കവിതകള്‍ കത്തിച്ച ജസ്യൂട്ട് കവി
ജെരാര്‍ദ് മാന്‍ലി ഹോപ്കിന്‍സ്! ലോക കവിതകളെ പഠന വിധേയമാ ക്കിയവര്ക്ക് അവഗണിക്കാനാവാത്ത നാമം. ദ് വിന് ഡോവര്‍ എന്ന ഒറ്റക്കവിത കൊണ്ട് ഇംഗ്ലീഷ് മഹാകവികള്‍ക്കൊപ്പം സ്ഥാനം പിടിച്ച മഹാപ്രതിഭ.
ജോണ്‍ റസ്കിന്റെയും റൊസെറ്റിയുടെയും ആരാധകനായിരുന്ന ഹോപ് കിന്‍സിന്റെ ബാല്യകാല സ്വപ്നം കവിയും ചിത്രകാരനും ആവുക എന്നതായിരുന്നു. അസാധരണമായിരുന്നു ഹോപ് കിന്‍സിന്റെ വാങ്മയവും ഭാവനയും. കവിതയുടെ ആകാശത്ത് ഒരു ഫാല്‍ക്ക നെ പോലെ വിഹരിക്കുന്ന കാലത്താണ് ഓക്സ്ഫോര്‍ഡില്‍ വച്ച് ജോണ്‍ ഹെന്റി ന്യൂമാനുമായി കണ്ടുമുട്ടിയത്. ആത്മാവില്‍ ഉറങ്ങിക്കിടന്നിരുന്ന ആത്മീയദാഹങ്ങളുണര്ന്നു. 1866ല്‍ ഹോപ് കിന്‍സ് കത്തോലിക്കനായി. തൊട്ടടുത്ത വര്‍ഷം ലോകമേ വിട എന്നു ചൊല്ലി ഈശോസഭയില്‍ ചേര്‍ന്നു. കവിതയെഴുത്തില് പ്രശസ്തിക്കായുള്ള അമിതാഭിലാഷമുണ്ടെന്ന അറിവില്‍ ഹോപ് കിന്‍സ് അന്നോളമെഴുതിയ കവിതകളെല്ലാം ചാമ്പലാക്കി!
എന്നാല്‍ 1872ല്‍ ഡണ്സ്സ്കോട്ടസിനെ വായിച്ചപ്പോള്‍ ഹോപ്കിന്സിന് തന്റെ തെറ്റ് ബോധ്യമായി. കവിതയെഴുതുന്നത് യേശുവിനെ അനുഗമിക്കുന്നതിന് തടസമല്ലെന്ന അറിവില്‍ ഹോപ് കിന്‍സ് വീണ്ടുമെഴുതി. കാവ്യനിര്മാണത്തിലെ അപൂര്‍വതയായ ഇന്‍സ്കേപ് എന്ന ആശയം പ്രയോഗത്തില്‍ വരുത്തിയ ഹോപ്കിന്സില് നിന്ന് വീണ്ടും അതുല്യമായ കവിതകള്‍ പിറന്നു. റെക്ക് ഓപ് ഡ്യൂഷ്ലാന്‍ഡ്, ദ് വിന് ഡോവര്‍ തുടങ്ങിയ മഹത്തായ കവിതകള്‍ അങ്ങനെ പിറന്നതാണ്. സ്പ്രങ് റിഥം എന്ന കവിതാ രീതി ഹോപ് കിന്‍സിന്റെ സ്വന്തമായിരുന്നു.
1877ല്‍ ഹോപ്കിന്‍സ് വൈദികനായി. ഗ്രീക്ക്, ലാറ്റിന്‍ ഭാഷകളുടെ പ്രഫസറായി ഹോപ്കിന്‍സ് പേരെടുത്തു. ജീവിതകാലത്തിലൊരിക്കലും ഹോപ് കിന്‍സിന്റെ കവിതകള്‍ വെളിച്ചം കണ്ടില്ല. അദ്ദേഹത്തിന്റെ മരണശേഷം സുഹൃത്തും കവിയുമായിരുന്ന റോബര്‍ട്ട് ബ്രിഡ്ജസാണ് അവ പ്രസിദ്ധീകരിക്കാന്‍ മുന്‍കൈ എടുത്തത്.
കവിതയേക്കാള്‍ തന്റെ പൗരോഹിത്യ കര്‍ത്തവ്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്ത ഹോപ്കിന്‍സ് അതിനാല്‍ തന്നെ വളരെ കുറച്ചേ എഴുതിയുള്ളൂ. എന്നാല്‍ എഴുതിയവയാകട്ടേ, വിശ്വസാഹിത്യത്തിലെ അപൂര്‍വ രത്നങ്ങളും!