ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതക്ക് മൂന്നു പുതിയ വികാരി ജനറാൾമാർ
പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഭരണപരമായ ശുശ്രൂഷകളിൽ രൂപതാധ്യക്ഷനെ സഹായിക്കുന്നതിനായി മൂന്നു പുതിയ വികാരി ജനറാൾമാരെ മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു. മുഖ്യവികാരി ജനറാളായി (പ്രോട്ടോ സിഞ്ചെല്ലൂസ്) റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ടും വികാരി ജനറാൾമാരായി ഫാ. ജോർജ് തോമസ് ചേലയ്ക്കലും ഫാ. ജിനോ അരിക്കാട്ടുമാണ് ഇന്ന് നിയമിതരായത്. ഫാ. സജിമോൻ മലയിൽപുത്തൻപുരയിൽ വികാരി ജനറാളായി തുടരും. വികാരി ജനറാൾമാരായിരുന്നു റവ. ഡോ. തോമസ് പറയടിയിൽ എംഎസ്ടി, റവ. ഡോ. മാത്യു ചൂരപൊയ്കയിൽ എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ നിയമനങ്ങൾ.
പ്രെസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രൽ വികാരിയായി ഫാ. ബാബു പുത്തൻപുരയ്ക്കൽ നിയമിതനായി. രൂപത ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, രൂപത ഫിനാൻസ് ഓഫീസറുടെ താൽക്കാലിക ചുമതല വഹിക്കും. രൂപതയുടെ അനുദിന സാമ്പത്തിക കാര്യങ്ങൾക്കായി ഫിനാൻസ് സെക്രട്ടറി ജോസ് മാത്യുവിനെയാണ് സമീപിക്കേണ്ടത്.
നാല് വികാരി ജനറാൾമാരും അവരവരുടെ ഇപ്പോഴത്തെ താമസ സ്ഥലങ്ങളിൽ നിന്നുകൊണ്ടുതന്നെ പുതിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കും. (റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് – മിഡിൽസ്ബറോ, ഫാ. സജിമോൻ മലയിൽപുത്തൻപുരയിൽ – മാഞ്ചസ്റ്റർ, ഫാ. ജോർജ് തോമസ് ചേലക്കൽ – ലെസ്റ്റർ, ഫാ. ജിനോ അരിക്കാട്ട് – ലിവർപൂൾ).
റോമിലെ വിഖ്യാതമായ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്നും ‘കുടുംബവിജ്ഞാനീയ’ത്തിൽ, ഡോക്ടറേറ്റ് ബിരുദം നേടിയിട്ടുള്ള റവ. ഡോ. ആന്റണി, ചുണ്ടെലിക്കാട്ട് ചാക്കോ – ബ്രിജിറ്റ് ദമ്പതികളുടെ പുത്രനും തമിഴ്നാട്ടിലെ തക്കല രൂപതയിലെ അംഗവുമാണ്. 2015 ൽ സിബിഎസ് സി യുടെ മികച്ച അധ്യാപകനുള്ള നാഷണൽ അവാർഡ് നേടിയ ഫാ. ജോർജ് തോമസ് ചേലക്കൽ, താമരശേരി രൂപതയിലെ പുതുപ്പാടി- വെള്ളിയാട് ഇടവകാംഗമാണ്. ചേലക്കൽ തോമസ് – ഏലിക്കുട്ടി ദമ്പതികളുടെ പുത്രനാണ് ഫാ. ജോർജ്. ദിവ്യകാരുണ്യ മിഷനറി സഭാഅംഗവും എംസിബിഎസ് ഇരിഞ്ഞാലക്കുട സെന്റ് മേരീസ് കരൂർ ഇടവകാംഗവുമായ ഫാ. ജിനോ അരീക്കാട്ട് , ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിന് ശേഷം ലഭിച്ച ആദ്യ ഇടവക ദേവാലയമായ ‘ഔർ ലേഡി ക്വീൻ ഓഫ് പീസ്, ലിതെർലാൻഡ്, ലിവർപൂൾ ദേവാലയത്തിന്റെ വികാരിയാണ്.