ദിവ്യകാരുണ്യത്തില്‍ വിശ്വാസം ഏറ്റു പറഞ്ഞ് അമേരിക്കന്‍ പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍
സോഷ്യല്‍ മീഡിയയെ പിടിച്ചു കുലുക്കിയ പ്രഭാഷണവുമായി പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍ ഫ്രാന്‍സിസ് ചാന്. ദിവ്യകാരുണ്യത്തില്‍ യേശു സത്യമായും എഴുന്നള്ളിയിരിക്കുന്നുവെന്നും അപ്പവും വീഞ്ഞു യേശുവിന്റെ യഥാര്‍ത്ഥ മാംസവും രക്തവുമായി മാറുന്നുണ്ടെന്നും ഫ്രാന്‍സിസ് ചാന് ഏറ്റു പറഞ്ഞതോടെ ഞെട്ടിപ്പോയത് പ്രൊട്ടസ്റ്റന്റ് ലോകമാണ്.
കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്കോയില്‍ ജനിച്ച ഫ്രാന്‍സിസ് ചാന് ഇവഞ്ചേലിക്കല്‍ പള്ളികളില്‍ പ്രഭാഷണം നടത്തുന്ന പ്രൊട്ടസ്റ്റന്റ് പാസ്റ്ററാണ്. 1994 ല്‍ അദ്ദേഹം കാലിഫോര്‍ണിയയിലെ സിമി വാലിയില്‍ കോര്‍ണര്‍ സ്റ്റോണ്‍ കമ്മ്യൂണിറ്റിയുടെ സ്ഥാപകനും ടീച്ചിംഗ് പാസ്റ്ററും ആയിരുന്നു.
‘1500 വര്‍ഷങ്ങള്‍ ക്രൈസ്തവ ലോകം പഠിപ്പിച്ചു കൊണ്ടിരുന്നതും വിശ്വസിച്ചു കൊണ്ടിരുന്നതും വി. കുര്‍ബാനയില്‍ യേശു സത്യമായും എഴുന്നള്ളിയിരിക്കുന്നു എന്നും യേശുവിന്റെ മാംസരക്തങ്ങള്‍ ദിവ്യകാരുണ്യത്തില്‍ സന്നിഹിതമാണെന്നും ആയിരുന്നു. എന്നാല്‍ 500 വര്‍ഷം മുമ്പ് ഒരാള്‍ വന്ന്ു പറയുന്നു, ദിവ്യകാരുണ്യം യേശുവിന്റെ ബലിയുടെ ഒരു പ്രതീകം മാത്രമാണെന്ന്. ‘ ഫ്രാന്‍സിസ് ചാന് പറയുന്നു. ഇക്കാര്യം മുമ്പ് തനിക്ക് അറിയില്ലായിരുന്നു എന്നും അദ്ദേഹം ഏറ്റു പറഞ്ഞു.
തന്റെ സഭയില്‍ യാതൊരു വിധത്തിലുള്ള വിഭാഗീയതയും ദൈവം ആഗ്രഹിക്കുന്നില്ല എന്നും ചാന് വ്യക്തമാക്കി. ആയിരത്തോളം വര്‍ഷങ്ങള്‍ ലോകത്തില്‍ ഒരേയൊരു സഭ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്നാകട്ടെ, 30000 ത്തലധികം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ലോകത്തിലുണ്ട്, പലരും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ കാര്യങ്ങളാണ് പഠിപ്പിക്കുന്നത്, ചാന് പറഞ്ഞു. എല്ലാ സഭകളും ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമാകുന്ന സഭകളുടെ ഐക്യത്തിനായി താന്‍ പ്രാര്‍ത്ഥിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.