ആൾട്ടോട്ടിംഗിലെ കറുത്ത മാതാവ്
ജർമ്മനിയിലെ ബവേറിയൻ സംസ്ഥാനത്തിൻ്റെ ഹൃദയം (Heart of Baveria) എന്നറിയപ്പെടുന്ന പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ആൾട്ടോട്ടിംഗ് (Altötting). ദശലക്ഷക്കണക്കിനാളുകൾ പ്രതിവർഷം തീർത്ഥാടനത്തിനെത്തുന്ന ‘ജർമ്മനിയിലെ ലൂർദ്ദ്’ എന്നറിയപ്പെടുന്ന കറുത്ത മാതാവിൻ്റെ ദൈവാലയമാണ് മെയ് മാസം ഇരുപത്തിയെട്ടാം തീയതിയിലെ ഫ്രാൻസീസ് പാപ്പയുടെ പ്രാർത്ഥന മാരത്തോണിനു നേതൃത്വം വഹിക്കുന്നത്.
ആൾട്ടോട്ടിംഗിലെ മരിയൻ ദൈവാലയം ജർമ്മൻ ഭാഷയിൽ ഗ്നാഡെൻ കപ്പേള (Gnadenkapelle) കൃപയുടെ ചാപ്പൽ എന്നാണ് അറിയപ്പെടുന്നത്. എ ഡി 660 -ൽ നിർമ്മിച്ച അഷ്ടഭുജാകൃതിയിലുള്ള ഈ ചാപ്പൽ ജർമ്മനയിലെ ഏറ്റവും പുരാതനമായ മരിയൻ ദൈവാലയമാണ്. 66 സെൻ്റിമീറ്റർ ഉയരമുള്ള ആൾട്ടോട്ടിംഗിലെ മരിയൻ തിരുസ്വരൂപം ദേവദാരു മരത്തിൽ 1330 -കളിൽ ഗോഥിക് ശൈലിയിൽ കൊത്തിയെടുത്തതാണന്നു വിശ്വസിക്കുന്നു. റൈറ്റെൻഹാസ്ലാകിലെ സിസ്റ്റർസിയൻ ആശ്രമത്തിൽ (Raitenhaslach Cistercian Monastery) നിന്നാണ് ഈ രൂപം ആൾട്ടോട്ടിംഗിലെ മരിയൻ ദൈവാലയത്തിൽ എത്തി എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്
1498 -ൽ നടന്ന രണ്ട് അത്ഭുത പ്രവർത്തികളാണ് ഈ മരിയൻ ആലയത്തെ പ്രസിദ്ധമാക്കിയത്. പ്രാദേശിക പാരമ്പര്യമനുസരിച്ച് മൂന്നു വയസ്സുള്ള ഒരു ആൺകുട്ടി ആൾട്ടോട്ടിംഗിനു സമീപമുള്ള നദിയിൽ മുങ്ങി മരിച്ചു. കുട്ടിയുടെ മൃതദേഹം മാതാവിൻ്റെ അൾത്താരയിൽ കിടത്തി പ്രാർത്ഥിച്ച ഫലമായി ജീവൻ തിരിച്ചു കിട്ടി. അതേ വർഷം തന്നെ മാതാവിൻ്റെ മദ്ധ്യസ്ഥതയിലൂടെ വളരെ ബുദ്ധിമുട്ടിൽ ജീവിച്ച ഒരു കുടുംബത്തിനു സഹായം ലഭിച്ചു. അതേ വർഷം തന്നെ ആൾട്ടോട്ടിംഗിലെ കറുത്ത മാതാവിൻ്റെ സവിധത്തിലേക്കു തീർത്ഥാടനം ആരംഭിച്ചു. ലൂർദ്ദ്, ഫാത്തിമ, സെസ്റ്റോചോവ ലോറെറ്റോ എന്നീ തീർത്ഥാടന കേന്ദ്രങ്ങളോടൊപ്പം ആൾട്ടോട്ടിംഗും യുറോപ്പിലെ ശ്രീകോവില് (Sanctuaries of Europe) ഉൾപ്പെടുന്നു.
തിരുസ്വരൂപത്തിൻ്റെ സവിശേഷതകൾ
പരിശുദ്ധ കന്യകാമറിയത്തിൻ്റെ വലതു കൈയ്യിലാണ് ഉണ്ണിയേശുവിൻ്റെ സ്ഥാനം. ഉണ്ണിയേശുവിൻ്റെ കൈവശം ദൈവത്തിൻ്റെ സർവ്വശക്തിയെ സൂചിപ്പിക്കാൻ ഒരു ആകാശഗോളം പിടിച്ചിരിക്കുന്നു. മറിയത്തിൻ്റെ ഇടതു കൈയ്യിലുള്ള അംശവടിയിൽ തളിർത്ത ലില്ലി പൂക്കൾ ഉണ്ട്. പരിശുദ്ധ മറിയത്തിൻ്റെ നിത്യകന്യാകാത്വത്തെയാണ് അത് സൂചിപ്പിക്കുന്നത്. തിരുസ്വരൂപത്തിലെ കിരീടങ്ങളും ആഭരണങ്ങളും വിറ്റെൽസ്ബാക് (Wittelsbach) രാജകുടുബാംഗങ്ങൾ ഉപകാരസ്മരണയായി കൊടുത്തതാണ്. നൂറ്റാണ്ടുകളായി രൂപത്തിനു മുമ്പിൽ കത്തിച്ച മെഴുകുതിരികളിൽ നിന്നുള്ള പുകയാലാണ് രൂപം കറുത്തതെന്നും ഈ തിരുസ്വരൂപത്തിനു കറുത്ത മാതാവ് എന്ന് പേരു വന്നതും എന്നും പറയപ്പെടുന്നു. കപ്പൂച്ചിൻ സന്യാസസമൂഹമാണ് ആൾട്ടോട്ടിംഗിലെ മരിയൻ ദൈവാലയത്തിൻ്റെ സൂക്ഷിപ്പുകാർ.
കരുണയുടെ തിരുവസ്ത്രം
1518 മുതൽ ആൾട്ടോട്ടിംഗിലെ കറുത്ത മാതാവിനെ മനോഹരമായ വസ്ത്രങ്ങൾ അണിയിക്കുന്ന പാരമ്പര്യമുണ്ട്. ഈ വസ്ത്രത്തിന് ഗ്നാഡെൻറോക്ലിൻ ( Gnadenröckln) അഥവ കരുണയുടെ പാവാട എന്നാണ് വിളിപ്പേര്. ആരാധനക്രമ കാലങ്ങളനുസരിച്ച് തിരുസ്വരൂപത്തെ അണിയിക്കുന്ന വസ്ത്രത്തിൻ്റെ നിറങ്ങളും മാറുന്നു. വിറ്റെൽസ്ബാഹ് രാജകുടുംബത്തിലെ രാജകുമാരിമാർ അവരുടെ വിലയേറിയ വിവാഹ വസ്ത്രങ്ങൾ ആൾട്ടോട്ടിംഗിലെ മാതാവിനെ അണിയിക്കാനുള്ള ഗ്നാഡെൻറോക്ലിൻ ഉണ്ടാക്കാൻ നൽകിയിരുന്നു.
മാർപാപ്പയുടെ മോതിരം
ആൾട്ടോട്ടിംഗിന് നടത്തുള്ള മാർക്കറ്റ് ഇൽ (Marktl) ജനിച്ച ബനഡിക്ട് പതിനാറാമൻ പാപ്പ ചെറുപ്പം മുതൽ നിരവധി തവണ ഈ തീർത്ഥാടന കേന്ദ്രത്തിൽ സന്ദർശിക്കുക പതിവായിരുന്നു. ആൾട്ടോട്ടിംഗിലെ മരിയൻ തീർത്ഥാടന കേന്ദ്രത്തെ “ബവേറിയയുടെ ഹൃദയം, യുറോപ്പിലെ ഹൃദയങ്ങളിൽ ഒന്ന്” എന്നാണ് പിതാവ് വിശേഷിപ്പിച്ചത്.
2006 സെപ്റ്റംബർ പതിനൊന്നം തീയതി ബനഡിക്ട് പതിനാറാമൻ മാർപാപ്പ ആൾട്ടോട്ടിംഗ് സന്ദർശിച്ച അവസരത്തിൽ തനിക്കു പ്രിയപ്പെട്ട മെത്രാൻ മോതിരം പരിശുദ്ധ കന്യകാമറിയത്തിനു സമ്മാനമായി നൽകി. അന്നു മുതൽ കറുത്ത മാതാവിൻ്റെ കൈയ്യിലുള്ള അംശവടിയിൽ ഒരു പേപ്പൽ മോതിരവും സ്ഥാനം പിടിച്ചു. 1977 -ൽ മ്യൂണിക് ഫ്രൈസിംങ്ങ് അതിരൂപതയുടെ മെത്രനായി അഭിഷിക്തനായ അവസരത്തിൽ സഹോദരങ്ങളായ മരിയയും ജോർജും സമ്മാനമായി നൽകിയ സ്വർണ്ണ മോതിരമായിരുന്നു അത്.
~ ഫാ. ജയ്സൺ കുന്നേൽ MCBS ~
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.