വിശുദ്ധ ദര്‍ശനത്തില്‍ കണ്ട മംഗളവാര്‍ത്താസംഭവം

വി.ആൻ കാതറിൻ എമ്മിറിച്ചിന് ലഭിച്ച ദർശനങ്ങളിൽ നിന്ന്

വിവാഹ ശേഷം പരിശുദ്ധ കന്യകയും വിശുദ്ധ ജോസഫും നസറത്തിൽ ഉള്ള ജോസഫിന്റെ ഭവനത്തിൽ വന്നു.ഉടനെ തന്നെ ജോസഫ് രണ്ടു കഴുതകളും ആയി യാത്ര പുറപ്പെടുന്നതാണ് ഞാൻ കണ്ടത്. ഇത് എന്തോ കൊണ്ടുവരുന്നതിനാണ് എന്ന് മാത്രമേ മനസ്സിലായുള്ളൂ. പണി സാമഗ്രികളോ മറ്റോ ആകാം.പരിശുദ്ധ മറിയം രണ്ടു തോഴിമാരോടൊപ്പം സ്വഭവനമായ നസ്രത്തിലെ അന്നയുടെ ഭവനത്തിലേക്ക് പോന്നു. വിശുദ്ധ അന്ന ഒരു അമ്മയുടെ ഉത്തരവാദിത്വത്തോടെ വീട്ടിലെ ജോലികളിൽ മുഴുകിയിരുന്നു. സഹായിക്കാനായി ബന്ധുവായ ഒരു വിധവയും ഉണ്ടായിരുന്നു.

പരിശുദ്ധ മറിയത്തിന്റെ മുറി വീടിന്റെ പിൻഭാഗത്ത് ചേർന്ന് നേരിപ്പൊടിനരികിലായിരുന്നു. പാറ കൊണ്ട് കെട്ടിയ തറ ഉള്ളതും മൂന്ന് പടികൾ താഴേയ്ക്ക് ഇറങ്ങുന്നതും ആയിരുന്നു ഈ മുറി. താഴെ ഒരുവശത്തായി കിടക്ക ചുരുട്ടി വച്ചിരിക്കുന്നു.ഏകദേശം വൃത്താകൃതി ഉള്ളതായിരുന്നു ഈ മുറി.മറിയം മുറിയിൽ പ്രവേശിച്ചു.വസ്ത്രം മാറി.വെള്ള കമ്പിളി കൊണ്ടുള്ള നീളമുള്ള വസ്ത്രമാണ് ധരിച്ചത്. അരയിൽ ഒരു ബെൽറ്റും കെട്ടിയിരുന്നു. ഇളം മഞ്ഞ നിറത്തിലുള്ള ശിരോവസ്ത്രവും ധരിച്ചിരുന്നു.

മറിയം ഒരു ചെറിയ സ്റ്റൂൾ മുറിയുടെ നടുഭാഗത്തേയ്ക്ക് എടുത്തുവച്ചു. ഇത് ചിത്രത്തുന്നൽ ചെയ്ത വിരി ഇട്ടതായിരുന്നു. തുടർന്ന് മുട്ടുകുത്തി ഈ സ്റ്റൂളിൽ കരങ്ങൾ വച്ച് പ്രാർത്ഥിക്കാൻ തുടങ്ങി.കുറച്ചുകഴിഞ്ഞ് ശിരോവസ്ത്രത്തിന്റെ ഒരു പാളിയെടുത്തു മുഖം മൂടി കരങ്ങൾ കൂപ്പി പ്രാർത്ഥന തുടർന്നു.മറിയം കൂടുതൽ തീക്ഷ്ണമായി കുറേനേരം പ്രാർത്ഥന തുടർന്നു.ഇസ്രായേലിന്റെ രക്ഷകന്റെ വരവിന് വേണ്ടിയും പ്രാർത്ഥിച്ചു.പിന്നെ കുറച്ചുനേരം സ്വർഗ്ഗീയ ആനന്ദത്തിൽ മുഴുകി ശിരസ്സു കുനിച്ച് നെഞ്ചോട് ചേർത്ത് നിശബ്ദമായി നിന്നു.

ഈ സമയം വാതിലിനരികിൽ ആയി ഒരു പ്രകാശസ്തംഭം കാണപ്പെട്ടു. അതിനുള്ളിൽ അത്യുജ്ജ്വലനായ ഒരു യുവാവ്.ഒഴുകുന്ന വെള്ള തലമുടി. അത് ഗബ്രിയേൽ മാലാഖയായിരുന്നു. ഗബ്രിയേൽ മാലാഖ മറിയത്തോട് സംസാരിച്ചുതുടങ്ങി.മറിയം മുട്ടുകുത്തി നിന്നുകൊണ്ടുതന്നെ ഗബ്രിയേൽ മാലാഖയുടെ നേർക്ക് തിരിഞ്ഞു. പക്ഷേ, മുഖമുയർത്തി നോക്കാതെ എളിമയോടെ ശിരസ്സ് താഴ്ത്തി നിന്നുകൊണ്ടാണ് സംസാരിച്ചത്. “ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ” എന്ന് പറഞ്ഞപ്പോൾ ആ സംഭാഷണം അവസാനിച്ചു.

തുടർന്ന് ഉന്നതത്തിൽ നിന്ന് ഒരു പ്രകാശത്തിന്റെ നദി ഈ മുറിയിലേക്ക് ഒഴുകിയെത്തുന്നതാണ് ഞാൻ കണ്ടത്. മറിയം ശക്തമായ ആന്തരിക ആനന്ദത്തിൽ ലയിച്ചു നിന്നു. ഈ പ്രകാശ നദിയിലൂടെ അത്യുജ്ജ്വലമായ ഒരു പ്രകാശ ത്രികോണം ഇറങ്ങിവന്നു. അത് പരിശുദ്ധത്രിത്വം ആണ്. ആ മുറിയിലെ വസ്തുക്കൾ ഒന്നും കാണാൻ സാധിക്കാത്ത വിധം അത്ര ഉജ്ജ്വലമായ പ്രകാശമാണ് ആ മുറിയിൽ അപ്പോൾ നിറഞ്ഞത്.പരിശുദ്ധ കന്യക വീണ്ടും “ഇതാ കർത്താവിന്റെ ദാസി” എന്ന് ആവർത്തിച്ചു.അപ്പോൾ പ്രാവിനെ അനുസ്മരിപ്പിക്കുന്ന ചലനങ്ങളോടെ പരിശുദ്ധാത്മാവ് മറിയത്തിൻറെ വലതു വശത്തുകൂടെ ഉള്ളിലേക്ക് തുളച്ചുകയറി. പരിശുദ്ധ മറിയം അതിശക്തമായി പ്രകാശിച്ചു.

കുറച്ചുനേരം കഴിഞ്ഞ് പ്രകാശനദി സ്വർഗ്ഗത്തിലേക്ക് തിരിച്ചുപോയി.പരിശുദ്ധ കന്യക തന്നിൽ അവതരിച്ച രക്ഷകനെ ഉദരത്തിൽ കരങ്ങൾ വച്ച് ആരാധിച്ചു കൊണ്ടിരുന്നു. ഇതെല്ലാം സംഭവിച്ചു കഴിഞ്ഞപ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു.വിശുദ്ധ അന്നയ്ക്ക് ഒരു ആന്തരിക ജ്ഞാനത്താൽ മറിയത്തിനു സംഭവിച്ചവ ഈ സമയം മനസ്സിലായി. അന്ന മറിയത്തിന്റെ മുറിയിലേക്ക് വന്നു. പക്ഷേ, മറിയം പ്രാർത്ഥനാ നിരതയായി ഇരിക്കുന്നതുകൊണ്ട് ആദരവോടെ തിരിച്ചുപോയി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles