ദൈവത്തിന്റെ സൗഹൃദവും ലയനവും
ദൈവവുമായിട്ടുള്ള സൗഹൃദത്തിനും ലയനത്തിനും ആയിട്ടുള്ള ഒരു ഘടകമാണ് വിവേകം ,ജ്ഞാനം. ജ്ഞാനവതികളായ ആത്മാക്കൾ ആണ് നമ്മൾ ഓരോരുത്തരും. നമ്മുടെ എല്ലാവരുടെയും ആത്മാവ് ,ആണായാലും പെണ്ണായാലും ദൈവത്തെ സംബന്ധിച്ച് ജ്ഞാനമുള്ള ഒരു കന്യകയെ പോലെയാണ്. അങ്ങനെയുള്ള ജ്ഞാനത്തിലാണ് ഈ സംഭാഷണം നടക്കുകയുള്ളൂ. അല്ലെങ്കിൽ കർത്താവ് സംഭാഷണം നടത്തുന്നുണ്ടെങ്കിലും നമുക്ക് മനസ്സിലാവുന്നില്ല.
ദൈവത്തിന്റെ ടെലഫോൺ നമ്പർ എന്ന് പറയുന്ന വചനം ആണ് ഈ വചനം.
എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്‍െറ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും. (ജറെമിയാ 33 : 3).
ഈജിപ്തില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ കൊണ്ടുവന്നപ്പോള്‍ ബലികളെപ്പറ്റിയോ ദഹന ബലികളെപ്പറ്റിയോ ഞാന്‍ അവരോടു സംസാരിക്കുകയോ കല്പിക്കുകയോ ചെയ്തിരുന്നില്ല.
എന്നാല്‍ ഒരു കാര്യം ഞാന്‍ അവരോടു കല്പിച്ചിരുന്നു: എന്‍െറ വാക്ക് അനുസരിക്കുവിന്‍; ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്‍െറ ജനവുമായിരിക്കും. ഞാന്‍ നിങ്ങളോടു കല്പിക്കുന്ന മാര്‍ഗത്തിലൂടെ ചരിക്കുവിന്‍; നിങ്ങള്‍ക്കു ശുഭമായിരിക്കും.
അവരാകട്ടെ, അനുസരിക്കുകയോ കേൾക്കുക പോലുമോ ചെയ്തില്ല. തങ്ങളുടെ ദുഷ്ടഹൃദയത്തിന്‍െറ പ്രരണയനുസരിച്ചു തന്നിഷ്ടംപോലെ അവര്‍ നടന്നു; അവരുടെ നടപ്പ് മുന്നോട്ടല്ല, പിന്നോട്ടായിരുന്നു.
(ജറെമിയാ 7 : 22-24)
ദൈവം ഒന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. നിങ്ങൾ എന്റെ വാക്കുകൾ കേൾക്കുക,അത് അനുസരിക്കുക.പക്ഷേ അനുസരിക്കുക പോയിട്ട് കേൾക്കുക പോലും ചെയ്തിട്ടില്ല. അതുകൊണ്ട് നിങ്ങളുടെ നടപ്പ് മുന്നോട്ടല്ല,പിന്നോട്ട് ആയിരുന്നു. നമ്മൾ ദൈവത്തിന്റെ പിന്നാലെ പോയാൽ മതി. പറയുന്നത് ശ്രവിച്ചാൽ മതി. ശ്രവിക്കുന്നത് നമ്മൾ ഒരു പുസ്തകത്തിൽ എഴുതി വെക്കണം.
പഴയനിയമത്തിലെ ദൈവവും പുതിയനിയമത്തിലെ ദൈവവും ഒന്ന് തന്നെയാണ്.പുതിയ നിയമത്തിൽ പറയുന്നു.
അവന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരുമേഘംവന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന് എന്‍െറ പ്രിയപുത്രന്; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്‍െറ വാക്കു ശ്രവിക്കുവിന്‍. (മത്തായി 17 : 5)
ആദം മുതൽ, ഏറ്റവും വലിയ പാപാവസ്ഥയിൽ പോലും ഈ സ്വരം കേൾക്കാമായിരുന്നു. നമുക്ക് ഉണ്ടാകേണ്ട വളരെ നല്ലൊരു കാഴ്ചപ്പാട് ,എത്ര അധഃപതിച്ച അവസ്ഥയിൽ ആയാലും ദൈവത്തിനു നമ്മെ സ്നേഹമാണ്; ദൈവം നമ്മോടു സംസാരിക്കുന്നുണ്ട്. അത് കേട്ടാൽ മതി. അത് കേൾക്കുമ്പോൾ നമ്മിൽ കോരിത്തരിക്കുന്ന ഒരു അനുഭവം ആണ്.അത് മാത്രമല്ല,നമ്മൾ എങ്ങോട്ട് പോകണം ,എന്ത് ചെയ്യണം എന്ന് കൃത്യമായി നമുക്ക് മനസ്സിലാക്കി തരും.
ദൈവത്തിന്റെ സ്വരം കേൾക്കാൻ നമ്മൾ ഇതുവരെ ശ്രമിച്ചിട്ടില്ല,അല്ലെങ്കിൽ നമുക്ക് ആരും പറഞ്ഞു തന്നിട്ടില്ല. ചെറുപ്പത്തിൽ നമ്മുടെ മാതാപിതാക്കന്മാർ പറയും,ഞങൾ പറയുന്നത് കേട്ടോ.അല്ലെങ്കിൽ നല്ല അടി കിട്ടും. ഇതാണ് നമ്മുടെ ശീലം. ഏതെങ്കിലും മാതാപിതാക്കൾ പറയുന്നുണ്ടോ നിങ്ങള്‍ ദൈവത്തെ ശ്രവിക്കു, ദൈവം നിന്നോട് സംസാരിക്കുന്നുണ്ട് എന്ന്. പഴയനിയമത്തിൽ നമ്മൾ കാണുന്ന ഒരു ഉദാഹരണം,ഒരു പയ്യൻ സാമുവൽ കിടക്കുമ്പോൾ ദൈവം വിളിക്കുകയാണ്.സാമുവൽ , സാമുവൽ. അവൻ വിചാരിക്കുന്നത് അവന്റെ കൂടെ കിടന്നിരുന്ന ശ്രേഷ്ട പുരോഹിതൻ ഏലി വിളിക്കുകയാണെന്ന്. ഏലി അല്ലെന്ന് കണ്ടപ്പോൾ വീണ്ടും ഉറങ്ങും.വീണ്ടും വിളിക്കുന്നത് കേൾക്കും. വീണ്ടും സാമുവൽ ചോദിക്കും,അങ്ങു എന്നെ വിളിച്ചോ? അപ്പൊൾ ഏലിക്ക് മനസ്സിലായി ദൈവം ഇവനോട് സംസാരിക്കുന്നത് ആണെന്ന്. എന്നിട്ട് അവനോട് പറഞ്ഞു,ഇനി നീ ഇൗ സ്വരം കേൾക്കുകയാണെങ്കിൽ പറയണം,ദൈവമേ! ഇതാ,അങ്ങയുടെ ദാസൻ ശ്രവിക്കുന്നു. അപ്പൊൾ ദൈവം നിന്നോട് വീണ്ടും സംസാരിക്കും. ഇവിടെ ആണ് ഒരു ട്വിസ്റ്റ് വേണ്ടത്. പുതിയ നിയമത്തിലേക്ക് വരാം. ഇപ്പൊൾ നമ്മൾ ദാസൻ ആണോ? അതോ മകനോ? മക്കൾ അല്ലേ. ഇപ്പൊൾ നമ്മൾ ദൈവത്തിന്റെ വിളി കേൾക്കുമ്പോൾ നമ്മൾ പറയും പിതാവേ ഇതാ ഞാൻ. അങ്ങയുടെ മകൻ,അല്ലെങ്കിൽ മകൾ അങ്ങു പറഞ്ഞാലും.അപ്പൊൾ കർത്താവ് വളരെ സ്നേഹനിർഭരമായി സംസാരിക്കും. നമ്മുടെ ഉള്ളിൽ അപ്പൊൾ സംശയം വരാം.ഇത് കർത്താവ് തന്നെയാണോ സംസാരിക്കുന്നത്? ഒരിക്കലെങ്കിലും നമ്മൾ ഇതൊന്നു അനുഭവിച്ച് നോക്കണം. നമ്മൾ സന്തോഷം കൊണ്ട് തുളുമ്പിപോകും. തുള്ളിച്ചാടും. നമ്മൾ ഓരോരുത്തരോടും ദൈവം വ്യക്തിപരമായി സംസാരിക്കുന്നുണ്ട്. ഒരു പ്രാവശ്യം അത് കേട്ടു കഴിഞ്ഞാൽ, ആ ശബ്ദം നമ്മളിൽ വളരെ ആനന്ദകരമായ ഒരു അനുഭവം ആയി ആലേഖനം ചെയ്യപ്പെടും. ഉദാഹരണത്തിന് നമ്മുടെ മാതാപിതാക്കൾ വിളിക്കുകയാണ് എന്ന് കരുതാം. അവർ നമ്മോട് എങ്ങിനെ ആണു സംസാരിക്കുക. വളരെ ഔദ്യോഗികമായി ആണോ സംസാരിക്കുക. ഞാൻ നിന്റെ അപ്പനാണ് സംസാരിക്കുന്നത്,അങ്ങിനെ പറഞ്ഞിട്ട് വേണോ നമുക്ക് മനസ്സിലാവാൻ. ആ ശബ്ദം കേൾക്കുമ്പോൾ തന്നെ നമുക്ക് അറിയാം. ആ ശബ്ദത്തിന്റെ വ്യതിയാനങ്ങൾ പോലും നമുക്ക് മനസ്സിലാകും. അതായത് ആ സ്വരത്തിന്റെ ഭാവഭേദം നമ്മിലേക്ക് വരും. ആ ശബ്ദത്തിലൂടെ അപ്പന്റെ വികാര വിചാര സ്നേഹ വാത്സല്യം എല്ലാം നമ്മിലേക്ക് പകരപ്പെടും. നമ്മിൽ ഒരു ആനന്ദത്തിന്റെ അനുഭവം ആണ് ആ സ്വരം കേൾക്കുമ്പോൾ. ഇതു നമ്മൾ പ്രാവർത്തികമാക്കുമ്പൊഴാണ് നമ്മിൽ ഇത് അനുഭവം ആകുന്നത്. ഒരു ഉദാഹരണം പറയാം.നമുക്ക് നീന്തൽ പഠിക്കണമെങ്കിൽ,നമ്മൾ വെള്ളത്തിലേക്ക് ചാടിയെ പറ്റൂ.
പണ്ട് ജറമിയ,ഏലിയാ, എസ്സക്കി യേലിനോടൊക്കെ സംസാരിച്ച ദൈവം ,അതിനേക്കാൾ ശ്രേഷ്ടമായി ഇന്ന് നമ്മുടെ ഹൃദയത്തിൽ വസിക്കുന്നു എന്നുള്ളതാണ് അടുത്ത പോയിന്റ്. യേശു ക്രിസ്തുവിലൂടെ നടപ്പാക്കപ്പെട്ട പുതിയ ഉടമ്പടിയിലൂടെ ഈശോ മിശിഹാ പറഞ്ഞു ,എന്റെ ആത്മാവിനേ ഞാൻ നിങ്ങൾക്ക് നൽകും. നിന്റെ കൂടെ എപ്പോഴും ആയിരിക്കാൻ. അതായത് പണ്ടത്തെ അവസ്ഥയിൽ നിന്നും ശ്രേഷ്ടമായ ഒരു അവസ്ഥ ഇന്ന് നമുക്ക് നൽകിയിരിക്കുകയാണ്.
നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്‍െറ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്‍െറ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ – പിതാവേ – എന്നു വിളിക്കുന്നത്. (റോമാ 8 : 15)
നാം ദൈവത്തിന്‍െറ മക്കളാണെന്ന് ഈ ആത്മാവു നമ്മുടെ ആത്മാവിനോട് ചേര്‍ന്ന് സാക്ഷ്യം നല്കുന്നു.
(റോമാ 8 : 16)
ഈ വചനത്തിന്റെ ബോധ്യം മുപ്പതു വർഷം മുൻപ് ബ്രദർ ന് കിട്ടിയപ്പോൾ ആണ് ആത്മാവേ പരിശുദ്ധാത്മാവേ എന്ന ഗാനം ബ്രദർ എഴുതിയത്.
എന്‍െറ ആത്മാവ് അങ്ങയോട്ഒട്ടിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെവലത്തുകൈ എന്നെതാങ്ങിനിര്‍ത്തുന്നു.
(സങ്കീര്‍ത്തനങ്ങള്‍ 63 : 8)
ആത്മാവ് നമ്മോട് ഒട്ടി ചേർന്ന് ഇരിക്കുകയാണ്.പശ വച്ച് ഒട്ടിച്ചിരിക്കുന്നത് പോലെ. ആ പശ എന്താണ്? ദൈവത്തിന്റെ സ്നേഹം.
‘ ഒരു കാര്യം ‘ എന്ന വാക്ക് ബൈബിൾ ഇൽ പലയിടത്തും പറയുന്നുണ്ട്.
ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട്അപേക്ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു; കര്‍ത്താവിന്‍െറ മാധുര്യം ആസ്വദിക്കാനും കർത്താവിന്റെ ആലയത്തില്‍ അവിടുത്തെ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവന്‍ അവിടുത്തെആലയത്തില്‍ വസിക്കാന്‍തന്നെ.
(സങ്കീര്‍ത്തനങ്ങള്‍ 27 : 4)
പണ്ടേ ഉള്ള ഒരു പരാതി ആണ് മർത്ത മറിയത്തിന്റെ ഇടയിൽ ഉണ്ടായിരുന്നത്. മാർത്ത വന്നു ഈശോയോട് പരാതി പറയുകയാണ്, ഞാൻ അടുക്കളയിൽ പണിയോട് പണി. മറിയത്തിന് ഒന്ന് വന്നു സഹായിച്ചു കൂടെ എന്ന്. അപ്പൊൾ ഈശോ മർത്തയോട് പറയുകയാണ്,മാർത്ത നിനക്ക് ഒരുപാട് കാര്യങ്ങളെ കുറിച്ച് വേവലാതി വേണ്ട. ഒരു കാര്യമേ ആവശ്യമുള്ളൂ. മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു. എന്താണ് അത്?
അവള്‍ക്കു മറിയം എന്നു പേരായ ഒരു സഹോദരിയുണ്ടായിരുന്നു. അവള് കര്‍ത്താവിന്‍െറ വചനങ്ങള്‍ കേട്ടുകൊണ്ട് അവന്‍െറ പാദത്തിങ്കല്‍ ഇരുന്നു.
(ലൂക്കാ 10 : 39)
ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല. (ലൂക്കാ 10 : 42)
ജെറമിയ 7 :23 ലും 33:3 ലും ഇത് തന്നെ ദൈവം നമ്മോടു പറയുന്നു.
നമുക്ക് എല്ലാവർക്കും ഉള്ള ദൈവവിളി ഇതാണ്. എന്താണ് ആ ‘ ഒരു കാര്യം ‘
കർത്താവിന്റെ സ്വരം കേൾക്കുക. അത് അനുസരിക്കുക.
നമ്മുടെ ജീവിത പങ്കാളിയില്‍ നിന്നും നമ്മൾ എന്താണ് ആഗ്രഹിക്കുന്നത്? എല്ലാം മാറ്റി വച്ച് കുറച്ച് നേരം എൻറെ അടുത്തു വന്നു ഇരിക്ക്. അത്രയേ വേണ്ടൂ.
ഇത് തന്നെയാണ് ഈശോ നമ്മോട് പറയുന്നത്.
അവര്‍ ഗത്സെമനി എന്നു വിളിക്ക പ്പെടുന്ന സ്ഥലത്തെത്തി. അവന് ശിഷ്യന്മാരോടു പറഞ്ഞു: ഞാന്‍ പ്രാര്‍ഥിക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ ഇരിക്കുവിന്‍. (മര്‍ക്കോസ് 14 : 32)
നമ്മൾ ഉപവാസവും നോമ്പും എല്ലാം എടുക്കുന്നതിലും അധികം കർത്താവ് ആഗ്രഹിക്കുന്നത് നമ്മൾ അവിടുത്തെ അടുത്ത് വന്നു ഇരിക്കുന്നത് ആണ്.
ഒരു ഉദാഹരണം പറയാം.നമ്മൾ ഒരു രാജാവിന്റെയോ ,ഒരു വാഗ്മിയുടെയോ അടുത്ത് ചെല്ലുമ്പോൾ ,നമ്മൾ മാറി നിൽക്കും അല്ലേ. ഭയഭക്തിബഹുമാനത്തോട് കൂടി. അപ്പൊൾ നമ്മെ സ്നേഹത്തോടെ പിടിച്ചു അടുത്തുള്ള സീറ്റിൽ ഇരുത്തും. അപ്പൊൾ നമ്മുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടും. നമുക്ക് ചിന്തിക്കാൻ വയ്യ. നമ്മുടെ രാജാധിരാജനായ ഈശോയെ എഴന്നുള്ളി വച്ചിട്ട് നമ്മോട് പറയുകയാണ്,അടുത്ത് വന്നിരിക്കുവാൻ. ശരിക്കും നമ്മൾ സംസാരിച്ചു തുടങ്ങുമ്പോൾ സന്തോഷം കൊണ്ട് ശ്വാസംമുട്ടിക്കും. ഇതൊക്കെ ദൈവത്തിന്റെ വാത്സല്യത്തിന്റെ ഒരു ഭാഗം ആണ്. നമ്മൾ ഒന്നും ചെയ്യേണ്ട. വെറുതെ അടുത്ത് ചേർന്ന് ഇരുന്നാൽ മാത്രം മതി. ഈശോ പ്രാർത്ഥിക്കുമ്പോൾ കൂട്ടായി. ഈശോ പറയുന്നു,ഞാൻ പിതാവിനോട് പ്രാർത്തിച്ചോളാം.
ലാസർ ന്റെ വീട്ടിൽ സംഭവിച്ച കാര്യം എടുക്കാം. ഈശോയുടെ പ്രിയപ്പെട്ട കൂട്ടുകാരനയിരുന്നു,ലാസർ. ഒന്ന് അവർ പറഞ്ഞാല്‍ മാത്രം മതി ഈശോക്കു ലാസർ നേ സുഖപ്പെടുത്താൻ. പക്ഷേ ഈശോക്ക് അവിടെയും ലോകം മുഴുവനും ഒരു പ്രബോധനം കൊടുക്കാനുണ്ടായിരുന്നു. ഞാൻ വെറും ഒരു രോഗശാന്തി കൊടുക്കുന്നവൻ മാത്രം അല്ല. ഞാൻ അതിലും വലിയവൻ ആണ്. ഞാൻ മർത്യശരീരങ്ങളെ ഉയർപ്പിക്കാൻ കഴിവുള്ളവൻ ആണ്.ഞാൻ ആകുന്നു, പുനരുത്ഥാനം.
ഏഴു സ്ഥലത്ത് യോഹന്നാന്റെ സുവിശേഷത്തിൽ പറയുന്നുണ്ട്.
1 സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന് എന്നേക്കും ജീവിക്കും. ലോകത്തിന്‍െറ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍െറ ശരീരമാണ്.
യോഹന്നാന് 6 : 51
ഈ അപ്പം ആരാകുന്നു, ഒരു വ്യക്തി ആകുന്നു. ലോകത്തിന്റെ നാഥനായ സർവ്വാധിപനായ സർവ്വേശ്വരനായ നിത്യനായ അനന്തനായ സൃഷ്ടാവിന്റെയും ദാസന്റെയും സാദൃശനായ യേശു ആകുന്നു.
2 ഞാൻ ലോകത്തിന്റെ പ്രകാശം ആകുന്നു.
യോഹന്നാൻ 8:12
3 ഞാൻ ആകുന്നു വാതിൽ
4 ഞാൻ ആകുന്നു നല്ല ഇടയൻ
യോഹന്നാൻ 10:11
5 ഞാൻ ആകുന്നു പുനരുത്ഥാനവും ജീവനും.
ജീവനും പുനരുതഥാനം എന്നല്ല.ആദ്യം പുനരുതഥാനം,പിന്നെ ജീവൻ.
6 ഞാനാകുന്നു വഴിയും സത്യവും ജീവനും.
7 ഞാനാകുന്നു സാക്ഷാൽ മുന്തിരി ചെടി.നിങ്ങളോ എന്റെ ശാഖകൾ.
ഞാനാകുന്ന മുന്തിരിച്ചെടിക്ക് ഫലം പുറപ്പെടുവിക്കണമെങ്കിൽ ശാഖ ഇല്ലാതെ പറ്റില്ല. മുന്തിരിച്ചെടി എടുത്തിരിക്കുന്നതിന്റെ അർത്ഥം ഇതാണ്.മുന്തിരിച്ചെടിയുടെ തായ്തണ്ടിൽ ഒരിക്കലും ഫലം ഉണ്ടാവുകയില്ല. ശാഖകൾ കൂടിയെ തീരൂ.
ഈ ഏഴു കാര്യവും ദൈവത്തിന്റെ സ്വരം കേൾക്കുന്നതിന് ഓർത്ത് വെക്കണം. സ്വരം കേൾക്കുവാൻ സഹായിക്കുന്നത് ആണ്, ഈ ഏഴു കാര്യങ്ങളും.
ഈശോ പ്രാർത്ഥിച്ച ഒരു വലിയ സംഭവം ആണ് ,ലാസർന്റെ ഉയിർപ്പ്. അവസാനം ലാസറി വീട്ടിൽ ഈശോ വന്നു.ലാസർ മരിച്ച്,അടക്കി നാലാം ദിവസം. അപ്പോഴേക്കും ലാസറിന്റെ സഹോദരികൾ കരയുകയാണ്. ഈശോ ഉണ്ടായിരുന്നുവെങ്കിൽ ഇത് സംഭവിക്കുക ഇല്ലായിരുന്നു എന്നും പറഞ്ഞു. അവരുടെ അന്നത്തെ വിശ്വാസത്തിന്റെ തലം അത്രയൊക്കെ ഉണ്ടായിരുന്നുള്ളൂ. നമ്മുടെ കാര്യവും ഇങ്ങിനെയൊക്കെ ഉള്ളൂ.അപ്പോഴത്തെ കാര്യം തട്ടിയും മുട്ടിയും കടന്നു പോയാൽ മതി. പക്ഷേ കർത്താവ് അതിലും അപ്പുറം കാണുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. നമ്മുടെ വിശ്വാസത്തിൽ ഉണ്ടാകേണ്ട വലിയൊരു മാറ്റം ആണിത്.
ഇവിടെ ഈശോ പറയുകയാണ്,നിന്റെ സഹോദരൻ ഉയിർത്തെഴുന്നേൽക്കും.അവർ പറഞ്ഞു,അത് ഞങ്ങൾക്ക് അറിയാം.അന്ത്യദിനത്തിൽ അവൻ ഉയിർക്കും എന്ന് ഞങ്ങൾക്ക് അറിയാം. അപ്പോഴാണ് ഈശോ പറയുന്നത്. ” ഞാനാകുന്നു പുനരുത്ഥാനവും ജീവനും.
അപ്പോഴാണ് അവൾക്ക് വലിയൊരു വെളിവു ലഭിക്കുന്നത്. ഈശോയെ കുറിച്ച് വളരെ തെറ്റായ ധാരണ ആയിരുന്നല്ലോ ഉണ്ടായിരുന്നത് എന്നുള്ള ജ്ഞാനം. ഈശോ രോഗശാന്തി നടത്തി, മരിക്കാതെ ഇരിക്കുവാൻ സഹായിക്കുന്ന ഒരാളല്ല. അങ്ങിനെ ചെയ്യുമായിരിക്കും.പക്ഷേ എന്റെ യഥാർത്ഥ ദൗത്യം അതല്ല.
ഞാൻ ആകുന്നു പുനരുതഥാനം. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. അങ്ങിനെ വിശ്വസിച്ച് ജീവിക്കുന്നവൻ മരിക്കുകയില്ല. എന്നിട്ട് ഈശോ ചോദിക്കുകയാണ്, എവിടെയാണ് അവനെ അടക്കിയിരിക്കുന്നത്. എന്നിട്ട് അവർ ഒന്നിച്ചു അങ്ങോട്ട് പോവുകയാണ്. കല്ലെടുത്ത് മാറ്റുവാൻ ഈശോ അവരോട് പറഞ്ഞു. അവർ പറഞ്ഞു, കർത്താവേ ഇപ്പൊൾ ദുർഗന്ധം വമിക്കുന്നുണ്ടാവും. അതായത് ശരീരം അഴുകുവാൻ തുടങ്ങിയിരിക്കുന്നു. അതൊന്നു നമുക്ക് ഭാവനയിൽ കാണാം. വിഷമിച്ചു നിൽക്കുന്ന മർത്തായെ നോക്കി ഈശോ പറയുന്നു,മാർത്ത നീ വിശ്വസിക്കുമെങ്കിൽ മഹത്വം ദർശിക്കും. നീ വേറെ ഒന്നും ചെയ്യേണ്ട. വിശ്വസിക്കുക മാത്രം മതി. അവിടെ അവളുടെ കഴിവൊന്നും എല്ലാ, ആ വിശ്വാസം. കർത്താവ് ആ വിശ്വാസത്തിന്റെ അത്യുച്ചകോടി കൊടുക്കുകയാണ്. ആ വിശ്വാസം കൊടുക്കുകയാണ്.
അതിനു ശേഷം ഈശോ എന്ത് ചെയ്യുന്നു എന്ന് നോക്കാം. ഇവിടെ ഈശോ മാർത്തയോട് പ്രാർഥിക്കാൻ പറഞ്ഞുവോ? ഒന്ന് മാത്രമേ പറഞ്ഞതുള്ളു. നീ വിശ്വസിക്കുക. പ്രാർത്ഥിക്കുന്നത് ഈശോയാണ്. ഞാൻ പ്രാർത്ഥിച്ചു കിട്ടുന്നതിനെ സ്വീകരിക്കാൻ മാത്രം നീ തയ്യാറായാൽ മതി.
ഇനി നമുക്ക് വീണ്ടും ലാസർ ന്റെ കല്ലറയ്യിങ്കൽ പോകാം. ലാസർ മരിച്ചിട്ട് 4 ദിവസം ആയി. നാലാം ദിവസം അഴുകിയ ശരീരം. ഇത്രയും ദിവസവും കരഞ്ഞു കരഞ്ഞു കണ്ണീരു വറ്റിയ സഹോദരി മാർത്ത അരികിൽ. അവളുടെ അടുത്ത് ജീവന്റെ ദാതാവും നാഥനും ആയ യേശു. പിതാവ് മുകളിൽ. പിതാവ്, ഈശോ,മാർത്ത,ലാസർ . ഇത് ഈശോ പ്രാർത്ഥിക്കുന്നു എന്ന ഒരു പുതിയ സിദ്ധാന്തത്തിലേക്ക് കൊണ്ട് വരികയാണ്. നമ്മുടെ എന്തെല്ലാം പ്രാർത്ഥന ഉണ്ടായാലും.അതൊന്നും ഒന്നുമല്ല. അത് ഈശോയുടെ ഈ പ്രാർത്ഥനയുടെ രസം നുകരുക മാത്രമേ ഉള്ളൂ.
യേശു അവളോടു ചോദിച്ചു: വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലേ?
അവര്‍ കല്ലെടുത്തു മാറ്റി. യേശു കണ്ണുയര്‍ത്തി പറഞ്ഞു: പിതാവേ, അങ്ങ് എന്‍െറ പ്രാര്‍ഥന ശ്രവിച്ചതിനാല്‍ ഞാന്‍ നന്ദി പറയുന്നു. (യോഹന്നാൻ 11 : 40-41)
ഈശോ എപ്പോഴും പ്രാർത്ഥിക്കും എന്ന് ഇതിൽ വ്യക്തമാണ്. ഈശോയുടെ പ്രാർത്ഥന പിതാവ് കേൾക്കാതിരിക്കുമോ.
ഈശോ ഇപ്പൊൾ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്? പിതാവിന്റെ വലതു ഭാഗത്ത് ഇരുന്ന് നമുക്ക് വേണ്ടി മധ്യസ്ഥം പ്രാർത്ഥിക്കുന്നു. എന്താണ് ഈശോ നമുക്ക് വേണ്ടി മധ്യസ്ഥം വഹിച്ചു കൊണ്ടിരിക്കുന്നത്? ഇവരെയെല്ലാവരെയും നമ്മെ പോലെ ഒന്നാക്കി സ്വർഗ്ഗത്തിലേക്ക് കൊണ്ടുവരണമെ എന്നാണ്. ഈശ്ശോ കണ്ണുനീര് ഒഴുക്കി. ഈശോ നെടുവീർപ്പിട്ടു ഇതൊക്കെ ഈശോയുടെ പ്രാർത്ഥന ആണ്. എന്നിട്ട് ഈശോ നന്ദി പറയുകയാണ്, പ്രാർത്ഥന ശ്രവിച്ചതിൽ. രണ്ടാമത് ഈശോ തരുന്ന വലിയൊരു പ്രബോധനം ആണ്, അങ്ങു എപ്പോഴും എന്റെ പ്രാർത്ഥന ശ്രവിക്കും. ഇത് ഇവിടെ പറയേണ്ട ആവശ്യം എന്താണ്.അത് അവർ തമ്മിലുള്ള കാര്യം അല്ലേ ,എന്ന് ചിന്തിച്ചേക്കാം. ഇത് നമുക്ക് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഈശോ ഇവിടെ പറയുന്നത്.
അങ്ങ് എന്‍െറ പ്രാര്‍ഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാല്‍, എന്നെ അയച്ചത് അവിടുന്നാണെന്ന് ചുറ്റും നില്ക്കുന്ന ജനം വിശ്വസിക്കുന്നതിനുവേണ്ടിയാണ് ഞാനിതു പറയുന്നത്.
(യോഹന്നാന് 11 : 42)
ഇത് വലിയൊരു തത്വം ആണ്.വലിയൊരു ജ്ഞാനം ആണ്. നമുക്കും ഇനി പറയാം. നമ്മുടെ ഈശോ പ്രാർത്ഥിക്കുന്നു.പരിശുദ്ധാത്മാവ് പ്രാർത്ഥിക്കുന്നു.പരിശുദ്ധ അമ്മ പ്രാർത്ഥിക്കുന്നു. സകല വിശുദ്ധരും പ്രാർത്ഥിക്കുന്നു. ആ പ്രാർത്ഥിച്ചു കിട്ടുന്നത് ഞങ്ങൾക്ക് തന്നോളൂ.ഞങൾ സ്വീകരിച്ചോളാം . ഇങ്ങിനെ ആയിരിക്കണം നാമും ദൈവവും ആയുള്ള ബന്ധം. ഇനി ഈശോയുടെ അരികിൽ ഇരിക്കുമ്പോൾ നമുക്ക് ഉണ്ടായിരിക്കേണ്ട ആശയം ഒരു പ്രണയം ആണവിടെ- സ്നേഹം ആണവിടെ- ഒരു ലാളന ആണവിടെ – ആത്മനിർവൃതി ആണവിടെ അങ്ങിനെ ഉള്ള സംസാരം ആണ് ഉണ്ടാവുന്നത്.