വിശുദ്ധ കുർബാന സ്വീകരിച്ച് നിത്യതയിലേക്ക്…

എന്നോട് ചില കാര്യങ്ങൾ തനിച്ച് സംസാരിക്കണമെന്നു പറഞ്ഞാണ്
ആ വയോവൃദ്ധ വന്നത്.
”അച്ചാ, കേരളത്തിൽ നിന്നു വന്ന്
ആന്ധ്രയിലെ ഈ ഗ്രാമത്തിൽ
സേവനം ചെയ്യുന്നതിന് നന്ദി.
നിങ്ങൾ വന്നതോടെ ഈ ഗ്രാമത്തിൽ എന്നും വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നു.
ഇതിലും വലിയ മറ്റൊരു ഭാഗ്യം
ഞങ്ങൾക്ക് കിട്ടാനില്ല.
എനിക്ക് പ്രായമായി. കർത്താവ് എപ്പോൾ വിളിക്കുമെന്നറിഞ്ഞുകൂടാ.
അച്ചനറിയാലോ, എൻ്റെ വീട്ടിൽ ഞാൻ മാത്രമാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചിട്ടുള്ളത്.
ഈ അവസാനനാളുകളിൽ പ്രധാനമായും
മൂന്ന് ആഗ്രഹങ്ങളാണ് എനിക്കുള്ളത്.
ഒന്നാമതായി, വിശുദ്ധ കുർബാന സ്വീകരിച്ച് മരിക്കണം.
രണ്ടാമത്, ഞാൻ മരിച്ചു കഴിയുമ്പോൾ
വിശ്വാസ പ്രകാരമുള്ള മൃതസംസ്ക്കാര
ശുശ്രൂഷ ലഭിക്കണം.
മൂന്നാമതായി എനിക്ക് മാമ്മോദീസ നൽകിയ സക്കറിയാസ് അച്ചൻ മരിച്ചടക്കിന് ഉണ്ടാകണം.”
ഇത്രയും പറഞ്ഞ് മരണ ശേഷമുള്ള കുർബാനയ്ക്കും മറ്റുമായി കുറച്ചു പണവും അവർ എന്നെ ഏൽപിച്ചു.
ഏതാനും നാളുകൾക്കു ശേഷം ഞായറാഴ്ച കുർബ്ബാന കഴിഞ്ഞ് അല്പം വിശ്രമിക്കുന്ന സമയത്ത്
ഫോൺ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പറായിരുന്നു അത്.
“ഫാദർ ജെൻസൺ അല്ലെ?
ഇവിടെ ഒരു വല്യമ്മ വഴിയിൽ വീണു കിടക്കുന്നുണ്ട്. മരിച്ചെന്നാണ് തോന്നുന്നത്. അവരുടെ കയ്യിൽ ഉണ്ടായിരുന്ന പേഴ്സിൽ നിന്നാണ് അങ്ങയുടെ നമ്പർ ലഭിച്ചത്….”
ഉടൻ തന്നെ ഇടവകയിലെ ഏതാനും യുവജനങ്ങളെ, ആ വല്യമ്മ വീണു കിടക്കുന്ന
സ്ഥലത്തേക്ക് പറഞ്ഞയച്ചു.
അല്പസമയത്തിനു ശേഷം അവർ തിരികെ വിളിച്ചു:
“അച്ചാ, ഇത് നമ്മുടെ ഇടവകാംഗം മരിയമ്മയാണ്…….”
എൻ്റെ കാതുകളെ എനിക്ക് വിശ്വസിക്കാനായില്ല.
ഏതാനും മണിക്കൂറുകൾക്കു മുമ്പ്
വിശുദ്ധ കുർബാനയിൽ പങ്കെടുത്ത്
കുർബാന സ്വീകരിച്ച അവരെ ഞാനോർത്തു.
മകളുടെ വീട്ടിലേക്കാണെന്നും
പറഞ്ഞ് യാത്രയായതും…..
അവരുടെ ആഗ്രഹങ്ങളും
എൻ്റെ മനസിൽ തെളിഞ്ഞു.
ആ സ്ത്രീയുടെ ആഗ്രഹങ്ങളെല്ലാം
ദൈവം നിറവേറ്റി.
മൃതസംസ്ക്കാര ശുശ്രൂഷയ്ക്ക്
നേതൃത്വം നൽകിയത് അവരെ മാമ്മോദീസ മുക്കിയ വൈദികൻ തന്നെയായിരുന്നു.
“എന്റെ ശരീരം ഭക്‌ഷിക്കുകയും
എന്റെ രക്‌തം പാനം ചെയ്യുകയും
ചെയ്യുന്നവനു നിത്യജീവനുണ്ട്‌.
അവസാന ദിവസം ഞാന്‍
അവനെ ഉയിര്‍പ്പിക്കും”
(യോഹന്നാന്‍ 6 : 54) എന്ന വചനം
കണ്ണടച്ച് വിശ്വസിച്ചവളാണ് മരിയമ്മ.
അക്ഷരജ്ഞാനമില്ലാത്ത മരിയമ്മ
എന്ന ഗ്രാമീണ സ്ത്രീ ആഗ്രഹിച്ചത്
വിശുദ്ധ കുർബാന സ്വീകരിച്ച്
നിത്യതയിലേക്ക് യാത്രയാകണം,
കത്തോലിക്കാ വിശ്വാസ പ്രകാരമുള്ള
മരിച്ചടക്ക് ലഭിക്കണം എന്നൊക്കെയായിരുന്നു.
അനേകം ആഗ്രങ്ങളുള്ള
നമ്മുടെ ജിവിതത്തിൽ
പരിശുദ്ധ കുർബാനയുടെ സ്ഥാനം എത്രത്തോളം വലുതാണെന്ന് ചിന്തിക്കാൻ മരിയമ്മയുടെ ജീവിതം നമുക്ക് പ്രചോദനമാകട്ടെ.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles