കൊറോണക്കാലത്ത് നല്ല ഉറക്കം കിട്ടുന്നില്ലേ?
കൊറോണ വൈറസ് കാലം പലര്‍ക്കും ടെന്‍ഷന്റെ കാലം കൂടിയാണ്. വര്‍ദ്ധിച്ചു വരുന്ന കൊറോണ നിരക്കും മരണ നിരക്കും ലോക്ക്ഡൗണും സാമ്പത്തികമായ ആകുലതയും എല്ലാം ചേരുമ്പോള്‍ പലര്‍ക്കും ഉറക്കം നഷ്ടമാകുന്നു. നിങ്ങള്‍ ഉറക്കക്കുറവ് അനുഭവിക്കുന്ന ആളാണോ? ഇതാ ചില പ്രായോഗിക നിര്‍ദേശങ്ങള്‍.
1. കൃത്യസമയത്ത് ഉറങ്ങുക, ഉണരുക
ലോക്ക് ഡൗണ്‍ കാലത്ത് പലര്‍ക്കും ജോലിക്കു പോകേണ്ട കാര്യമില്ലാത്തതിനാല്‍ വൈകി ഉറങ്ങി വൈകി ഉണരാം എന്ന് കരുതുന്നവരാകും നമ്മില്‍ ഏറെപ്പേരും. എന്നാല്‍ നല്ല ഉറക്കം കിട്ടാന്‍ ഏറ്റവും നല്ലത് എല്ലാ ദിവസവും കൃത്യമായ ഉറക്ക സമയം പാലിക്കുകയാണ്. കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും വേണം. 8 മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കുക.
2. ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുക.
ഇലക്ട്രോണിക്ക് ഉപകരണങ്ങളില്‍ നിന്ന് ഒരു നീല വെളിച്ചം പുറപ്പെടുന്നു. ഇത് നമ്മുടെ ബയോളജിക്കല്‍ ക്ലോക്കിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഉറക്കത്തിന് സഹായിക്കുന്ന മെലാടോണിന്റെ ഉത്പാദനവും കുറയുന്നു. തല്‍ഫലമായി ഉറക്കം നഷ്ടപ്പെടുന്നു.
3. പ്രാര്‍ത്ഥനയില്‍ സമാധാനം കണ്ടെത്തുക
സമ്മര്‍ദം കുറയ്ക്കാന്‍ പ്രാര്‍ത്ഥനയ്ക്ക് സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. മനശാസ്ത്രമായ തലത്തില്‍ പ്രാര്‍ത്ഥനയ്ക്ക് വളരെയേറെ ക്രിയാത്മകമായ മേന്മകളുണ്ട്. പ്രാര്‍ത്ഥന നന്നായി നടത്തിയാല്‍ മനസ്സ് ശാന്തമാമാവുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യും.
4. ഉറങ്ങാന്‍ പോകും മുമ്പ് മോശം വാര്‍ത്തകള്‍ കൊണ്ട് മനസ്സ് നിറയ്ക്കാതിരിക്കുക
ദുഖകരമായ വാര്‍ത്തകള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്തു കൊണ്ട് ഉറങ്ങാന്‍ പോയാല്‍ രാത്രി ഉറക്കം വരാതെ കിടക്കുകയേയുള്ളൂ. അത്തരം വാര്‍ത്തകള്‍ രാത്രികളില്‍ കേള്‍ക്കുകയോ വായിക്കുകയോ ചെയ്യാതിരിക്കുക.
5. ലഘുവായി അത്താഴം കഴിക്കുക
അമിതമായ രാത്രി ഭക്ഷണം കഴിച്ചാല്‍ അത് ദഹിക്കാന്‍ പ്രയാസകരമാവുകയും ഉറക്കം തകരാറിലാവുകയും ചെയ്യും. ഉറങ്ങാന്‍ പോകുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. മദ്യം, കാപ്പി എന്നിവയും രാത്രി ഒഴിവാക്കുക.