അമ്മയെ കണ്ടു, ആ സ്നേഹം അനുഭവിച്ചു

കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കടുത്ത് ഇളങ്ങുളം സ്വദേശിയായ ഗ്രെയ്‌സ് ദൈവ കൃപയില്‍ വളരുന്ന അത്മായശുശ്രൂഷകരില്‍ മികച്ച ഉദാഹരണമാണ്. ജപമാല ഭക്തയും പരി. അമ്മയുടെ ദര്‍ശകയുമായ ഗ്രെയ്‌സിന് വര്‍ഷങ്ങളായി തിരുവോസ്തി മുടങ്ങാതെ നാവില്‍ ലഭിക്കുകയും ചെയ്യുന്നു.

സമ്പന്ന കുടുംബമായിരുന്ന കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് പൂവെയില്‍കുന്നേല്‍ എന്ന വീട്ടിലാണ് ഞാന്‍ ജനിക്കുന്നത്. കുട്ടികാലം മുതല്‍ എല്ലാ സുഖസൗകര്യങ്ങളോടെയാണ് വളര്‍ന്നുവന്നത്. എന്റെ അമ്മച്ചിയും വല്യമ്മച്ചിയും മാതാവിന്റെ ഭക്തരായിരുന്നു, പ്രാര്‍ത്ഥനക്കും വി. കുര്‍ബാനയ്ക്കും അവര്‍ മുടക്കം വരുത്തിലാറില്ലായിരുന്നു. എന്നാല്‍ കച്ചവടക്കാരനായ എന്റെ അപ്പന്‍ വലിയ മദ്യപാനിയായിരുന്നു. അപ്പന്റെ ആ ദുഃസ്വഭാവത്തെ പണ്ടുമുതലേ ഞാന്‍ വെറുത്തിരുന്നു. മദ്യം കഴിക്കാത്ത നല്ല ഒരാളെ ഭര്‍ത്താവായി കിട്ടണമെന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. എന്റെ ആഗ്രഹം മാതാവിനോട് പറഞ്ഞു പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചത് വല്യമ്മച്ചിയാണ്. ഞാന്‍ അത് അനുസരിച്ചു, ദിവസവും ഞാന്‍ അങ്ങനെ മാതാവിനോട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. വിവാഹപ്രായമായപ്പോള്‍, എനിക്കും കല്യാണ ആലോചനകള്‍ വന്നു തുടങ്ങി. കച്ചവടക്കാരും സമ്പന്നരുമായിരുന്ന പൈകയിലെ പുത്തന്‍പുരയ്ക്കല്‍ കുടുംബത്തില്‍ ജനിച്ച ജോസുമായി എന്റെ വിവാഹം നടത്തി. ഏറെ സന്തോഷത്തോടെ ചടങ്ങുകള്‍ കഴിഞ്ഞു. എന്നാല്‍ ആദ്യരാത്രി തന്നെ എന്റെ അപ്പനെക്കാള്‍ വലിയ മദ്യപാനിയായ ഒരാളെയാണ് ഭര്‍ത്താവായി ലഭിച്ചതെന്ന യാഥാര്‍ഥ്യം ഞാന്‍ അറിഞ്ഞു. കണ്ണീര്‍ വാര്‍ക്കാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ എനിക്ക് അറിയില്ലായിരുന്നു. മാതാവിനോടും ഈശോയോടും പ്രാര്‍ത്ഥിച്ചിട്ടും വിപരീതമായല്ലേ എന്റെ പ്രാര്‍ത്ഥന കേട്ടത് എന്ന് ഞാന്‍ വിചാരിച്ചു. പതുക്കെ പ്രാര്‍ത്ഥനയിലുള്ള എന്റെ വിശ്വാസം കുറയാന്‍ തുടങ്ങി. കൂടാതെ ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്നും ആദ്യകാലങ്ങളില്‍ തിക്താനുഭവങ്ങള്‍ എനിക്ക് നേരിട്ടുണ്ട്.
മികച്ച രീതിയില്‍ പോയിക്കൊണ്ടിരുന്ന ഭര്‍ത്താവിന്റെ കച്ചവടങ്ങള്‍ കുറച്ചുനാളുകള്‍ക്ക് ശേഷം പരാജയപ്പെടുവാന്‍ തുടങ്ങി. കേസുകളും പ്രശ്‌നങ്ങളുമായി ഞങ്ങളുടെ പല സ്ഥലങ്ങളും തോട്ടങ്ങളും വരെ വിട്ടുകൊടുക്കേണ്ടി വന്നു. അവസാനം തല ചായ്ക്കാന്‍ സ്വന്തമായുണ്ടായിരുന്ന വീടുപോലും നഷ്ടപ്പെട്ട അവസ്ഥ വന്നു. എന്റെ പേരില്‍ അപ്പന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന തുകയ്ക്ക് നാട്ടില്‍ തന്നെ ഒരു ചെറിയ കുടിലില്‍ മാറിതാമസിക്കാന്‍ ഞങ്ങള്‍ അങ്ങനെ നിര്‍ബന്ധിതരായി. മാളികയില്‍ നിന്നും മണ്‍കുടിലിലേക്ക് ഞാന്‍ പറിച്ചു നടപ്പെട്ടു. ആര്‍ഭാടവും സൗകര്യങ്ങളും വേണ്ടുവോളം ആസ്വദിച്ച് കഴിഞ്ഞിരുന്ന ഞാന്‍ ഒരു കുടം വെള്ളത്തിനും, അടുപ്പ് പുകയ്ക്കാനും വേണ്ടി മറ്റുള്ളവരുടെ പറമ്പുകളിലൂടെ സഞ്ചരിക്കേണ്ടി വന്നു. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ പട്ടിണി അനുഭവിക്കേണ്ടി വന്നു. എന്നാല്‍ സന്തോഷം കെടാതെ ഞാനും ഭര്‍ത്താവും ജീവിച്ചുപോന്നു. ദൈവം ഞങ്ങള്‍ക്ക് മൂന്നു ആണ്‍മക്കളെ നല്‍കി അനുഗ്രഹിച്ചു.

ഒരിക്കല്‍ വയറിന് വലുപ്പം കൂടിവരുന്നൊരു (Kwashiorkor) പ്രത്യേക രോഗം എന്നെ ബാധിച്ചു. പല മരുന്നുകളും കഴിക്കാന്‍ തുടങ്ങി. എന്നാല്‍ രോഗത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചില്ല. ദിവസം ചെല്ലുന്തോറും എന്റെ വേദനയും വയറിന്റെ വലുപ്പവും വര്‍ധിച്ചുവന്നു. പാലായിലെ ആശുപത്രിയില്‍ നിന്ന് മരുന്ന് മേടിക്കാനായി ഞാന്‍ ഒരു ദിവസം വീട്ടില്‍ നിന്നിറങ്ങി. മരുന്ന് മേടിച്ച ശേഷം, ഞാനവിടെയുള്ള പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ ചെന്നു. മുട്ടുകുത്തി നിന്ന് മാതാവിന്റെ രൂപത്തില്‍ നോക്കി കൈവിരിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, എനിക്ക് സമീപം ഒരു സ്ത്രീ കണ്ണുനീരോടെ, ഭക്തിയോടെ പ്രാര്‍ത്ഥിക്കുന്നത് കണ്ണില്‍പ്പെട്ടു. ഞങ്ങള്‍ അവിടെവെച്ച് തന്നെ പരിചയപെട്ടു. ഗ്രെയ്‌സി എന്നായിരുന്നു അവരുടെ പേര്. അവര്‍ ഒരു ഡോക്ടര്‍ ആയിരുന്നു. ഞങ്ങള്‍ തമ്മില്‍ എങ്ങനെയോ, എന്തുകൊണ്ടോ അധികമായി അടുത്തു. വീണ്ടും കണ്ടുമുട്ടി. ഞങ്ങളുടെ ഭര്‍ത്താക്കന്മാര്‍ തമ്മിലും പരിചിതരായി. ഞങ്ങളുടെ സൗഹൃദം വളര്‍ന്നു.

അങ്ങനെയിരിക്കെ രോഗശമനമില്ലാതെ നീളുന്ന എന്നെ ഒരു ധ്യാനത്തില്‍ പങ്കെടുപ്പിക്കാന്‍ ഡോ. ഗ്രെയ്‌സി തീരുമാനിച്ചു. അവരും കൂടെ വരാന്‍ തയ്യാറായി. മനസ്സില്ലാ മനസ്സോടെ ആണെകിലും എന്റെ ഭര്‍ത്താവ് ധ്യാനത്തിന് പോകാന്‍ എനിക്ക് സമ്മതം നല്‍കി. ഞാനും ഡോ. ഗ്രെയ്‌സിയും സൗഖ്യത്തിനു വേണ്ടി, വിടുതലിനുവേണ്ടി ധ്യാനത്തിന്റെ ഓരോ ദിവസവും കരഞ്ഞു പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. എനിക്ക് ചുറ്റും ആയിരങ്ങള്‍ സുഖം പ്രാപിച്ചുകൊണ്ടിരുന്നു. എന്നാല്‍ എന്നില്‍ മാത്രം ഒന്നും സംഭവിക്കാത്തതു മൂലം കൂടുതല്‍ ദുഖിതയായി. ഞാനാണ് ഏറ്റവും വലിയ പാപിയെന്ന തോന്നല്‍ എന്റെ തലച്ചോറില്‍ വേരൂന്നി. ധ്യാനത്തിന്റെ അവസാന രാത്രി ഞാന്‍ ഈശോയോട് കരഞ്ഞു പ്രാര്‍ത്ഥിച്ചു, ‘എന്നെ സുഖപ്പെടുത്തേണമേ, എന്റെ രോഗം മാറ്റേണമേ’. ഇന്നും നാളെയുമായി കുറച്ചുപേരെ കൂടി കര്‍ത്താവ് സുഖപ്പെടുത്തും എന്ന സന്ദേശം വൈദികന്‍ അന്ന് വെളിപ്പെടുത്തിയിരുന്നു. ഞാനത് മനസ്സില്‍ ഇട്ട് ഉറങ്ങാന്‍ കിടന്നു. വയറു വേദന സഹിക്കാന്‍ കഴിയാതെ ഞാന്‍ ആ രാത്രിയിലും കണ്ണടച്ചു കിടക്കുന്ന സമയത്ത്, കര്‍ത്താവിന്റെ ക്രൂശിത കൈകള്‍ എന്റെ അടുത്തേക്ക് വരുന്നതും, എന്നെ സുഖപ്പെടുത്തുന്നതുമായി ഞാന്‍ സ്വപ്‌നം കണ്ടു. ഉറക്കത്തില്‍ നിന്ന് ഞെട്ടിയെഴുന്നേറ്റ്, ആ കൈകളില്‍ പിടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ അവിടെ ആരുമുണ്ടായില്ല. ഞാന്‍ ഉടനെ എന്റെ വയറിലേക്ക് നോക്കി. കുഞ്ഞിനെ പ്രസവിച്ച് എഴുന്നേറ്റ ഒരമ്മയെ പോലെ എന്റെ വയര്‍ ഒട്ടിയിരിക്കുന്നു. ആശ്വാസവും സന്തോഷവും എന്നില്‍ അനുഭവപെട്ടു. അത്ഭുത നിമിഷ ങ്ങളുടെ ആ അര്‍ദ്ധരാത്രിയില്‍ ഞാന്‍ ദൈവത്തിനു നന്ദിയും സ്തുതിയും അര്‍പ്പിച്ചു.

വേദനകളില്‍ നിന്ന് അനുഗ്രഹങ്ങള്‍

ധ്യാനത്തില്‍ വെച്ച് എനിക്ക് കൗണ്‍സിലിംഗ് ചെയ്യാനുള്ള കഴിവ് കര്‍ത്താവ് നല്‍കിയിട്ടുണ്ട് എന്ന് വൈദികന്‍ പറഞ്ഞിരുന്നു. എന്നാല്‍ കുടുംബത്തിലെ സാഹചര്യങ്ങള്‍ കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടും എനിക്ക് അതിനു ആദ്യമേ സാധിച്ചില്ല എന്ന് വേണം പറയാന്‍. എന്നാല്‍ നാളുകള്‍ കഴിഞ്ഞു, എന്റെ പ്രാര്‍ത്ഥന ജീവിതം ശ്കതിയിലേക്ക് വളര്‍ന്നു തുടങ്ങിയിരുന്നു. ഞാന്‍ പതുക്കെ ഡോ. ഗ്രെയ്‌സിയുടെ സഹായത്തോടെ ചെറുപുഷ്പം ആശുപത്രിയില്‍ കൗണ്‍സിലിംഗ് ചെയ്യാന്‍ ആരംഭിച്ചു. ആഴ്ചയില്‍ രണ്ടുവട്ടം മാത്രമുണ്ടായിരുന്ന അത് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ എല്ലാ ദിവസങ്ങളിലും എന്നാകുകയും, ആയിരങ്ങള്‍ കടന്നുവരുകയും ചെയ്തുകൊണ്ടിരുന്നു. ചില കന്യാസ്ത്രികളും കൗണ്‍സിലിംഗ് സഹായത്തിനു എത്തിയിരുന്നു. എന്റെ ഭര്‍ത്താവും ശുശ്രൂഷകളുടെ ഭാഗമായി കടന്നുവന്നു. ആ ദിവസങ്ങളില്‍ മാതാവിനോട് ഞങ്ങള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുമായി രുന്നു, ജപമാല ചൊല്ലി കാഴ്ചവെയ്ക്കുമായിരുന്നു. അങ്ങനെ കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍, ഒരു ദിവസം പരി. അമ്മ എന്റെ മുന്നില്‍ വന്നു, അമ്മ എന്നോട് സംസാരിക്കുന്നതായി എനിക്ക് തോന്നി , ‘മോളേ, അനേകം ജപമാല നീ ചൊല്ലണം. ഞാന്‍ സഹരക്ഷകയായ അമ്മയാണ്. ലോകത്തെ രക്ഷിക്കാനും എന്റെ വിമല ഹൃദയം വഴി എനിക്ക് നിന്നെ തന്നെ സമര്‍പ്പിക്കണം. സഹനങ്ങളും വേദനകളും ഏറെയുണ്ടാകും. എല്ലാവരും നിന്നെ ഉപേക്ഷിക്കും. എന്നാല്‍ ഞാന്‍ നിന്നെ ഉപേക്ഷിക്കില്ല. എന്റെ കാപ്പയ്ക്കുള്ളില്‍ നീ സുരക്ഷിതയായിരിക്കും. എന്റെ മകന് ലഭിച്ച അതേ തിക്താനുഭവം നിനക്കും ലഭിക്കും.’

അമ്മയുടെ ആ പ്രവചനങ്ങള്‍ എന്റെ മനസ്സില്‍ ആഴത്തില്‍ കൊണ്ടു. ഞാന്‍ ജപമാലയില്‍ മുറുകെപിടിച്ചു. അമ്മ പറഞ്ഞതുപോലെ തിക്താനുഭവങ്ങള്‍ പല വിധത്തില്‍ എനിക്ക് നേരിടാന്‍ തുടങ്ങി. മറ്റുള്ളവരുടെ കളിയാക്കല്‍, അവഹേളനങ്ങള്‍, മുദ്രകുത്തല്‍ എന്നിവയില്‍ നിന്ന് അത് ആരംഭിച്ചു. എന്റെ മൂന്നു മക്കളും വിവിധങ്ങളായ കാരണങ്ങളാല്‍ വിവാഹ മോചിതരായി. സങ്കടവും വേദനയും മൂലം ഞാന്‍ ക്ഷീണിതയായി. എന്നാല്‍ ജപമാല എനിക്ക് ആശ്രയം തന്നു. എല്ലാവരില്‍ നിന്നും ലഭിച്ച മുറിവുകളാല്‍ ഞാന്‍ അമ്മയില്‍ നോക്കി കണ്ണീര്‍വാര്‍ക്കുന്ന ഒരു ദിവസം, ഒരു നീല വസ്ത്രം എന്റെ മുന്നില്‍ പ്രത്യക്ഷപെട്ടു. ഒരു ബാലനെപ്പോലെ തോന്നിച്ചുവെങ്കിലും, ആ വസ്ത്രത്തിന്റെ മറവില്‍ പരി. അമ്മ നില്‍ക്കുന്നത് ഞാന്‍ കണ്ടു. ക്രൂശിതനായ ഈശോയെ കാണിച്ചു തന്ന്, ആ സഹനങ്ങള്‍ നീയും വഹിക്കണം എന്ന് അമ്മ എന്നോട് പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള എന്നെകൊണ്ട്, അമ്മ നീണ്ട കുറിപ്പുകള്‍ എഴുതിപ്പിച്ചു. അന്ന് തൊട്ട് തിക്താനുഭവങ്ങളാല്‍ കരയാതിരിക്കാന്‍ എനിക്ക് സാധിച്ചു. അതുമൂലം കൂടുതല്‍ അഭിഷേകത്തോടെ ഞാന്‍ ജപമാലയില്‍ ശരണപെട്ടു. അങ്ങനെ അനുഗ്രഹങ്ങള്‍ കടന്നുവരാന്‍ തുടങ്ങി. എന്റെ വീടിനുചുറ്റും സുഗന്ധം കടന്നുവന്നു. ജപമാലയും, തൈലവും, തേനും സമ്മാനമായി എന്നിലൂടെ അമ്മ പലര്‍ക്കും നല്‍കി. അടുക്കള ജോലിയില്‍ എനിക്ക് സഹായമായി കടന്നുവരുന്ന, ചപ്പാത്തി ചുട്ടുതരുന്ന, വിരുന്നുകാര്‍ വരുമ്പോള്‍ എനിക്ക് വേണ്ടി ജോലികള്‍ ചെയ്തുതരുന്ന അമ്മ. ആ അമ്മയുടെ അത്ഭുത പ്രവര്‍ത്തനങ്ങളില്‍ അവിശ്വസിക്കാതെ, കടന്നുവരുന്ന പലരും അമ്മയുടെ ഭക്തരായി മാറുകയും അവര്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles