ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മൂന്നാം വാർഷികം ആഘോഷിച്ചു
പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെയും രൂപതയുടെ മെത്രാനായി മാർ ജോസഫ് സ്രാമ്പിക്കൽ അഭിഷിക്തനായതിന്റെയും മൂന്നാം വാർഷികവും കൃതജ്ഞതാ ബലിയർപ്പണവും പ്രെസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്നു. രൂപതയിലെ എട്ടു റീജണുകളിലും നടക്കുന്ന വാർഷിക ബൈബിൾ കൺവൻഷന്റെ ഭാഗമായി ഫാ. ജോർജ് പനക്കലിന്റെ നേതൃത്വത്തിൽ പ്രെസ്റ്റൺ റീജണിൽ നടന്ന ബൈബിൾ കൺവൻഷനുശേഷമാണ് ലളിതമായി ആഘോഷ പരിപാടികൾ നടന്നത്.
മാർ ജോസഫ് സ്രാമ്പിക്കലിനെ എട്ടു റീജണുകളുടെയും പ്രതിനിധികൾ ചേർന്ന് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് ഈയിടെ വിശുദ്ധരായി ഉയർത്തപ്പെട്ട മറിയം ത്രേസ്യായുടെയും കർദിനാൾ ന്യൂമാന്റെയും ഛായാചിത്രങ്ങൾക്കു മുൻപിൽ രൂപത വികാരി ജനറാൾ ഫാ. ജിനോ അരീക്കാട്ട് പ്രെസ്റ്റൺ റീജണൽ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. സജി തോട്ടത്തിൽ എന്നിവർ തിരികൾ തെളിച്ചു. വിശുദ്ധ മറിയം ത്രേസ്യായുടെ തിരുശേഷിപ്പ് ഫാ. ജോർജ് പനക്കൽ കത്തീഡ്രൽ ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ രൂപതയിലെ വൈദികരും സന്യസ്തരും വിവിധ റീജണുകളിൽ നിന്നെത്തിയ അല്മായ പ്രതിനിധികളും ചേർന്ന് കൃതജ്ഞതാബലി അർപ്പിച്ചു.
ഈ വർഷം ആദ്യ കുർബാന സ്വീകരണം നടത്തിയ രൂപതയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നാൽപതോളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഏഞ്ചൽസ് മീറ്റും ആഘോഷ പരിപാടികളുടെ ഭാഗമായി നടന്നു. വികാരി ജനറാൾമാരായ ഫാ. ജോർജ് ചേലക്കൽ, ഫാ. ജിനോ അരീക്കാട്ട്, കത്തീഡ്രൽ വികാരി ഫാ. ബാബു പുത്തൻപുരക്കൽ, പ്രെസ്റ്റൺ റീജണൽ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. സജി തോട്ടത്തിൽ, ഫാ. ഫാൻസ്വാ പത്തിൽ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാന ശുശ്രൂഷ നയിച്ചു