ഗബ്രിയേല്‍ സേനയെക്കുറിച്ച് വ്യാജവാര്‍ത്ത; തലശ്ശേരി രൂപത പ്രതിഷേധിച്ചു.
തലശേരി: വിമുക്തഭടന്മാരുടെ കൂട്ടായ്മയായ ഗബ്രിയേൽ സേനയെക്കുറിച്ച് ഒരു ഇംഗ്ലീഷ് ദിനപത്രം എഴുതിയ വാർത്ത തെറ്റിദ്ധാരണ ജനകവും പ്രതിഷേധാർഹവുമെന്നു തലശേരി അതിരൂപത.
ഡിസംബർ ഒൻപതിനു കണ്ണൂരിൽ നടക്കുന്ന ഉത്തര മലബാർ കർഷക സംഗമത്തിന്റെ വോളണ്ടിയേഴ്സായി സേവനം ചെയ്യാൻ രൂപവത്കരിച്ച വിമുക്തഭടന്മാരുടെ കൂട്ടായ്മയെ “സഭ പ്രത്യേക സേന രൂപീകരിക്കുന്നു”എന്ന തരത്തിൽ ദുർവ്യാഖ്യാനം ചെയ്തു വാർത്ത കെട്ടിച്ചമച്ചതു പത്രധർമത്തിനു നിരക്കാത്തതാണെന്ന് അതിരൂപത പത്രക്കുറിപ്പിൽ അറിയിച്ചു.
പത്രക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ: കാർഷികമേഖലയിലെ പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഉത്തരമലബാർ കർഷകപ്രക്ഷോഭം സംഘടിപ്പിച്ചുവരികയാണ്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കർഷകരും സ്വതന്ത്ര കർഷക പ്രസ്ഥാനങ്ങളും ഇതിൽ പങ്കാളികളാണ്. ഒക്ടോബർ 13ന് 200 ഗ്രാമങ്ങളിൽ രണ്ടര ലക്ഷത്തോളം കർഷകർ പങ്കെടുത്ത കണ്ണീർ ചങ്ങലയോടെയാണു പ്രക്ഷോഭപരിപാടി ആരംഭിച്ചത്. ഡിസംബർ ഒൻപതിനു കണ്ണൂരിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന കർഷകസംഗമത്തിന് ഒരുക്കങ്ങൾ നടക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചുവരുന്നു. നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കി സമ്മേളനം സുഗമമായി നടത്താനായി വിരമിച്ച പട്ടാളക്കാരും പോലീസുകാരും ഉൾപ്പെടുന്ന വോളണ്ടിയർ കമ്മിറ്റി ഗബ്രിയേൽ സേന എന്ന പേരിൽ രൂപവത്കരിച്ചിട്ടുണ്ട്.
അച്ചടക്കത്തോടെയും പൊതുജനങ്ങൾക്ക് അസൗകര്യം ഉണ്ടാകാതെയും ക്രമീകരിക്കാനുള്ള സന്നദ്ധ സേവനസംഘമാണിത്. കേരള സഭയോ തലശേരി അതിരൂപതയോ വാർത്തയിൽ പറയുന്നതുപോലെ സേന രൂപീകരിക്കുന്നില്ല. ഈ വാർത്ത തികച്ചും വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്.
ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിനു വർധിച്ചുവരുന്ന ജനപിന്തുണയെ വിവാദങ്ങൾ സൃഷ്ടിച്ചു തകർക്കാൻ തത്പരകക്ഷികൾ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം. ജനനന്മയ്ക്കു വേണ്ടിയുള്ള വലിയ ഒരു മുന്നേറ്റത്തിന്റെ നന്മകളെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ ഇതുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളുമായി ബന്ധിപ്പിച്ചു ദുർവ്യാഖ്യാനം ചെയ്തു സത്യവിരുദ്ധ വാർത്ത നൽകിയതിൽ അതിരൂപതയുടെ കടുത്ത പ്രതിഷേധം അറിയിക്കുന്നതായും പത്രക്കുറിപ്പിൽ പറയുന്നു.