ഫുള്‍ട്ടന്‍ ജെ ഷീന്‍ ഡിസംബറില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയരും
പെയൊറിയ: ലോകപ്രശസ്ത വാഗ്മിയും ടെലിവിഷന്‍, റേഡിയോ സുവിശേഷപ്രഘോഷകനും ആയിരുന്ന ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിനെ ഡിസംബര്‍ 21 ാം തീയതി വാഴ്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും എന്ന് പെയോറിയ രൂപത അറിയിച്ചു. പെയോറിയയിലെ സെന്റ് മേരി ഓഫ് ഇമ്മാക്കുലേറ്റ് കത്തീഡ്രലില്‍ വച്ചായിരിക്കും ചടങ്ങ്.
ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍ പൗരോഹിത്യം സ്വീകരിച്ചതിന്റെ നൂറാം വര്‍ഷത്തിലാണ് അദ്ദേഹം വാഴ്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയരുന്നതെന്ന് ഒരു പ്രത്യേകതയുണ്ട്. 1919 സെപ്തംബര്‍ 20 നാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. ‘പിതാവിന്റെ പൗരോഹിത്യസ്വീകരണത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ പരിസമാപ്തിയില്‍ തന്നെ അദ്ദേഹം വാഴ്ത്തപ്പെടുന്നത് സമുചിമാണ്’ എന്ന് പെയോറിയ രൂപത പ്രസ്താവനയില്‍ പറയുന്നു.
1895 ല്‍ ജനിച്ച് ഷീന്‍ പൗരോഹിത്യം സ്വീകരിക്കുമ്പോള്‍ അദ്ദേഹത്തിന് 24 വയസ്സായിരുന്നു. 1951 ല്‍ അദ്ദേഹം ന്യൂയോര്‍ക്കിന്റെ സഹായമെത്രാനായി. 1966 ല്‍ റോച്ചസ്റ്ററിലെ മെത്രാനായി ഉയര്‍ത്തപ്പെട്ടു. 1950-60 കാലഘട്ടങ്ങളില്‍ അദ്ദേഹം നടത്തിയ ടെലിവിഷന്‍ പ്രഭാഷണങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു. ലൈഫ് ഈ വര്‍ത്ത് ലിവിംഗ് എന്ന പ്രഭാഷണപരമ്പര ദശലക്ഷക്കണത്തിന് ശ്രോതാക്കളെയാണ് ആകര്‍ഷിച്ചത്.