ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ’ഗ്രാൻഡ് മിഷൻ 2019’ സമാപിച്ചു
പ്രെസ്റ്റണ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ഫെബ്രുവരി 22 മുതൽ ഏപ്രിൽ 28 വരെ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി നടന്നുവരികയായിരുന്ന ’ഗ്രാൻഡ് മിഷൻ 2019’ സമാപിച്ചു. കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി കാർഡിഫിൽ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിച്ച ധ്യാനത്തോടെയാണുഗ്രാൻഡ് മിഷന് സമാപനമായത്. ഗ്രാൻഡ് മിഷൻ നടന്ന 67 സ്ഥലങ്ങളിലും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ എത്തി വചനസന്ദേശം നൽകി.
സുവിശേഷ പ്രഘോഷണം പ്രധാന ദൗത്യമായി സ്വീകരിച്ചിരിക്കുന്ന സഭ, സുവിശേഷത്തിന്റെ ചൈതന്യത്താൽ നവീകരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യപ്പെടണം എന്ന ലക്ഷ്യം മുൻനിറുത്തിയാണ് ഒരു പുതിയ പ്രേഷിത മുന്നേറ്റത്തിനായി 2019 ലെ വലിയ നോന്പിനോടനുബന്ധിച്ചു ഗ്രാൻഡ് മിഷൻ ഗ്രേറ്റ് ബ്രിട്ടണ് രൂപതയിൽ നടത്തിയത്. പ്രശസ്ത വചനപ്രഘോഷകരായ ഫാ. ജോർജ് പനയ്ക്കൽ വി.സി., ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, റവ. ഡോ. ആൻറണി ചുണ്ടലിക്കാട്ട്, ഫാ. സോജി ഓലിക്കൽ, ഫാ. ജോസഫ് എടാട്ട് വി.സി., ഫാ. കുര്യൻ കാരിക്കൽ എം.എസ്.എഫ്. എസ്., ഫാ. പോൾ പാറേക്കാട്ടിൽ വി.സി., ഫാ. ടോമി എടാട്ട്, ഫാ. തോമസ് ഒലിക്കരോട്ട്, ഫാ. ആൻണി പറങ്കിമാലിൽ വി.സി., ഫാ. ജോസ് പള്ളിയിൽ വി.സി., ഫാ. ജിൻസണ് മുട്ടത്തുകുന്നേൽ ഒ. എഫ്. എം. ക്യാപ്പ്., റവ ഫാ റോബർട്ട് കണ്ണന്താനം, ബ്രദർ തോമസ് പോൾ, ബ്രദർ സന്തോഷ് ടി., ബ്രദർ സന്തോഷ് കരുമാത്ര, ബ്രദർ റെജി കൊട്ടാരം, ബ്രദർ സെബാസ്റ്റ്യൻ താന്നിക്കൽ, ബ്രദർ ഡൊമിനിക് പി.ഡി., ബ്രദർ ടോബി മണിമലയത്ത് തുടങ്ങിയവരാണു വചനസന്ദേശം പകർന്നത്.