിൽ
    b.) ഭൂമിയിൽ
    c.) ആത്മാവിൽ.
a.) “ഈശോയേ, ഇന്ന്/ നാളെ ഒരു ബലിയർപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു; യോഗ്യതയില്ലെങ്കിലും ഞാൻ വന്നോട്ടേ?” എന്ന് ഈശോയോടു ചോദിക്കുക. അപ്പോൾ സ്വർഗ്ഗത്തിൽ ഒരു ബലിപീഠം, നമുക്കുവേണ്ടി ദൈവം പണിയും.
b.) രമ്യതപ്പെടേണ്ടവരുമായി രമ്യതപ്പെടാൻ നമ്മൾ തീരുമാനിച്ചുകഴിയുമ്പോൾ ഭൂമിയിലും ഒരു ബലിപീഠം ദൈവം പണിയും. ആരോടെങ്കിലും വിദ്വേഷം മനസ്സിൽവച്ചിട്ടാണ് ബലിയർപ്പിക്കുവാൻ നാം വരുന്നതെങ്കിൽ, ബലിയർപ്പിക്കാതെ തിരിച്ചുപോയ്ക്കൊള്ളുവാനാണ് ഈശോ പറയുന്നത്. അങ്ങനെയുള്ളവരിൽനിന്നു ബലിവസ്തു സ്വീകരിക്കുവാൻ ഈശോയ്ക്കു സാധിക്കില്ല. മറ്റുള്ളവരോട് വിദ്വേഷം മനസ്സിൽവച്ചു ബലിയർപ്പിക്കുവാൻ വരുന്നവർ ഇത് പ്രത്യേകം ഓർക്കുക.
c.) സകല അശുദ്ധിയും ഹൃദയത്തിലായതുകൊണ്ട്, കുമ്പസാരത്തിൽ എല്ലാ പാപങ്ങളും കണ്ണീരോടെ ഏറ്റുപറയണം. അപ്പോൾ ആത്മാവിൽ ബലിപീഠം പണിതുകഴിഞ്ഞു.
ഈ വിശുദ്ധിയുള്ള ബലിപീഠത്തിലാണ് നമ്മുടെ ബലി നടക്കേണ്ടത്. ഇങ്ങനെയൊരു ബലിപീഠമുണ്ടാക്കുവാൻ നാം ആഗ്രഹിക്കണം… അദ്ധ്വാനിക്കണം…കഷ്ടപ്പെടണം.. ആ അദ്ധ്വാനത്തെ ദൈവം മാനിച്ച് നമ്മെ അനുഗ്രഹിക്കും.
നല്ല ഒരു ബലിയർപ്പിക്കാത്തതാണ് നമ്മുടെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാത്തതിന്റെ കാരണമെന്നും ഈശോ, സിസ്റ്റർ മരിയയോട് വെളിപ്പെടുത്തി.
അതുകൊണ്ട് ഇനി വി.കുർബാനയ്ക്കുപോകുമ്പോൾ ഈശോ പറഞ്ഞത് ഓർക്കുക; ബലിവസ്തുവില്ലാത്ത ബലിയർപ്പണം അപൂർണം. ബലിവസ്തുവിൽ ആത്മാർത്ഥതയും, അതിനെക്കുറിച്ച് ഇടയ്ക്കിടെ ധ്യാനിക്കുകയും ചെയ്യുക.
4.) വി. കുർബാന തുടങ്ങുന്നതിനു മുൻപു തന്നെ മരിച്ചുപോയ പ്രിയപ്പെട്ടവരും ബന്ധുക്കളുമടങ്ങുന്ന ശുദ്ധീകരണാത്മാക്കൾ ദൈവാലയത്തിൽ നമ്മുടെ പ്രാർത്ഥന യാചിച്ചുകൊണ്ടു നിൽക്കുന്നുണ്ട്. അവരെ ഒരിക്കലും കുർബാനയ്ക്കിടയിൽ മറക്കരുത്. അവരെ ഗൗനിക്കാതെ, കയ്യുംകെട്ടിനിന്ന് അലക്ഷ്യമായി കുർബാനയിൽ സംബന്ധിക്കുന്നവരെ നോക്കി ഈശോ സങ്കടപ്പെടുന്നു. (വൈദികൻ സ്ഥാപകവചനങ്ങൾ  പറഞ്ഞുകൊണ്ട് ഈശോയുടെ തിരുരക്തം ഉയർത്തുമ്പോൾ, ആ തിരുരക്തത്തിൽ ആത്മാക്കളെ കഴുകിയെടുത്തു സ്വർഗ്ഗത്തിലേയ്ക്കാനയിക്കണമേ എന്നു പ്രാർത്ഥിക്കണം)
അതുപോലെ, കുർബാനയർപ്പിക്കുവാൻ പണം കൊടുത്താൽ, ആ ദിവസം ആ കുർബാനയ്‌ക്കോ അതു സാധിച്ചില്ലെങ്കിൽ അതേ ദിവസംതന്നെ,  മറ്റൊരു ദേവാലയത്തിലോ നമ്മൾ ബലിയർപ്പിച്ചിരിക്കണമെന്നും ഈശോ വെളിപ്പെടുത്തുന്നു.
5.) ബലിയർപ്പിക്കുന്നത് വൈദികനല്ല, യേശുതന്നെയാണ്. അതുകൊണ്ട്, ഒരു വൈദികനെ ഇഷ്ടമില്ല എന്നുപറഞ്ഞു അടുത്ത പള്ളിയിലേയ്ക്ക് വി. കുർബാനയിൽ സംബന്ധിക്കുവാൻ ഓടേണ്ട എന്നും ഈശോ പറയുന്നു.
6.) വി. കുർബാനയുടെ സ്വർഗ്ഗീയരഹസ്യം മുഴുവനായും ഒരു വൈദികന് കുർബാനയ്ക്കിടയിൽ വെളിപ്പെട്ടുകിട്ടിയാൽ,  ആ നിമിഷംതന്നെ ആ വൈദികൻ, അതു താങ്ങാൻ പറ്റാതെ മരിച്ചുപോകുമെന്ന് ഈശോ പറയുന്നു. ആ കുർബാനയാണ്  പലരും കയ്യും കെട്ടിനിന്ന് അലക്ഷ്യമായി നോക്കികാണുന്നത്!!! ദൈവാലയത്തിന്റെയും വി. കുർബാനയുടെയും മഹത്വമറിയാഞ്ഞിട്ടാണ് ഇവർ ഇങ്ങനെ ചെയ്യുന്നതെന്ന് ഈശോ പറയുന്നു.
7.) ആഴ്ചയിലെ എല്ലാ ദിവസവും വലിയ നോട്ടുകൾ കൈകാര്യം ചെയ്യുന്നവർ, ദൈവാലയത്തിൽ വരുമ്പോൾ ചില്ലറത്തുട്ടുകൾ നേർച്ചയിടുന്നതിനെ ഈശോ ഒട്ടും  ഇഷ്ടപ്പെടുന്നില്ല. ദൈവം സാമ്പത്തിക അഭിവൃദ്ധി തരുമ്പോൾ, അതേ സമ്പത്തുവച്ച്, തിരിച്ചു ദൈവത്തെ ബഹുമാനിക്കുവാനുമുള്ള കടമ  നമുക്കുണ്ട്. ദൈവാലയ ശുശ്രൂഷയ്ക്ക്   പണം കൊടുക്കേണ്ട കടമയാണ് നമുക്കുള്ളത്; അതുവച്ചു അവർ എന്തുചെയ്യുന്നുവെന്ന് ഞാൻ നോക്കിക്കൊള്ളാമെന്നും ഈശോ പറയുന്നു.
8.) വി. കുർബാനയ്ക്കിടയിൽ ലേഖനം വായിക്കുന്നത് പലരും ശ്രദ്ധിക്കാറില്ലെന്ന് ഈശോ പറയുന്നു. സ്വർഗ്ഗത്തിൽനിന്നുള്ള ദൂതനാലാണ് ലേഖനം വായിക്കപ്പെടുന്നത്. അത് ശ്രദ്ധിക്കാതിരിക്കുന്നത്, ദൂതനെ അപമാനിക്കലാണെന്നും ഈശോ പറയുന്നു.
9.) നമുക്കറിയില്ലാത്ത ഭാഷയിലാണ് ബലി നടക്കുന്നതെങ്കിൽ, “പിതാവേ..ഈ ബലി സ്വീകരിക്കേണമേ” എന്നുമാത്രം പറഞ്ഞുനിന്നാൽ മതിയെന്നും ഈശോ വെളിപ്പെടുത്തുന്നു.
10.) പരിശുദ്ധാത്മാവ് എഴുന്നെള്ളിവരുവാൻ വൈദികൻ പ്രാർത്ഥിക്കുമ്പോൾ, തലകുനിച്ച്, പരിശുദ്ധാത്മാവിനോടുള്ള ആഗ്രഹത്തോടെ നിൽക്കുക. ആത്മാവ് ഇറങ്ങിവന്നാൽ ഫലം തരാതെ തിരിച്ചുപോകില്ല. അതിനാൽ ആ സമയത്തു ശ്രദ്ധയില്ലാതെ നിന്നാൽ ആത്മാവ് നമ്മിൽ വരുന്നതിനുപകരം ആഗ്രഹിച്ചു നിൽക്കുന്ന വ്യക്തികളിലേയ്ക്കു മാത്രം ഇറങ്ങും. നമ്മിൽ ആത്മാവിന്റെ ജ്വലനം ഉണ്ടാകില്ല.
11.) വൈദികൻ അപ്പവും വീഞ്ഞുമെടുത്ത് വാഴ്ത്തി, സ്ഥാപകവചനങ്ങൾ ചൊല്ലി, ഈശോയുടെ ശരീരവും രക്തവുമായി മാറുന്ന സമയത്ത്, ഏറ്റവും ഭയഭക്തി ബഹുമാനത്തോടെ നിൽക്കണമെന്ന് ഈശോ പറയുന്നു.
12.) കുർബാന സ്വീകരിക്കുവാൻ പോകുമ്പോൾ, “ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു”എന്ന് മനസ്സിൽ പറഞ്ഞുകൊണ്ടുപോകുക. അങ്ങനെ പറയുന്നത് ഈശോയ്ക്ക് വളരെ ഇഷ്ടമാണ്. (രാജാധിരാജനെ സ്വീകരിക്കുവാനാണ് നാം പോകുന്നത്. അത് നാം മറക്കരുത്. അതുകൊണ്ട്, തലകുനിച്ച് ബഹുമാനിച്ചതിനുശേഷം, “മിശിഹായുടെ ശരീരവും രക്തവും” എന്ന് വൈദികൻ പറയുന്നതിനെ “ആമ്മേൻ” പറഞ്ഞു സ്വീകരിച്ചുകൊണ്ട് കുർബാന നാവിൽ സ്വീകരിക്കുക. വൈദികർ മാത്രമേ വി. കുർബാന കൈകൊണ്ടു തൊടുവാൻ പാടുള്ളൂ എന്ന്  വിശുദ്ധർക്കുണ്ടായ ചില ദർശനങ്ങളിൽ വെളിപ്പെടുത്തിയിട്ടുള്ളതുകൊണ്ട്, നമുക്കും വി.കുർബാന നാവിൽ സ്വീകരിക്കുവാൻ ശ്രമിക്കാം)
13.) യേശുവിന്റെ പ്രതിരൂപമായി നിൽക്കുന്ന വൈദികന് നമ്മൾ മനസ്സുകൊണ്ട് നന്ദി പറയണം. കുർബാന തീരുന്നതുവരെ അൾത്താരയിലേയ്ക്ക് നോക്കിനിൽക്കുന്ന മാതാവിനും നന്ദി പറഞ്ഞിട്ടേ നമ്മൾ പോകാവൂ എന്ന് ഈശോ നിഷ്‌കർഷിക്കുന്നു. അതിനായി കുർബാന തീർന്നുകഴിയുമ്പോൾ ഒരു “എത്രയും ദയയുള്ള മാതാവേ” ചൊല്ലണം.  വൈദികൻ തിരുവസ്ത്രം മാറുന്ന സമയംവരെ മാതാവ് വൈദികനൊപ്പം, വൈദികനോട് നന്ദിപറഞ്ഞുകൊണ്ടു നിൽക്കുന്നു. അതിനുശേഷമാണ് മാതാവ് ജനത്തെ ആശീർവദിക്കുന്നത്. അതായത് അവസാനത്തെ പാട്ടുപാടുന്ന സമയത്ത്. പക്ഷേ പാട്ടു തുടങ്ങുമ്പോഴേ നമ്മളിൽ പലരും മാതാവിന്റെ ആശീർവാദത്തിനു കാത്തുനിൽക്കാതെ ദൈവാലയം വിടുന്നു. ഈശോ അതൊട്ടും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട്, അവസാനത്തെ പാട്ടും കഴിഞ്ഞു, മാതാവിന്റെ ആശീർവാദവും വാങ്ങി, ഒരു “എത്രയും ദയയുള്ള മാതാവേ” ചൊല്ലിയതിനുശേഷം മാത്രം വീട്ടിലോട്ടു പോവുക.
14.) വർഷത്തിലൊരിക്കലെങ്കിലും നന്ദിയുടെ ഒരു ബലി അർപ്പിക്കണമെന്നും ഈശോ ആഗ്രഹിക്കുന്നു.
ഇത്രയും നാളും ഇതൊന്നുമറിയാതെ നാം അർപ്പിച്ച ബലികൾ പാഴായിപ്പോയോ എന്ന സിസ്റ്റർ മരിയയുടെ സംശയത്തിന്, ഈശോയുടെ മറുപടി ഇതായിരുന്നു:  “മോളേ, അജ്ഞതയുടെ കാലങ്ങൾ ദൈവം കണക്കിലെടുക്കുകയില്ലെന്ന് എഴുതപ്പെട്ടിട്ടില്ലേ?”
അതുകൊണ്ട്, പഴയ ബലികളെ ഓർത്തു ദുഃഖിക്കേണ്ട. അജ്ഞതയുടെ കാലം കഴിഞ്ഞു. ഇനി മുതലുള്ള ബലി ഈശോ ആഗ്രഹിക്കുന്നതുപോലെ നമുക്കർപ്പിക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles