ഗ്രേറ്റ് ബ്രിട്ടണ് രൂപതയിൽ അസാധാരണ മിഷൻ സെമിനാർ ഉദ്ഘാടനം ചെയ്തു
ലണ്ടൻ: ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച അസാധാരണ മിഷൻ മാസത്തോടനുബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടണ് സീറോമലബാർ രൂപതയിലെ വൈദികർക്കുവേണ്ടി ലണ്ടനു സമീപം റാംസ്ഗേറ്റിൽ സംഘടിപ്പിച്ച മിഷൻ സെമിനാർ അദിലാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് പാണേങ്ങാടൻ ഉദ്ഘാടനം ചെയ്തു.
മിഷൻ മാസം എന്നത് വൈദികരെ സംബന്ധിച്ചിടത്തോളം സ്വന്തം ഉത്തരവാദിത്വങ്ങൾ വ്യക്തമായി തിരിച്ചറിഞ്ഞ് അവ പൂർത്തീകരിക്കാനുള്ള സമയമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ദൈവവചനത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് അവ പ്രഘോഷിക്കപ്പെടുന്പോൾ തകർന്നു പോയതെല്ലാം പുനരുജ്ജീവിപ്പിക്കപ്പെടുമെന്നും ദൈവവചനത്താൽ നിറയുന്പോൾ നഷ്ടപ്പെട്ടുപോയതെല്ലാം തിരികെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദൈവത്തിൽ നിന്ന് എല്ലാം പുനരാരംഭിക്കാനുള്ള അവസരമാണ് അസാധാരണ മിഷൻ മാസം എന്ന് അധ്യക്ഷപ്രസംഗത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ പറഞ്ഞു. എല്ലാം രൂപകല്പന ചെയ്യുകയും സൃഷ്ടിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ കരങ്ങളിലെ ഉപകരണങ്ങളായി വൈദികർ മാറുന്പോൾ നവ സുവിശേഷവത്കരണം യാഥാർഥ്യമാകുമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഫാ. ജോർജ് പനയ്ക്കൽ വിസി, പ്രോട്ടോ സിഞ്ചല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചല്ലിമാരായ ഫാ. സജിമോൻ മലയിൽപുത്തൻപുരയിൽ, ഫാ. ജിനോ അരീക്കാട്ട് എംസി ബിഎസ്, ഫാ. ജോസഫ് എടാട്ട് വിസി തുടങ്ങിയവർ പ്രസംഗിച്ചു. മിഷൻ സെമിനാർ നാളെ സമാപിക്കും.