നമ്മൾ ആഗ്രഹിക്കുന്നതും ദൈവം തീരുമാനിക്കുന്നതും…
വലിയ ദു:ഖത്തോടെയാണ്
ആ ദമ്പതികൾ എന്നെക്കാണാനെത്തിയത്.
നാട്ടിൽ ജോലി ചെയ്യുന്ന അവർ
വിദേശത്ത് സെറ്റിലാകാനുള്ള പ്രയത്നത്തിലാണ്.
“അച്ചാ, ഇത് നാലാം തവണയാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ മൂന്നു തവണയും എളുപ്പത്തിൽ
ജയിക്കുമെന്നുറപ്പിച്ച പരീക്ഷകളാണ്
ഒന്നും രണ്ടും മാർക്കുകൾക്ക് പരാജയപ്പെട്ടത്. അടുത്ത പരീക്ഷക്കായി ഒരുങ്ങുകയാണ്. എന്താണ് ദൈവഹിതമെന്ന് തിരിച്ചറിയാൻ അച്ചൻ പ്രാർത്ഥിക്കണം.”
ഞാനവർക്കുവേണ്ടി പ്രാർത്ഥിച്ചു.
പരിശുദ്ധാത്മാവിൻ്റെ സഹായം തേടി.
ഈ മക്കളോട് എന്താണ് പറയേണ്ടതെന്ന് വെളിപ്പെടുത്തണമെന്നപേക്ഷിച്ചു.
എനിക്ക് ലഭിച്ച പ്രചോദനത്താൽ
ഞാൻ അവരോട് ചോദിച്ചു:
“നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്
എത്ര നാളായി?”
“മൂന്നു വർഷം.”
“എത്ര മക്കളുണ്ട്?”
“മക്കൾ ഇല്ല.
വിദേശത്ത് സെറ്റിലായിട്ട്
മതിയെന്നായിരുന്നു തീരുമാനം”
അവരത് പറഞ്ഞപ്പോൾ ഞാൻ
തുടർന്ന് ചോദിച്ചു:
”നിങ്ങൾക്കിപ്പോൾ എത്ര വയസായി?”
”അച്ചാ, ഞങ്ങൾ സമപ്രായക്കാരാണ്.
29 വയസ്.”
ഒരിക്കൽ കൂടി അവർക്കുവേണ്ടി പ്രാർത്ഥിച്ചശേഷം ഞാൻ തുടർന്നു:
”എത്ര വയസിൽ മാതാപിതാക്കളാകാനാണ് നിങ്ങളുടെ തീരുമാനം?
ഈ നിലയ്ക്ക് പോയാൽ, ജോലി ലഭിച്ച്, വിദേശത്ത് സെറ്റിലായി നിങ്ങൾക്ക് കുഞ്ഞുങ്ങളുണ്ടാകുമ്പോൾ
ഇനിയും എത്ര വർഷങ്ങൾ കഴിയുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
IELTS പരീക്ഷ ഓരോ തവണ പരാജയപ്പെട്ടപ്പോഴും ദൈവം നൽകിയ സന്ദേശം ‘കുഞ്ഞുങ്ങളെ സ്വീകരിക്കുക’ എന്നതാണ്. സത്യത്തിൽ
കൂടുതൽ ശമ്പളമുള്ള ജോലി
ആഗ്രഹിക്കുന്നതു തന്നെ
മക്കളുടെ ഭാവിയ്ക്കു വേണ്ടിയല്ലെ?
അങ്ങനെയെങ്കിൽ മക്കളില്ലെങ്കിൽ പിന്നെന്തിനാണ് ജോലി?
പെട്രോൾ വാങ്ങിവച്ച് ആരെങ്കിലും
കാറ് വാങ്ങാൻ പണത്തിനുവേണ്ടി പ്രാർത്ഥിക്കുമോ?
അതുകൊണ്ട് ആദ്യം, കുഞ്ഞ്. കുഞ്ഞുണ്ടായിക്കഴിയുമ്പോൾ
ആ കുഞ്ഞിനെ പോറ്റാനുള്ള ജോലി തീർച്ചയായും വിദേശത്തോ സ്വദേശത്തോ ദൈവം നിങ്ങൾക്ക് നൽകിക്കൊള്ളും.”
ഞാൻ പറഞ്ഞ കാര്യങ്ങൾ ഏറെ സന്തോഷത്തോടെ അവർ സ്വീകരിച്ചു.
pregnent ആയാൽ ആദ്യം എന്നെ അറിയിക്കുമെന്ന് പറഞ്ഞ്
അവർ യാത്രയായി.
ഏതാനും ദിവസം കഴിഞ്ഞ്
അയാൾ എന്നെ വിളിച്ചു:
“അച്ചാ,
ഒരു സന്തോഷവാർത്തയുണ്ട്
ഞങ്ങൾക്കൊരു കുഞ്ഞുണ്ടാകാൻ പോകുന്നു.
അന്നത്തെ ആ കൂടിക്കാഴ്ചയുടെ സമയത്ത് എൻ്റെ ഭാര്യ ഗർഭിണിയായിരുന്നു.
സംശയംതോന്നി യൂറിൻ ടെസ്റ്റ് ചെയ്തപ്പോഴാണ് സദ്വാർത്തയറിഞ്ഞത്! ഒത്തിരി നന്ദി….
അച്ചനും ദൈവത്തിനും.
ഒരു പക്ഷേ അന്നവിടെ വന്ന്
ദൈവഹിതം തിരിച്ചറിഞ്ഞില്ലായിരുന്നെങ്കിൽ ഈ വാർത്ത ഞങ്ങളെ ദു:ഖിപ്പിക്കുമായിരുന്നു…”
അവൻ്റെ വാക്കുകളിൽ എൻ്റെ
മിഴികളുംനിറഞ്ഞു. പരിശുദ്ധാത്മാവിന്
ഞാൻ നന്ദി പറഞ്ഞു.
“സത്യാത്മാവു വരുമ്പോള് നിങ്ങളെ സത്യത്തിന്റെ പൂര്ണതയിലേക്കു നയിക്കും”
(യോഹ 16 : 13) എന്ന ക്രിസ്തുവിൻ്റെ വാക്കുകളുടെ അർത്ഥം എനിക്ക്
കൂടുതൽ വ്യക്തമായി.
പിന്നീടെരിക്കൽ അവൻ
എന്നെ വീണ്ടും വിളിച്ചു:
“അച്ചാ,
ഇവിടെത്തന്നെ എനിക്ക് ജോലിക്കയറ്റം കിട്ടി. സാലറിയും കൂടുതലുണ്ട്. ഞങ്ങൾക്ക് വേണ്ടതെല്ലാം ദൈവം ക്രമീകരിക്കുമെന്ന് പൂർണ്ണമായ് വിശ്വസിക്കുന്നു!”
പെന്തക്കുസ്തായുടെ ഈ ദിനത്തിൽ
ജീവിത പ്രതിസന്ധികളിൽ
ശരിയായ തീരുമാനങ്ങൾ എടുക്കുവാൻ വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവ്
നമ്മെ സഹായിക്കട്ടെ!
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന് ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.