സുവിശേഷപ്രവര്‍ത്തകന് നോബല്‍ സമ്മാനം ലഭിക്കുമോ?
ലോകം ഉറ്റു നോക്കുന്നത് അതാണ്. ആഫ്രിക്കയില്‍ സേവനം ചെയ്യുന്ന സുവിശേഷപ്രവര്‍ത്തകന് ലോകോത്തര പുരസ്‌കാരമായ നോബല്‍ സമ്മാനം ലഭിക്കുമോ? ആഫ്രിക്കയിലെ മഡഗാസ്‌കറിലെ മിഷനറിവൈദികനും സുവിശേഷപ്രവർത്തകനുമായ ഫാദർ പെദ്രോ ഒപേകയെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് ശുപാർശ ചെയ്തു.
മഡഗാസ്കറിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ലാസറിസ്റ്റ് സന്യാസ സമൂഹാംഗമായ മിഷനറി വൈദികനാണ് ഫാ. പെദ്രോ ഒപേക. അദ്ദേഹം നേതൃത്വം നല്കുന്ന ജീവകാരുണ്യ സംഘടനയായ അക്കാമാസൊവായെയും സമാധാന നൊബേലിനു ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്.
മുപ്പതു വർഷം മുന്പ് ഫാ. പെദ്രോ സ്ഥാപിച്ച അക്കാമസൊവാ (സൗഹൃദത്തിന്‍റെ നഗരം) കൂട്ടായ്മ വിദ്യാഭ്യാസം, ജോലി, പാർപ്പിടം എന്നിവയിലൂടെ പാവപ്പെട്ടവരുടെ ജീവിതാന്തസ് ഉയർത്താൻവേണ്ടി പരിശ്രമിക്കുന്നു. ഫ്രാൻസിസ് മാർപാപ്പ 2019 സെപ്റ്റംബറിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നടത്തിയ അപ്പസ്തോലിക സന്ദർശനത്തിനിടെ ഈ കൂട്ടായ്മയ്ക്കൊപ്പം സമയം ചെലവഴിച്ചിരുന്നു.
സ്ലോവേനിയൻ അഭയാർഥികളുടെ മകനായി അർജന്‍റീനയിൽ ജനിച്ച ഫാ. പെദ്രോ ചെറുപ്പകാലത്തുതന്നെ വിവിധ രാജ്യങ്ങൾ സന്ദർശിച്ചു സുവിശേഷ-ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 1975ൽ വൈദികനായ അദ്ദേഹത്തെ മഡഗാസ്കറിന്‍റെ തലസ്ഥാനമായ അന്തനനാരിവോയിലെ വിൻസെൻഷ്യൻ തിയോളജിക്കൽ സെമിനാരിയുടെ ഡയറക്ടറായി നിയമിച്ചു. ഇക്കാലയളവിലാണ് അദ്ദേഹം ഇവിടത്തെ ചേരികളിലെ മനുഷ്യരുടെ ശോചനീയാവസ്ഥ അടുത്തറിഞ്ഞത്. വയറുനിറയ്ക്കാൻ കുപ്പത്തൊട്ടികൾ ചികയുന്ന മനുഷ്യരുടെ ഉന്നമനത്തിനായി അദ്ദേഹം കൂട്ടായ്മ സ്ഥാപിച്ചു. പ്രദേശവാസികളെ ഫാ. പെദ്രോ കൃഷിപ്പണി പഠിപ്പിച്ചു. കൂടാതെ, കുട്ടിയായിരിക്കേ പിതാവിൽനിന്നു പകർന്നുകിട്ടിയ കൽപ്പണി വൈദഗ്ധ്യവും പ്രദേശവാസികൾക്കു പകർന്നു. ഇതുവഴി അവർക്കു സ്വന്തമായി വീടുനിർമിക്കാൻ ശേഷിയുണ്ടായി.
ഫാ. പെദ്രോയെ ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിലെ പ്രതീക്ഷയുടെയും വിശ്വാസത്തിന്‍റെയും ദീപസ്തംഭം എന്നാണ് മഡഗാസ്കർ പ്രസിഡന്‍റ് ഹെറി വിശേഷിപ്പിച്ചിട്ടുള്ളത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.