കോവിഡിന്റെ പൊരുള്‍ നല്ല സമരിയാക്കാരന്റെ ഉപമയിലുണ്ടെന്ന് മാര്‍പാപ്പാ
ഇന്ന് ലോകത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്ന കോവിഡ് 19 മഹാമാരി പോലുള്ള ദുരന്തങ്ങള്‍ എന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരം മനുഷ്യാവതാര രഹസ്യത്തിന്റെ പാതയിലൂടെയാണ് കടന്നു പോകുന്നതെന്ന് മാര്‍പ്പാപ്പാ.
2020 ആണ്ടവസാത്തോടനുബന്ധിച്ച് വത്തിക്കാനില്‍ വര്‍ഷാന്ത്യദിനത്തില്‍, കര്‍ദ്ദിനാള്‍ സംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ജോവാന്നി ബാത്തിസ്ത റേ കൃതജ്ഞതാ സായാഹ്ന പ്രാര്‍ത്ഥനാ വേളയില്‍ വായിച്ച ഫ്രാന്‍സീസ് പാപ്പായുടെ സന്ദേശത്തിലാണ് ഈ ഉദ്‌ബോധനം ഉള്ളത്. ഫ്രാന്‍സീസ് പാപ്പായ്ക്ക് സന്ധിവേദന അനുഭവപ്പെട്ടതു മൂലം ഈ സായാഹ്ന പ്രാര്‍ത്ഥന നയിച്ചത് കര്‍ദ്ദിനാള്‍ റേ തന്നെയായിരുന്നു.
കോവിഡ് 19 മഹാമാരി പോലുള്ള ദുരന്തങ്ങളുടെ പൊരുള്‍ ഒരു പക്ഷേ, നമുക്ക് നല്ല സമറിയാക്കാരനില്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് പാപ്പാ വിശദീകരിച്ചു.
വഴിയില്‍ മുറിവേറ്റു കിടന്നിരുന്നയാളെ കാരുണ്യത്താല്‍ പ്രചോദിതനായ സമറിയാക്കാരന്‍ ഒരു സഹോദനരനെപ്പോലെ കാണുകയും തനിക്കു കഴിയുംവിധം പരിചരിക്കുകയും ചെയ്യുന്ന സംഭവം അനുസ്മരിച്ച പാപ്പാ, നരകുലത്തിന് പ്രഹരമേല്പിക്കുന്ന ദുരന്തങ്ങള്‍ നമ്മില്‍ സഹാനുഭൂതിയും സാമീപ്യത്തിന്റെയും കരുതലിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും വാത്സല്യത്തിന്റെയും മനോഭാവങ്ങളും ഉണര്‍ത്താന്‍ പോന്നവയാണെന്ന് ഉദ്‌ബോധിപ്പിച്ചു.
പ്രിപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെയും രോഗം ബാധിതരെയും ഏകാന്തതയനുഭവിച്ചവരെയും തൊഴില്‍ നഷ്ടപ്പെട്ടവരെയും എല്ലാം പാപ്പാ അനുസ്മരിച്ചു.
കോവിദ് 19 വസന്തയുടെ വേളയില്‍ മുന്‍നിരയില്‍ പ്രവര്‍ത്തന നിരതരായിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, അതായത്, ഭിഷഗ്വരന്മാരും നഴ്‌സുമാരും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം, അതുപോലെ തന്നെ വൈദികരും സന്ന്യാസീസന്ന്യാസിനികളും നമ്മുടെ പ്രാര്‍ത്ഥനയും നന്ദിയും സവിശേഷമാംവിധം അര്‍ഹിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.
അവരെല്ലാവരും സകലരുടെയും നന്മയാണ് അന്വേഷിക്കുന്നതെന്നും ഇത് ദൈവ കൃപയുടെ, ദൈവിക കാരുണ്യത്തിന്റെ അഭാവത്തില്‍ സാധിക്കില്ലെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
സ്വന്തം കാര്യങ്ങളും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച്, തന്റെ സമയവും വസ്തുക്കളും മറ്റുള്ളവര്‍ക്കായി വിനിയോഗിക്കാന്‍ ഒരുവനെ പ്രേരിപ്പിക്കുന്നത് സ്വാര്‍ത്ഥതയെ വെല്ലുന്ന ദൈവിക ശക്തിയാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.
ദൈവത്തിന് ഏറ്റം പ്രീതികരമായ വാഴ്ത്തലും സ്തുതിയും സാഹോദര്യസ്‌നേഹം ആണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.