കടങ്ങളൊന്നും ബാക്കി വയ്ക്കരുതേ!

വര്‍ഷങ്ങള്‍ക്കു മുമ്പ് കുടിയേറ്റ കാലത്ത് നടന്ന സംഭവമാണ്. മദ്ധ്യകേരളത്തില്‍ നിന്ന് വയനാട്ടിലേക്ക് അനേകം ആളുകള്‍ കുടിയേറിയിട്ടുണ്ട്. നാട്ടില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സ്വത്തെല്ലാം വിറ്റ് വയനാട്ടില്‍പോയി ഏക്കര്‍ കണക്കിനു ഭൂമി വാങ്ങി കൃഷി ചെയ്തു സമ്പന്നരായ ഒട്ടേറെ പേരുണ്ട്. അക്കൂട്ടത്തില്‍പ്പെട്ട രണ്ടുപേരുടെ കഥയാണിവിടെ പറയുന്നത്.

തോമാച്ചനും കറിയാച്ചനും വളരെ അടുത്ത കൂട്ടുകാരായിരുന്നു. രണ്ടുപേരുംകൂടി തീരുമാനിച്ചു : നമുക്ക് നാട്ടിലുള്ള തുണ്ടുഭൂമി വിറ്റ് വയനാട്ടിലേക്കുപോകാം. നാട്ടില്‍ നിന്നാല്‍ കഷ്ടിച്ചു കഴിഞ്ഞുകൂടാനേ വകയുള്ളു. വയനാട്ടിലാകുമ്പോള്‍ കൂടുതല്‍ ഭൂമി വാങ്ങി കൃഷി ചെയ്ത് സമ്പന്നരാകാം. അങ്ങനെ രണ്ടുപേരുംകൂടി തങ്ങളുടെ ഏതാനും സെന്റ് ഭൂമിയും കിടപ്പാടവും വിറ്റ് വയനാട്ടില്‍ ചെന്നു. 1950 കളില്‍ വയനാട്ടില്‍ നിസ്സാരവിലയേയുള്ളു. രണ്ടുപേരും അടുത്തടുത്തുള്ള ഏതാനും ഏക്കര്‍ ഭൂമി കൈവശമാക്കി. ചെറിയ വീടുകള്‍ ഉണ്ടാക്കി കുടുംബസമേതം താമസമാക്കി. അദ്ധ്വാനിച്ച് കൃഷിയിറക്കി. മലമ്പനി പോലുള്ള രോഗങ്ങളേയും വന്യമൃഗങ്ങളുടെ ശല്യവുമൊക്കെ തരണം ചെയ്തു മുന്നോട്ടുപോയി.

ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തോമാച്ചനു കഷ്ടകാലം തുടങ്ങി. രോഗം, കൃഷിനാശം തുടങ്ങി ആകെ പ്രശ്‌നങ്ങളായി. ബാങ്കില്‍ നിന്ന് ലോണെടുത്ത തുക തിരിച്ചടക്കാനാവാതെ ജപ്തി നോട്ടീസു വന്നു. 50000 രൂപ ഉടനെ അടക്കണം. ഒരു നിര്‍വ്വാഹവുമില്ല. ഉള്ള കിടപ്പാടവും ഭൂമിയും വിറ്റ് കടം വീട്ടാനേ നിവൃത്തിയുള്ളു. അല്ലെങ്കില്‍ പലരും ചെയ്യുന്നതുപോലെ ആത്മഹത്യ ചെയ്യണം. ഭാര്യയും 6 മക്കളുമടങ്ങുന്ന കുടുംബം ഒരു മഹാദുരന്തത്തില്‍ പെട്ടു നില്‍ക്കുമ്പോള്‍ അയല്‍വാസിയായ കറിയാച്ചന്‍ ഇതറിഞ്ഞു. അയാള്‍ കുറച്ചൊക്കെ മെച്ചപ്പെട്ട രീതിയില്‍ ജീവിക്കുകയായിരുന്നു അന്ന്. കറിയാച്ചന്‍ തോമാച്ചന്റെ രക്ഷക്കെത്തി. ഉറ്റ ചങ്ങാതിയല്ലേ..! ആ സുഹൃത്തിന്റെ കഷ്ടപ്പാടില്‍ സഹായിക്കേണ്ടത് തന്റെ കടമയാണെന്നു കരുതി കറിയാച്ചന്‍ തന്റെ കൈയ്യിലുള്ളതും മകളെ കെട്ടിക്കാന്‍ സ്വരൂപിച്ചിരുന്നതുമായ പണമെല്ലാം സമാഹരിച്ച് 50000 രൂപ തോമാച്ചനെ ഏല്‍പ്പിച്ചു. തോമാച്ചന്റെ കണ്ണുനിറഞ്ഞു. അയാള്‍ കറിയാച്ചനെ കെട്ടിപ്പിടിച്ച് ഗദ്ഗദത്തോടെ പറഞ്ഞു: ഞാന്‍ ഈ ഉപകാരം ഒരിക്കലും മറക്കില്ല. എത്രയും വേഗം എങ്ങനെയും വൈകാതെ പണം തിരികെ തന്നു വീട്ടിക്കൊള്ളാം. അങ്ങനെ തോമാച്ചന്‍ രക്ഷപെട്ടു.

കാലങ്ങള്‍ പിന്നെയും കഴിഞ്ഞു. തോമാച്ചന്റെ മക്കള്‍ വലുതായി. കൃഷിയെല്ലാം പുരോഗമിച്ചു. വന്‍-മലഞ്ചരക്കു വ്യാപാരം തുടങ്ങി. കോടികളുടെ ഉടമയായി. നാലു കാറും ലോറികളും അനേകം ഏക്കര്‍ ഭൂമിയും ബംഗ്ലാവും ഒക്കെയായി. വയനാട്ടിലെ ഏറ്റവും വലിയ സമ്പന്നനായി ജീവിക്കുന്നു. കറിയാച്ചന്‍ പഴയതുപോലെ കഷ്ടിച്ച് കഴിഞ്ഞുകൂടി മുന്നോട്ടുപോകുന്നു. ഇടയ്ക്ക് കറിയാച്ചന്‍ തോമാച്ചനെ ഓര്‍മ്മിപ്പിക്കും: തോമാച്ചാ, ആ രൂപ കിട്ടിയാല്‍ വലിയ ഉപകാരമായിരുന്നു. അല്‍പ്പം ബുദ്ധിമുട്ടുണ്ട്. അപ്പോള്‍ തോമാച്ചന്‍ പറയും: തരാമെടോ, ഞാന്‍ മറന്നിട്ടില്ല. ഞാന്‍ പുതിയ ബിസ്സിനസ്സിന് കുറച്ച് പൈസ മുടക്കിപ്പോയി. അതൊന്നു ശരിയായാല്‍ തന്റെ പണം ഉടനെതരാം. ഇങ്ങനെ ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞുകൊണ്ട് കടംവാങ്ങിയ പണം തിരികെ കൊടുക്കാന്‍ അയാള്‍ വിമുഖത കാണിച്ചു.

വര്‍ഷങ്ങള്‍ കഴിഞ്ഞു. കറിയാച്ചന്‍ തളര്‍വാതം പിടിച്ച് കിടപ്പിലായി. അയാള്‍ സാമ്പത്തികമായി വല്ലാതെ മുട്ടുന്ന കാലം. മകളെ പറഞ്ഞയച്ച് തോമാച്ചന്‍ കൊടുക്കാനുള്ള പണം ചോദിച്ചു. അപ്പോഴും ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് പണം കൊടുത്തില്ല. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു. തോമാച്ചന്‍ സ്‌ട്രോക്ക് വന്ന് തളര്‍ന്ന് ആശുപത്രിയിലായി. വളരെ സീരിയസ്സായി കിടക്കുന്നു. മിക്കവാറും രക്ഷയില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മരണമടുത്തപ്പോള്‍ തോമാച്ചന്റെ മനസ്സില്‍ ഒരു മനസ്സാക്ഷിക്കടി. ആത്മാവിന്റെ രക്ഷയെപ്പറ്റിയൊക്കെ പള്ളി പ്രസംഗങ്ങളില്‍ കേട്ട ഓര്‍മ്മകള്‍ തെളിഞ്ഞു വന്നു. ഉപകാരം ചെയ്ത വ്യക്തിയെ മറക്കരുത്. കടംവാങ്ങിയ പണം തിരികെ കൊടുത്തില്ലെങ്കില്‍ അത് ഉത്തരിപ്പു കടമാണ്. തോമാച്ചന്റെ കണ്ണുകള്‍ നിറഞ്ഞു. അയാള്‍ ചിന്തിച്ചു: ‘ഒരു കാലത്ത് കടക്കെണിയില്‍ പെട്ട് നട്ടം തിരിഞ്ഞ് ആത്മഹത്യയുടെ വക്കില്‍വരെ എത്തിയ തന്റെയും കുടുംബത്തിന്റെയും രക്ഷകനായ കറിയാച്ചനെ മറന്നതും കടംവാങ്ങിയ പണം തിരികെ കൊടുക്കാത്തതും ദൈവസന്നിധിയില്‍ വലിയ അപരാധമാകും’.

അയാള്‍ തന്റെ മക്കളെ വിളിച്ചുപറഞ്ഞു: ‘മക്കളേ നമ്മള്‍ ഇപ്പോള്‍ വലിയ സമ്പന്നരാണ്. കോടികളുടെ ആസ്തി നമുക്കുണ്ട്. എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. നിങ്ങള്‍ കുഞ്ഞുങ്ങളായിരുന്നപ്പോള്‍ കടം വന്ന് വീടും സ്ഥലവും ജപ്തിചെയ്തു കിടക്കാന്‍ ഒരുതുണ്ടു ഭൂമിപോലും ഇല്ലാതെ നട്ടം തിരിയുന്ന അവസ്ഥ വന്നപ്പോള്‍ നമ്മുടെ അയല്‍ക്കാരനായ കറിയാച്ചന്‍ 50000 രൂപ തന്ന് സഹായിച്ചില്ലായിരുന്നെങ്കില്‍ നമ്മള്‍ ഇന്നീ നിലയില്‍ ആകുമായിരുന്നില്ല. അതിനാല്‍ അപ്പന്റെ അവസാനത്തെ ആഗ്രഹമാണ്. നിങ്ങള്‍ അത് ചെയ്യണം. അല്ലെങ്കില്‍ അപ്പന് അത് ഉത്തരിപ്പുകടമാകും. ദൈവതിരുമുമ്പില്‍ വലിയ അപരാധമാകും അതുകൊണ്ട് നിങ്ങള്‍ ഒരു കാര്യം ചെയ്യണം. കറിയാച്ചനു കൊടുക്കാനുള്ള 50000 രൂപയും ഏതാണ്ട് നാല്‍പ്പത് വര്‍ഷത്തെ അതിന്റെ പലിശയും ഉള്‍പ്പെടെ ഒരു 5 ലക്ഷം രൂപ കറിയാച്ചനു തിരിച്ചു കൊടുക്കണം. നമുക്കിന്നീ തുക നിസ്സരമാണ്. മക്കളതു ചെയ്യണം. മക്കള്‍ അതുകേട്ടു അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കുള്ളി ല്‍ തോമാച്ചന്‍ മരിച്ചു.

കര്‍ത്താവു ബൈിളില്‍ സക്കേവൂസിനോടു പറഞ്ഞ കാര്യങ്ങള്‍ ഞാനോര്‍ത്തു. യേശുവിനെ സ്വഭവനത്തില്‍ സ്വീകരിച്ച സക്കേവൂസ് പറഞ്ഞു: കര്‍ത്താവേ, ഇതാ, എന്റെ സ്വത്തില്‍ പാതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെ എങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു. ഇതുകേട്ട യേശു പറഞ്ഞു: ‘ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു’ (ലൂക്ക 19/89)

~ കെ.ടി. പൈലി ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles