ഫുള്‍ട്ടന്‍ ജെ ഷീനിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നത് വൈകും

പെയോറിയ: ലോകപ്രസിദ്ധ ടെലിവിഷന്‍-റേഡിയോ വചനപ്രഘോഷകനായ ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപനം ചെയ്യുന്ന തീയതി മാറ്റി. ഡിസംബര്‍ 21 ന് ആ പ്രഖ്യാപനം ഉണ്ടാകും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കൂടുതല്‍ പരിശോധനകള്‍ ഇക്കാര്യത്തില്‍ ആവശ്യമാണെന്ന് യുഎസ് മെത്രാന്മാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രഖ്യാപനം മാറ്റി വച്ചത്.
‘അഗാധമായ ദുഖത്തോടെ പെയോറിയ മെത്രാന്‍ ഡാനിയേല്‍ ജെങ്കി ഇക്കാര്യം അറിയിക്കുന്നു, ഫുള്‍ട്ടന്‍ ഷീനിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങ് നീട്ടി വച്ചിരിക്കുന്നു’ പെയോറിയ രൂപത പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ നവംബര്‍ 18ന് വത്തിക്കാനില്‍ നിന്നു വന്ന അറിയിപ്പനുസരിച്ച് ബിഷപ്പ് ഷീനിന്റെ വാഴ്ത്തപ്പെടല്‍ ചടങ്ങ് ഡിസംബര്‍ 21 നടക്കും എന്നായിരുന്നു. എന്നാല്‍ യുഎസ് ബിഷപ്പ് കോണ്‍ഫറന്‍സിലെ ചില അംഗങ്ങള്‍ ഇതെ കുറിച്ച് പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചടങ്ങ് മാറ്റി വച്ചത്.
എന്നാല്‍ ബിഷപ്പ് ഷീനിന്റെ വിശുദ്ധിയെ കുറിച്ച് താന്‍ വളരെ ബോധ്യമുള്ളവനാണെന്ന് ബിഷപ്പ് ജെങ്കി അറിയിച്ചു. ഷീനിന്റെ വാഴ്ത്തപ്പെടല്‍ ചടങ്ങ് തീര്‍ച്ചയായും നടക്കുക തന്നെ ചെയ്യും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.