ദൈവം ഇത്രയടുത്ത് നിന്നോടൊപ്പം…. നിനക്കുവേണ്ടി…

കാരുണ്യത്തിനു വേണ്ടി കരഞ്ഞപ്പോളൊക്കെ വിരിച്ച കരങ്ങളുമായി സ്വർഗം വിട്ടിറങ്ങി വന്ന ദൈവ പിതാവിൻ്റെ കരുതലിൻ്റെ കഥകളാണ് തിരുവെഴുത്തുകളിലുടനീളം കാണാനാവുക.

സഹോദരൻ്റെ കൊലപാതകിയായ കായേൻ തൻ്റെ പാപത്തിൻ്റെ ശിക്ഷ താങ്ങാവുന്നതിലധികമാണെന്നു വിലപിച്ചപ്പോൾ മനസലിഞ്ഞ് അവൻ്റെ നെറ്റിയിൽ രക്ഷയുടെ അടയാളം പതിച്ച് സംരക്ഷണമൊരുക്കിയ കർത്താവാണ് നമ്മുടെ ദൈവം.

മോറിയ മലയുടെ മുകളിൽ ഒരു ബലിക്കല്ലിൽ തൻ്റെ പ്രിയപ്പെട്ട മകൻ്റെ കഴുത്തിലെ ഞരമ്പിനു മീതെ മൂർച്ചയേറിയ കത്തിവയ്ക്കപ്പെടുന്നതിനു തൊട്ടുമുമ്പ് ….,
അബ്രാഹത്തിൻ്റെ കരങ്ങൾ തട്ടിമാറ്റി മകനെ തിരികെ ഏല്പിച്ച ഒരു ചരിത്രം നമ്മുടെ ദൈവത്തിനുണ്ട്.

ജേഷ്ഠനെ വഞ്ചിച്ച് പ്രതാപിയായ യാക്കോബിൻ്റെ ,മരണഭയത്തെ തുടർന്നു ദൈവകരുണയ്ക്കു വേണ്ടിയുള്ള നിലവിളി മാനിച്ചിറങ്ങി വന്ന് അവൻ്റെ സഹോദരൻ ഏസാവിൻ്റെ നെഞ്ചിൽ കുന്നോളം കാരുണ്യം പകർന്നവനാണ് നമ്മുടെ ദൈവം.

പ്രത്യാശ നഷ്ടപ്പെട്ട് തൻ്റെ പ്രിയപ്പെട്ട മകനെ മരുഭൂമിയിൽ മണലാരണ്യത്തിൽ കിടത്തിയിട്ട് മാറിയിരുന്ന് മാറത്തടിച്ച് കരഞ്ഞ ഹാഗാറിൻ്റെ നിലവിളി മാനിച്ച് ഇറങ്ങി വന്ന് ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ മണലാരണ്യത്തിൽ തെളിനീരൊഴുക്കിയ ദൈവമാണ് നമ്മുടെ ദൈവം.

സഹോദരന്മാരുടെ കരങ്ങളാൽ പൊട്ടക്കിണറ്റിലേക്ക് എറിയപ്പെട്ട ജോസഫിൻ്റെ നിലവിളി കേട്ട് ഇറങ്ങി വന്ന് കാരുണ്യം കാട്ടി ഈജ്പ്തിൻ്റെ അധിപതിയാക്കിയുയർത്തി യവനാണ് നമ്മുടെ ദൈവം.

ദാനിയേലിന് സിംഹക്കുഴിയിലും, ഏലിയാ പ്രവാചകനു കാക്കച്ചുണ്ടിലും ,
പട്ടിണിമൂലം സ്വയഹത്യക്കൊരുങ്ങിയ വിധവയ്ക്കു വറ്റാത്ത എണ്ണയിലും തീരാത്ത മാവിലും വിരുന്നൊരുക്കിയവനാണ് നമ്മുടെ ദൈവം.

ദൈവത്തിനു മുൻപിൽ വഴിപിഴച്ച് കല്പനകൾ ലംഘിച്ച് ജീവിച്ചിരുന്ന സോദോം ഗോമോറാ ദേശത്തെ, അവിടെയുള്ള പത്ത് നീതിമാരെ പ്രതി നശിപ്പിക്കുകയില്ലന്നു പറഞ്ഞു കരുണ കാട്ടിയവനാണ് നമ്മുടെ ദൈവം

സോദരിമാരുടെ കണ്ണീരിൽ മനസ്സിലഞ്ഞ്, കണ്ണീർ തൂവി ലാസറിൻ്റെ നാലുനാൾ അഴുകിയ ജഡത്തിന് ജീവൻ പകർന്ന ദൈവമാണ് നമ്മുടെ ദൈവം.

അന്ധനും ബധിരനും മൂകനും തളർവാത രോഗിയും കുഷ്ഠരോഗിയും രക്തസ്രാവക്കാരിയും പിശാചുബാധിതരും ചുങ്കക്കാരും വേശ്യാസ്ത്രീകളും നല്ല കള്ളനും
ദൈവപുത്രനെ തള്ളിപ്പറഞ്ഞ പത്രോസും ദൈവത്തിൻ്റെ കരുണയുടെ തണലിൽ ആനന്ദിച്ചവരാണ്.

ഏദനിൽ വീണുപോയ മാനവകുലത്തെ മാറോടു ചേർത്തു പിടിക്കുവാൻ….
തൻ്റെ പ്രിയപുത്രനെ കുരിശിൻ്റെ മാറോളം വിട്ടുകൊടുത്തിട്ടും മതിവരാതെ,
വിശ്വസിച്ച് തൻ്റെ മുമ്പിൽ കുനിയപ്പെട്ടവരുടെ കൂടെ കുടിയിരിക്കാൻ കുർബാനയായ ദൈവമാണ് നമ്മുടെ ദൈവം.

വഴിപിഴച്ചു എന്ന് പറഞ്ഞു കൊണ്ട് വലിച്ചിഴയ്ക്കപ്പെട്ട പെണ്ണിൻ്റെ കരം പിടിച്ചുയർത്തി ,
അവളെ ജീവനിലേക്കും വിശുദ്ധിയിലേക്കും കൂട്ടി ,ഉത്ഥാന ദൂതറിയിക്കാൻ നിയോഗിച്ച് മാലഖമാരുടെ ചിറകിലേറ്റിയവനാണ്
നമ്മുടെ ദൈവം.

ശിരസ്സറുത്തും, കല്ലെറിഞ്ഞും, എണ്ണയിൽ വറുത്തും പീഡനമേറ്റ ക്രൈസ്തവ മക്കളെ കൊന്നു കൂട്ടിയ സാവൂളിനെ പൗലോസാക്കിയവനാണ് നമ്മുടെ ദൈവം .

ദൈവത്തെക്കുറിച്ചുള്ള വ്യക്തതയോടെയാണ് നാം ദൈവത്തെ വിളിക്കുന്നതെങ്കിൽ…..
ബുദ്ധിക്കതീതമും മഹത്വവും നിഗൂഢവുമായ കാര്യങ്ങൾ നമ്മുടെ ദൈവം വെളിപ്പെടുത്തി തരും.
“കർത്താവിനെ ആശ്രയിച്ചിട്ട് ആരാണ്
ഭഗ്നാശനിയത്…?

അവിടുത്തെ വിളിച്ചപേക്ഷിച്ചിട്ട് ആരാണ് അവഗണിക്കപ്പെട്ടത്…?”
( പ്രഭാഷകൻ 2 : 10 )

വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുള്ള അജ്ഞത യേശുക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയാണ്‌.
(വിശുദ്ധ ജെറോം. )

“വിശുദ്ധ ലിഖിതങ്ങളും ദൈവത്തിൻ്റെ ശക്തിയും അറിയാത്തതുകൊണ്ടല്ലേ നിങ്ങൾക്ക് തെറ്റുപറ്റുന്നത്. “
( മാർക്കൊസ് 12 : 24 )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles