രണ്ടു വിധത്തില്‍ വിശുദ്ധരോട് ഇടപെടുന്ന ദൈവം
വിശുദ്ധരെ വിരിയിക്കുന്നത് കുടുംബമാണ് മാതാപിതാക്കന്മാർ തങ്ങളുടെ സുകൃതത്തിൽ മക്കളെയും പങ്കുകാരാക്കി വളർത്തുന്നു. ഈശോ ഓരോ ആത്മാവിനെയും വിശുദ്ധിയിൽ വളർത്താൻ വ്യത്യസ്തങ്ങളായ മാർഗങ്ങൾ സ്വീകരിക്കുന്നു. എന്നാൽ അവയൊക്കെയും സ്നേഹത്തിൻ്റെ വ്യത്യസ്ത മുഖങ്ങൾ പ്രതിബിംബിപ്പിക്കുന്നു.
“തൻ്റെ മകൻ കല്ലിൽ തട്ടി വീഴുന്നതു കണ്ട് ഓടി വന്ന് പിതാവ് അവനെയെടുത്ത് ശുശ്രൂഷിക്കുകയും ആശുപത്രിയിലെത്തിച്ച് ചികിത്സിച്ച് മുറിവ് ഭേദമാക്കുകയും ചെയ്യുന്നുവെന്നിരിക്കുക. പിതാവിൻ്റെ സ്നേഹം അവൻ അനുഭവിക്കുന്നു. എന്നാൽ തൻ്റെ മകൻ വീഴുമെന്ന് മുൻകൂട്ടി കണ്ട് പിതാവ് അവൻ നടക്കുന്ന വഴിയിൽ നിന്ന് കല്ലെടുത്തു മാറ്റിയിരുന്നെങ്കിലോ? മകൻ കൃതജ്ഞത പ്രകാശിപ്പിക്കുമോ? അവനത് അറിയുന്നില്ല.” ചെറുപുഷ്പം പറയുന്നു: “ഞാനാണ് ഈ കുട്ടി. ഞാൻ നടക്കുന്ന വഴിയിൽ ഉണ്ടായിരുന്ന കല്ലുകൾ തട്ടി വീഴാതിരിക്കാൻ എൻ്റെ വഴിയിലെ കല്ലുകൾ ഈശോ നേരത്തെ എടുത്തു നീക്കുകയായിരുന്നു.
അസ്സീസിയിലെ ഫ്രാൻസിസും, അഗസ്റ്റിനും, മഗ്ദലനായുമൊക്കെ വീണപ്പോൾ ഈശോ അവരെ താങ്ങിയെടുത്തു രക്ഷിച്ചെങ്കിൽ കൊച്ചുത്രേസ്യയെ കൂടുതൽ സ്നേഹിച്ചതുകൊണ്ട് അവൾ വീഴാമായിരുന്ന സാഹചര്യം പോലും മാറ്റിക്കളഞ്ഞു. ദുഷ്ടതയ്ക്ക് എൻ്റെ വിചാരങ്ങളെ മലിനമാക്കാനും തിന്മയ്ക്ക് എൻ്റെ ഹൃദയത്തെ വശീകരിക്കാനും കഴിയും മുൻപ് അവിടുന്ന് ഈ ലോക മോഹത്തിൽ നിന്ന് എന്നെ സംരക്ഷിച്ച് അകറ്റി സൂക്ഷിച്ചു.”
രണ്ടും ദൈവകൃപയുടെ പ്രവൃത്തികൾ തന്നെ. വിശുദ്ധരുടെ കാര്യത്തിൽ ഈ രണ്ടു വിധത്തിലും ദൈവം ഇടപെടുന്നതായി കാണാനാവും. ചിലർ ബാല്യത്തിൽത്തന്നെ സംരക്ഷിക്കപ്പെട്ടിരുന്നു. ചിലരാകട്ടെ പാപത്തിൻ്റെ മുറിപ്പാടുകൾ ഏറ്റ ശേഷം സൗഖ്യത്തിലൂടെ അനുഗ്രഹം പ്രാപിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.