ദൈവത്തിന്റെ സ്വരം നമ്മിൽ പ്രവർത്തിക്കും

~ ബ്രദര്‍ തോമസ് പോള്‍ ~

ദൈവത്തിന്റെ വലതു കയ്യിൽ ആണ് നമ്മൾ. അവിടുത്തെ വലതു കൈ നമ്മെ താങ്ങി നിറുത്തി. നമ്മൾ കർത്താവിന്റെ വലതു കയ്യിൽ ആണെന്ന് പറഞ്ഞാല്, അവിടുത്തെ ഹൃദയത്തിന്റെ ഉള്ളിൽ ആണ് നമ്മൾ. ഇതെല്ലാം പറഞ്ഞു വരുന്നത് ദൈവ സ്വരം ശ്രവിക്കുന്നതിന്റെ ചുറ്റിനും ഉള്ള കാര്യങ്ങളാണ്.
വെറുതെ ഇരുന്നു കർത്താവ് സംസാരിക്കുന്നില്ല എന്ന് പരാതി പറയുന്നതിൽ കാര്യമില്ല. കർത്താവ് സംസാരിക്കുന്നതിന് മുൻപ്, കർത്താവുമായി ഒരു ബന്ധം സ്ഥാപിച്ചെടുക്കണം. ഇപ്പോൾ നമ്മൾ കർത്താവുമായി ഒരു ഉടമ്പടി ബന്ധത്തിലാണ്. ഉടമ്പടി ബന്ധം എന്ന് പറഞ്ഞാൽ ഞാൻ എന്റെ ജീവൻ നിനക്ക് വേണ്ടി തന്നിരിക്കുന്നു. നമ്മുടെ രണ്ടു ജീവനും കലർത്തപ്പെട്ടിരിക്കുന്നു. ജീവന്റെ സംസർഗ്ഗം ആണ് സഹവാസം ആണ് ഉടമ്പടി ബന്ധം.

ഈശോ പറയുന്നു.”ഇനിയും വളരെ കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ട്. എന്നാൽ, അവ ഉള്ക്കൊള്ളാൻ ഇപ്പേൾ നിങ്ങൾക്കു കഴിവില്ല. സത്യാത്മാവു വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്കു നയിക്കും.” (യോഹന്നാൻ 16 : 12-13)

അവന് സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവൻ കേൾക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും. അവന് എനിക്കുള്ളവയില്നിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവൻ എന്നെ മഹത്വപ്പെടുത്തും. (യോഹന്നാൻ 16 : 14)

സത്യാതമാവ് നമ്മുടെ വക്കീൽ ആണ്. നമുക്ക് വേണ്ടി വാദിക്കുകയും പിതാവുമായി സംവാദം നടത്തുകയും പിതാവിൽ നിന്ന് കേട്ട് നമുക്ക് ബോധ്യപ്പെടുത്തി തരികയും ചെയ്യും. അവൻ സ്വമേധയാ അല്ല സംസാരിക്കുന്നത്. അവൻ കേൾക്കുന്നത് മാത്രം നമ്മോട് പറയും.

ആരു പറയുന്നതാണ് അവൻ കേൾക്കുന്നത്? പിതാവും പുത്രനും. പിതാവിന് നമ്മോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പരിശുദ്ധാത്മാവ് ഇടക്ക് വന്നു നമ്മോട് പറയും, ഞാൻ നിനക്ക് അത് മനസ്സിലാക്കി തരാം എന്ന് പറയും. പുത്രൻ പറയുന്നതും അങ്ങനെതന്നെ. പരിശുദ്ധാത്മാവ് എപ്പോഴും പ്രാവ് കുറുകുന്ന പോലെ എപ്പോഴും നമ്മോട് സംസാരിച്ചു കൊണ്ടിരിക്കും.

ഇടക്ക് നമ്മോട് ഈശോ പറയും, നീ തിരക്കുകൾ എല്ലാം മാറ്റി വച്ച് എന്റെ അടുത്ത് വന്നിരിക്കു. അതെല്ലാം ഞാൻ നടത്തിക്കൊള്ളാം.
എല്ലാ ചിന്തകളും വിട്ടു, എന്റെ അടുത്ത് വരൂ എന്ന്. എന്നിട്ട് പറയും, എനിക്ക് നിന്നോട് പറയാനുള്ളതിനുപരി നിന്റെ ആത്മാവിലേക്ക് നീ മനസ്സിലാകുന്നതിലും കൂടുതൽ ജ്ഞാനം പകർത്താനുണ്ട്. അതായത് നിനക്ക് അഗ്രാഹ്യമായ ചില കാര്യങ്ങൾ എനിക്ക് വെളിപ്പെടുത്താനുണ്ട്. അത് കൊണ്ട് നീ ശാന്തമായി ഇരിക്കു. കർത്താവിന്റെ സ്വരം കേൾക്കാൻ നമ്മൾ പഠിച്ചു കഴിഞ്ഞാൽ പിന്നെ നമ്മൾ ഒന്നും നോക്കേണ്ട.
ലോകത്തിന്റെ എല്ലാ സ്വരങ്ങളിലും നിന്ന് നമ്മുടെ കാതുകൾ അടച്ച്, കണ്ണികൾ പൂട്ടി ശാന്തമായി അവിടുത്തെ അരികിൽ ഇരിക്കുക. അപ്പോൾ നമ്മുടെ ആത്മാവിലേക്ക് എന്തോ ഒഴുകുന്ന പോലെ തോന്നും. പക്ഷേ കൃത്യമായി ഒന്നും മനസ്സിലാവുന്നില്ല. തൽക്കാലം മനസിലാവരുത്. കാരണം നമുക്ക് മനസിലാവുന്നതിനേക്കാൾ അഗ്രാഹ്യമായ കാര്യം ആണ് കർത്താവ് നമുക്ക് നൽകുന്നത്. നമ്മുടെ അകത്ത് അത് വന്നതിനു ശേഷം, അകത്ത് നിന്ന് വിരിഞ്ഞു വരുമ്പോഴാണ് ഇത് നമുക്ക് മനസ്സിലാവുന്നത്. ഇത് നമുക്ക് ഓരോരുത്തർക്കും അനുഭവത്തിൽ വരുത്താവുന്ന കാര്യം ആണ്. എല്ലാവരോടും ദൈവം സംസാരിക്കും. പ്രബോധനപരമായി ദൈവം പറയുന്നു,എനിക്ക് നിങ്ങളോട് കുറെ കാര്യങ്ങളെല്ലാം പറയാനുണ്ട്.
നമ്മൾ വിചാരിക്കും,
ദൈവം നമ്മോടു സംസാരിക്കുമോ അപ്പസ്തോലന്മാരോടൊക്കെ അല്ലേ ദൈവം സംസാരിക്കൂ.

ഞാൻ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോടു പറയുന്ന വാക്കുകൾ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നിൽ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികൾ ചെയ്യുകയാണ്.
യോഹന്നാൻ 14 : 10
ഞാൻ പറയുന്ന കാര്യങ്ങൾ സ്വമേധയാ പറയുന്നതല്ല. എന്നിൽ വസിക്കുന്ന പിതാവ് തന്റെ പ്രവർത്തി ചെയ്യുകയാണ്. ഇത് വലിയൊരു രഹസ്യം ആണ്. പിതാവിന് നമ്മിൽ ഒരു പ്രവർത്തി ചെയ്യണമെങ്കിൽ എങ്ങിനെ ആണു ആരംഭിക്കുന്നത്?
ഒരു ഉദാഹരണം പറയാം. പണ്ട് ബ്രദറിന് ജർമൻ ഭാഷ ഒട്ടും അറിയാതിരുന്ന കാലത്തു ദൈവം പറഞ്ഞു, നീ ജർമൻ ഭാഷയിൽ ഒരു ടെലിവിഷൻ ചാനൽ തുടങ്ങും എന്ന്. ഇൗ വചനം അറിയാമായിരുന്ന ബ്രദർ ഉടൻ തന്നെ ദൈവത്തിന്റെ സന്ദേശം എഴുതി വച്ചു.
ഇൗ സന്ദേശം കൊടുത്തപ്പോൾ തന്നെ പിതാവ് തന്റെ പണി ആരംഭിച്ചു കഴിഞ്ഞു. പിതാവ് എല്ലാം സൃഷ്ടിച്ചത് അവിടുത്തെ വാക്ക് കൊണ്ടാണ്. ‘ ഉണ്ടാകട്ടെ ‘ ഇന്ന് അവിടുന്ന് പറഞ്ഞപ്പോൾ എല്ലാം ഉണ്ടായി. ദൈവസ്വരം ശ്രവിക്കുമ്പോൾ അത് അവിടെ സംഭവിക്കുകയാണ്.
ഇനി നമുക്ക് വേറെ ഒരു പ്രാർത്ഥനയുടെ ആവശ്യം വരുന്നുണ്ടോ? കർത്താവ് നമ്മോട് ഒരു കാര്യം പറയുമ്പോൾ, പിതാവ് അവിടെ പ്രവർത്തി ആരംഭിച്ചു കഴിഞ്ഞു.
ദൈവം സംസാരിച്ചതനുസരിച്ച്
ഒറ്റ ദിവസം കൊണ്ട് മൂന്നു സ്ഥലത്ത് നിത്യാരാധന തുടങ്ങിയ അനുഭവം ബ്രദർ പങ്ക് വച്ചു.
ഇതൊക്കെ എങ്ങിനെ സംഭവിക്കുന്നു? കർത്താവ് പറയുന്നത് ശ്രവിക്കുകയും അത് അപ്പോൾ തന്നെ പിതാവ് പ്രവർത്തനം ആരംഭിച്ചു എന്ന് വിശ്വസിക്കുകയും ചെയ്തതിനാൽ മാത്രം.
ഇതെല്ലാം നമ്മുടെ പ്രാർത്ഥന രീതി മാറുമ്പോൾ സംഭവിക്കുന്നത് ആണ്. ഇതിനെല്ലാം കർത്താവിന്റെ സ്വരം കേൾക്കണം.
കർത്താവിന്റെ അധരം ആണ് ദൈവത്തിന്റെ ജ്ഞാനം പകരുന്നത്. ദൈവം എല്ലാ ദിവസവും നമ്മോട് സംസാരിക്കുന്നുണ്ട്. നമുക്ക് അങ്ങിനെ ഒരു ചിന്ത പോലുമില്ല.
ഒരു ഉദാഹരണം വഴി അത് വിശദമാക്കാം. പണ്ട് നമ്മൾ എല്ലാം ഉപയോഗിച്ചിരുന്ന ട്രാൻസിസ്റ്റർ ഓർമ്മയില്ലേ? അതിലെ സ്റ്റേഷൻ കിട്ടണമെങ്കിൽ നമ്മൾ അത് ടൂൺ ചെയ്തു എടുക്കണം. അതായത് ബ്രോഡ്കാസ്റ്റിംഗ് ഫ്രീക്വൻസിയിലേക്ക് തിരിച്ചു വക്കണം. നമ്മോട് പിതാവ്, പുത്രൻ,
പരിശുദ്ധാത്മാവ്,
പരിശുദ്ധ അമ്മ, വിശുദ്ധർ സംസാരിക്കുന്നുണ്ട്.
ഇത് ഓരോന്നും ഓരോ സ്റ്റേഷൻസ് ആണെന്ന് വിചാരിക്കുക. നമ്മൾ ആ ഫ്രീക്വൻസി യിലേക്ക് തിരിക്കുമ്പോൾ ക്ലിയർ ആവണം എന്നില്ല.
അപ്പോൾ അതിനു അടുത്തുള്ള ഫൈൻ ടൂൺ ബട്ടൺ തിരിക്കും. അപ്പോൾ ക്ളിയർ ആകും. അതായത് ബ്രോഡ്കാസ്റ്റിംഗ് നടന്നു കൊണ്ടിരിക്കു ന്നുണ്ടായിരുന്നു. ആ പ്രത്യേക ഫ്രീക്വൻസിയിലേക്ക് നമ്മെ തിരിച്ചു വക്കണം. നമ്മുടെ ഹൃദയത്തില് ആണ് റിസീവർ സെറ്റ്.
ഈ ഫ്രീക്വൻസി ടൂൺ ചെയ്യുന്നതിനാണ് മുൻപ് പറഞ്ഞ ഏഴു സൂത്രവാക്യം. യേശുവിന്റ
ശബ്ദത്തിന്റെ ഫ്രീക്വൻസി അന്നും ഇന്നും ഒന്ന് തന്നെ ആണ്. നമ്മൾ വിചാരിക്കും ഈശോയുടെ സ്വരം നമുക്കൊന്നും കേൾക്കാൻ പറ്റില്ല.
അത് ദൈവത്തിനോട് അത്രയും ചേർന്നിരിക്കുന്ന വൈദികർക്കോ വിശുദ്ധർക്കോ ആയിരിക്കും കേൾക്കുന്നത്. സുവിശേഷത്തിൽ കാണുന്ന ഒരു സംഭവം ആണ് ലാസറിനെ ഉയിർപ്പ്. മൃതരു പോലും കേൾക്കും.
ഈ ഫ്രീക്വൻസി ടൂൺ ചെയ്യുന്നതിന്റെ ഭാഗമായാണ് സുവിശേഷ വായനക്ക് ഇത്രയേറെ ഒരുക്കം വിശുദ്ധ കുർബാനയിൽ ചെയ്യുന്നത്. ഈശോയുടെ സ്വരം മൃതരെ പോലും ഉയിർപ്പിക്കും.
ഈ നാല് സുവിശേഷങ്ങളും നാലു പേരും ഒന്നിച്ചു ഇരുന്നു എഴുതിയതല്ല. വ്യത്യസ്ത കാലഘട്ടത്തിൽ വ്യത്യസ്ത സ്ഥലത്ത് വച്ച് എഴുതിയതാണ്. ഓരോന്നിലും ഒരു പാട് കാര്യങ്ങൾ ഒരുപോലെ തന്നെ ആണ്. ചിലതൊക്കെ വ്യത്യസ്തവും ആണ്. ഇതെല്ലാം ഇവിടെ പറയുന്നത്, ഈ സ്വരം കേൾക്കുന്നതിനുള്ള ഒരുക്കത്തിന് നമുക്ക് ഉണ്ടാകേണ്ട ഒരു പ്രധാന വിശ്വാസം കർത്താവ് അന്ന് സംസാരിച്ചത് പോലെ തന്നെയാണ് ഇന്നും സംസാരിക്കുന്നത്. അന്ന് ഈശോ പറഞ്ഞ വാക്കുകളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനം ഒരിക്കലും മങ്ങി പോകുന്നില്ല. അന്നത്തെ ജനങ്ങൾക്ക് വേണ്ടി ഈശോ മലയുടെ മുകളിൽ സംസാരിച്ചു എന്നല്ല അർത്ഥം, ലോകം മുഴുവനും വേണ്ടി എന്ന് സംസാരിച്ചു എന്നാണ്. നമ്മളിൽ ചിലരെങ്കിലും വിശുദ്ധ നാട് സന്ദർശിച്ചു കാണും. അവിടെ ഈശോ പ്രസംഗിച്ച മലമുകളിൽ കുർബാന അർപ്പിക്കുംപോൾ സുവിശേഷത്തിൽ മലമുകളിലെ പ്രസംഗം ആയിരിക്കും വായിക്കുക. അപ്പോൾ അവിടെ വായിക്കുക ‘ആ ‘മലമുകളിൽ എന്നല്ല. ‘ഈ’ മലമുകളിൽ, ഈശോ. ‘ഇവിടെ’ ഇരുന്നു എന്നാണ്. കാതുകൾക്ക് എത്രയോ ആനന്ദം നൽകുന്ന സ്വരം ആണത്. അതിന്റെ ആശയം ഇതാണ്,
ഈശോയുടെ വചനം എന്നേക്കും ഉള്ളതാണ്.
ഇതെല്ലാം പറഞ്ഞത് ഈശോ പറഞ്ഞ 7 വചനവും നമ്മൾ ഇപ്പോൾ ഹൃദയത്തിൽ ഓർക്കുമ്പോൾ നമ്മുടെ റിസീവിങ് സെറ്റും ബ്രോഡ്കാസ്റ്റിംങ് ആയി ഒരു ബന്ധം ഉണ്ടാവും.
സംസാരിക്കാൻ തുടങ്ങുമ്പോൾ നമ്മൾ കണ്ണുകളടച്ച്, നമ്മുടെ അകത്തിരിക്കുന്ന ഒരാളോട് സംസാരിക്കുന്നത് പോലെ ശ്രദ്ധിച്ചു ഇരിക്കണം. അവിടെ ആരൊക്കെ ഉണ്ടെന്ന് ഓർക്കണം. പിതാവ്, ഈശോ,
പരിശുദ്ധാത്മാവും ഉണ്ടെന്ന് ഓർക്കണം. സംസാരിക്കുമ്പോൾ നമ്മൾ ആദ്യം ഈശോയുടെ ശബ്ദം ആണ് കേൾക്കുന്നത്. അതാണ് ഈശോ പറഞ്ഞത്, ഞാനാകുന്നു വഴി. നമ്മൾ ഈശോയുടെ ഏഴ് വാക്യങ്ങൾ ഓർക്കണം. ഓർക്കുമ്പോൾ അത് പുസ്തകത്തിൽ എഴുതിയിരിക്കുന്ന ഒരു ഭാഗം ആയല്ല ഓർക്കേണ്ടത്. നമ്മുടെ ഹൃദയത്തില് വസിക്കുന്ന ഈശോ പണ്ട് പറഞ്ഞത് ആണത്. പക്ഷേ നമ്മൾ വിശ്വസിക്കുന്നു, പണ്ട് പറഞ്ഞതും ഇപ്പോഴും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. ആ വചനത്തിന്റെ ആഴത്തിനും വ്യാപ്തിക്കും ഒരു വ്യത്യാസവും ഇല്ല. എന്തുകൊണ്ടെന്നാൽ ദൈവം നിത്യനാണ് അനന്തനാണ് നിത്യജീവനാകുന്നു . നമ്മൾ ഉള്ളിന്റെ ഉള്ളിൽ കടന്നു. കതകടച്ചു.
കതകടച്ചു എന്ന് പറഞ്ഞാൽ മറ്റു എല്ലാ ചിന്തകളും വിടുന്നു. ഇനി ആണ് ഫ്രീക്വൻസി കറക്ട് ചെയ്യുന്നത്. നമ്മുടെ റിസീവർ സെറ്റ് കർത്താവിന്റെ ശബ്ദവുമായി ഒന്നാകുന്നു.
ഇവിടെ നമ്മൾ ഓർക്കുന്നു, ഈശോ പറഞ്ഞ ഏഴ് വാക്യങ്ങൾ. ഞാൻ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്ന ജീവനുള്ള അപ്പമാകുന്നു. ഇങ്ങിനെ ഓരോ വാക്യവും ഈശോ നമ്മോട് പറയുന്നു. അത് നമ്മൾ സ്വീകരിക്കുന്നു. എന്നിട്ട് പറയുന്നു, ഈശോയെ ഞാൻ അത് സ്വീകരിക്കുന്നു.
ഞാൻ വിശ്വസിക്കുന്നു. അങ്ങിനെ ഓരോ വാക്യവും സ്വീകരിച്ചു വിശ്വസിക്കുക. അങ്ങിനെ ശാന്തമായി ഇരിക്കുമ്പോൾ ഈശോ സംസാരിച്ചു തുടങ്ങും.നമ്മൾ ആ സ്വരം കേട്ടു തുടങ്ങും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles